| Tuesday, 12th May 2026, 8:24 am

യു.എ.ഇയും ഇറാനില്‍ വ്യോമാക്രമണങ്ങള്‍ നടത്തി; റിഫൈനറി ആക്രമിച്ചത് യു.എ.ഇയെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദുബായ്: യു.എസ് – ഇറാന്‍ സംഘര്‍ഷങ്ങളുടെ ഭാഗമായി യു.എ.ഇ ഇറാനില്‍ വ്യോമാക്രമണങ്ങള്‍ നടത്തിയെന്ന് യു.എസ് മാധ്യമമായ വാള്‍ സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട്. ഈ വിഷയത്തെക്കുറിച്ച് നേരിട്ട് അറിവുള്ളവരില്‍ നിന്നാണ് ആക്രമണം സംബന്ധിച്ച വിവരം ലഭിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏപ്രിലില്‍ ഇറാനിലെ ലവാന്‍ ദ്വീപിലെ റിഫൈനറിയിലുണ്ടായ ആക്രമണം നടത്തിയത് യു.എ.ഇയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. യു.എ.ഇയുടെ ഇടപെടലുകളെ യു.എസ് രഹസ്യമായി പിന്തുണക്കുന്നതായും വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇറാനില്‍ ആക്രമണം നടത്തിയെന്ന് യു.എ.ഇ ഇതുവരെ പരസ്യമായി സമ്മതിച്ചിട്ടില്ല. യു.എസ്-ഇസ്രഈല്‍ സൈനിക ലക്ഷ്യങ്ങള്‍ക്കൊപ്പം യു.എ.ഇയും പ്രവര്‍ത്തിക്കുന്നുവെന്ന വാദങ്ങളെ ശക്തിപ്പെടുത്തുന്നതാണ് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട്.

ഏപ്രിലിലെ റിഫൈനറി ആക്രമണത്തെക്കുറിച്ച് ശത്രുക്കളുടെ ആക്രമണം എന്നാണ് ഇറാന്‍ പ്രതികരിച്ചത്. ആക്രമണത്തില്‍ റിഫൈനറിയില്‍ വലിയ തീപ്പിടിത്തവും നാശനഷ്ടങ്ങളും സംഭവിച്ചുവെന്നാണ് വിവരം. മാസങ്ങളോളം ഈ റിഫൈനറിയുടെ പ്രവര്‍ത്തനം നിര്‍ത്തേണ്ടി വരുന്നതടക്കമുള്ള പ്രത്യാഘാതങ്ങളുണ്ടാക്കിയ ആക്രമണമായിരുന്നു ലവാന്‍ ദ്വീപിലേതെന്നും വിലയിരുത്തപ്പെടുന്നു.

ഈ ആക്രമണത്തിന് ശേഷം യു.എ.ഇയെ ലക്ഷ്യമിട്ട് ഇറാന്‍ പ്രത്യാക്രമണങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. യു.എ.ഇയിലെ വ്യോമഗതാഗതം തടസപ്പെടുന്നതിനും ടുറിസം റിയല്‍ എസ്റ്റേറ്റ് ബിസിനസുകളില്‍ ഇടിവ് വരുന്നതിനും അത് കാരണമായി.

യു.എ.ഇയുടെ സമ്പദ് വ്യവസ്ഥയ്ക്ക് അന്നത്തെ സംഘര്‍ഷാവസ്ഥ വലിയ ആഘാതമുണ്ടാക്കിയിരുന്നു. ദുബായ്, അബൂദബി ഓഹരി വിപണികളില്‍ വലിയ നഷ്ടമാണ് അന്നുണ്ടായത്. 18,400ലധികം വിമാന സര്‍വീസുകള്‍ ഈ കാലയളവില്‍ യു.എ.ഇയില്‍ റദ്ദാക്കുകയും ചെയ്തിരുന്നു.\

മാര്‍ച്ച് പകുതിയോടെ തന്നെ യു.എസ്-ഇറാന്‍ സംഘര്‍ഷത്തില്‍ യു.എ.ഇ സജീവ ഇടപെടല്‍ നടത്തുന്നുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇറാനിയന്‍ മേഖലയിലെ വ്യോമപരിധിയില്‍ തിരിച്ചറിയാത്ത ഒരു യുദ്ധവിമാനമെത്തിയതിന്‌റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതിനെത്തുടര്‍ന്നായിരുന്നു അത്. യു.എസ്, ഇസ്രഈല്‍ വിമാനങ്ങളില്‍ നിന്ന് വ്യത്യസ്തമായിരുന്നു വീഡിയോ ദൃശ്യങ്ങളിലുണ്ടായിരുന്ന യുദ്ധ വിമാനം.

മാര്‍ച്ച് പകുതിയില്‍ തന്നെ ഷിറാസ് നഗരത്തിന് സമീപം ഒരു ചൈനീസ് നിര്‍മിത വിങ് ലൂങ് II ഡ്രോണ്‍ ഇറാന്‍ സൈന്യം വെടിവച്ചിട്ടതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ ഡ്രോണ്‍ യു.എ.ഇയോ സൗദിയോ ആക്രമണങ്ങളില്‍ പങ്കാളികളായി ഇറാനിലേക്ക് അയച്ചതാണെന്ന തരത്തില്‍ അന്ന് അഭ്യൂഹങ്ങളുയര്‍ന്നിരുന്നു.

Content Highlights: UAE has been secretly carrying out attacks on Iran, WSJ reports

We use cookies to give you the best possible experience. Learn more