അസ്മാര: ആഫ്രിക്കയില്‍ യു.എ.ഇ ‘തുറമുഖ സാമ്രാജ്യത്വം’ നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്ന് എറിത്രിയന്‍ വിദേശകാര്യ മന്ത്രി ഒസ്മാന്‍ സാലെഹ്. എത്യോപ്യ അടക്കമുള്ള രാജ്യങ്ങളുമായി ബന്ധപ്പെട്ട് യു.എ.ഇയും ഇസ്രഈലും തമ്മിലുള്ള ബന്ധം നിരീക്ഷിച്ച് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. മിഡില്‍ ഈസ്റ്റ് ഐക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.എ.ഇ ആഫ്രിക്കന്‍ തുറമുഖങ്ങളില്‍ നിക്ഷേപം നടത്തുന്നതിനും തുറമുഖങ്ങള്‍ നടത്തിക്കൊണ്ട് പോകുന്നതിനും പിന്നില്‍ സാമ്പത്തിക ലാഭത്തിനപ്പുറം ലക്ഷ്യങ്ങളുണ്ടെന്നും സാലെഹ് പറഞ്ഞു. തങ്ങളുടെ സാമ്രാജ്യത്വ ലക്ഷ്യങ്ങള്‍ നടപ്പാക്കാനായാണ് യു.എ.ഇ തുറമുഖങ്ങളിലെ പങ്കാളിത്തത്തിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈ മേഖലയിലാകെ യു.എ.ഇക്ക് തുറമുഖവും അനുബന്ധ സൗകര്യങ്ങളുമുണ്ട്. എന്തുകൊണ്ടാണ് ഇതെന്ന് ആഫ്രിക്കന്‍ രാജ്യങ്ങള്‍ ചോദിക്കേണ്ടതുണ്ട്. യു.എ.ഇ തുറമുഖങ്ങളുണ്ടാക്കുന്നത് സാമ്പത്തിക ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമാണോയെന്നും അദ്ദേഹം ചോദിച്ചു.
യു.എ.ഇയുടെ രണ്ട് തുറമുഖ കമ്പനികളായ ഡി.പി വേള്‍ഡ്, എ.ഡി പോര്‍ട്‌സ് എന്നിവയ്ക്ക് വിവിധ ആഫ്രിക്കന്‍ തുറമുഖങ്ങളില്‍ നിക്ഷേപമോ നടത്തിപ്പ് ചുമതലയോ ഉണ്ടെന്ന് മിഡില്‍ ഈസ്റ്റ് ഐയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഈജിപ്ത്, ടാന്‍സാനിയ എന്നിവിടങ്ങളിലെ തുറമുഖങ്ങള്‍ ഇതിലുള്‍പ്പെടുന്നു.
സൊമാലിയയില്‍ നിന്ന് വേര്‍പിരിഞ്ഞതും ഇസ്രഈല്‍ മാത്രം അംഗീകരിച്ചതുമായ സൊമാലിലാന്‍ഡിലും സൊമാലിയയിലെ ഭാഗിക സ്വയം ഭരണമേഖലയായ പുന്റ്‌ലാന്‍ഡിലും യു.എ.ഇക്ക് തുറമുഖങ്ങളില്‍ നിക്ഷേപമോ അവയുടെ നടത്തിപ്പ് ചുമതലയോ ഉണ്ട്. സോമാലിലാന്റിലെ ബെര്‍ബെറ തുറമുഖം പോലുള്ളവയില്‍ വലിയ തോതിലുള്ള സൈനിക സാന്നിധ്യവും ഒപ്പമുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
യു.എ.ഇയുടെ നിക്ഷേപങ്ങളെ ചില ആഫ്രിക്കന്‍ രാജ്യങ്ങള്‍ സ്വാഗതം ചെയ്യുമ്പോള്‍ ചില രാജ്യങ്ങളില്‍ നിന്ന് എതിര്‍പ്പുയര്‍ന്നെന്നും മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ടില്‍ പറയുന്നു. ഡി.പി വേള്‍ഡ് കമ്പനിക്ക് നല്‍കിയിരുന്ന കരാര്‍ 2018-ല്‍ ജിബൂട്ടി റദ്ദാക്കിയിരുന്നു. 2022ല്‍ എ.ഡി. പോര്‍ട്‌സുമായുള്ള ഒരു തുറമുഖ നിര്‍മാണ കരാര്‍ സുഡാന്‍ സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. സുഡാനില്‍ ചെങ്കടല്‍ തീരത്ത് ആറ് ബില്യണ്‍ ഡോളറില്‍ തുറമുഖം നിര്‍മിക്കാനുള്ള കരാറായിരുന്നു റദ്ദാക്കിയത്.
എറിത്രിയയില്‍ ഡി.പി വേള്‍ഡ് തുറമുഖം വരുന്നത് തങ്ങള്‍ അംഗീകരിക്കുന്നില്ലെന്നും ഒസ്മാന്‍ സാലെഹ് അറിയിച്ചു. എറിത്രിയയില്‍ ഒരു വിദേശ ശക്തിക്കും താവളം ഉണ്ടാകുന്നത് തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കിഴക്കന്‍ ആഫ്രിക്കന്‍ മേഖലയുമായി ബന്ധപ്പെട്ട് യു.എ.ഇയും എറിത്രിയയും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ട്. എത്യോപ്യയുടെ കാര്യത്തില്‍ ഇസ്രഈലും യു.എ.ഇയും തമ്മിലുള്ള സഹകരണം വര്‍ധിക്കുന്നതായാണ് എറിത്രിയന്‍ സര്‍ക്കാര്‍ കാണുന്നതെന്നും മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ടില്‍ പറയുന്നു.
സൊമാലി ലാന്‍ഡില്‍ യു.എ.ഇയും ഇസ്രഈലും ഇതിനകം സാന്നിദ്ധ്യം ഉറപ്പിച്ചുവെന്ന് ഒസ്മാന്‍ സാലെഹ് അഭിമുഖത്തില്‍ പറഞ്ഞു. തങ്ങള്‍ക്ക് ഇസ്രഈല്‍ സൈനിക സാന്നിദ്ധ്യം വേണമെന്ന് സൊമാലി ലാന്‍ഡ് അധികൃതര്‍ പരസ്യമായി അഭിപ്രായപ്പെട്ടത് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇസ്രഈലിനെ പോലെ എത്യോപ്യന്‍ പ്രധാനമന്ത്രി അബീയ് അഹമ്മദിനും രണ്ട് ജലാശയങ്ങള്‍ക്കിടയിലെ ഭൂപ്രദേശങ്ങള്‍ സ്വന്തമാക്കാനുള്ള ലക്ഷ്യങ്ങളുണ്ട്. അഹമ്മദിന് അത് നൈല്‍ മുതല്‍ ചെങ്കടല്‍ വരെയാണ്. ഗാസ മുനമ്പ് മുതല്‍ അധിനിവേശ വെസ്റ്റ് ബാങ്കിന്റെ അതിര്‍ത്തിയിലുള്ള ജോര്‍ദാന്‍ നദി വരെ വ്യാപിച്ചുകിടക്കുന്ന ഇസ്രഈലിന്റെ അധിനിവേശ നീക്കങ്ങളെ സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ഹോണ്‍ ഓഫ് ആഫ്രിക്ക എന്നറിയപ്പെടുന്ന പ്രദേശങ്ങളില്‍ നിയന്ത്രണത്തിനായി ഇസ്രഈല്‍ എന്തുകൊണ്ടാണ് ഇത്രയധികം ഉത്സാഹിക്കുന്നതെന്ന് ഒസ്മാന്‍ സാലെഹ് ചോദിച്ചു. സോമാലിലാന്റില്‍ അവര്‍ക്ക് എന്തിനാണ് ഒരു സൈനിക താവളമെന്നും അദ്ദേഹം ചോദിച്ചു.
ഇസ്രായേലും യു.എ.ഇയും എത്യോപ്യയെ കേന്ദ്രീകരിച്ച് ഒത്തുചേരുന്നത് എറിത്രിയ നിരീക്ഷിക്കുന്നുണ്ടെന്നും സാലിഹ് പറഞ്ഞു. ‘അവര്‍ ഇതിനകം തന്നെ സോമാലിലാന്റില്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പിച്ചുകഴിഞ്ഞു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമീപകാലത്ത്, യു.എ.ഇയുടെ പ്രധാന സഖ്യകക്ഷിയായി എത്യോപ്യ മാറിയിരുന്നു. എത്യോപ്യന്‍ പ്രധാനമന്ത്രി അഹമ്മദിന് യുഎഇ ഭരണാധികാരിയുമായി അടുത്ത ബന്ധമാണുള്ളത്. യു.എ.ഇയില്‍ നിന്നുള്ള ഡ്രോണുകളും മറ്റ് ആയുധ സംവിധാനങ്ങളും എത്യോപ്യ ഉപയോഗിക്കുന്നതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Content Highlight: UAE pursuing ‘port imperialism’ across Africa, Eritrean foreign minister says