| Tuesday, 6th October 2026, 6:22 pm

ഫ്‌ളൈദുബായ് സംഭവം; സഹപൈലറ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇസ്രഈലിന് നേരത്തെ കൈമാറിയിരുന്നു; വെളിപ്പെടുത്തലുമായി ഉദ്യോഗസ്ഥര്‍

റെന്വര്‍ പി

ദുബായ്: സെപ്തംബര്‍ 30ന് ദുബായില്‍ നിന്ന് ബെന്‍ ഗ്വിറോണിലേക്ക് പോവുകയായിരുന്ന ഫ്‌ളൈദുബായ് വിമാനത്തില്‍ പൈലറ്റിനെ ആക്രമിച്ച സഹ പൈലറ്റ് അടക്കമുള്ള ജീവനക്കാരെ കുറിച്ചുള്ള വിവരങ്ങള്‍ യു.എ.ഇ അധികൃതര്‍ ഇസ്രഈലുമായി പങ്കുവെച്ചിരുന്നെന്ന് വെളിപ്പെടുത്തല്‍. പ്രാദേശിക ഉദ്യോഗസ്ഥര്‍ ഈ കാര്യം വെളിപ്പെടുത്തിയതായി അസോസിയേറ്റഡ് പ്രസ് (എ.പി) റിപ്പോര്‍ട്ട് ചെയ്തു.

ആക്രമണം നടത്തിയ വ്യക്തി എങ്ങനെ പരിശോധനകളില്‍ നിന്ന് രക്ഷപ്പെട്ടു എന്നതിനെക്കുറിച്ച് ഇത് പുതിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ഇസ്രഈലുമായി നയതന്ത്ര ബന്ധമില്ലാത്ത അറബ് രാജ്യമായ ഒമാനിലെ ഒരു പൗരന്, ഇസ്രഈലികളുമായി ടെല്‍ അവീവിലേക്ക് വിമാനം പറത്താന്‍ എങ്ങനെ അനുമതി ലഭിച്ചു എന്നതും വ്യക്തമല്ല. ഫ്‌ളൈദുബായ് സംഭവത്തിന് മുമ്പായി യാത്രക്കാരെയും ജീവനക്കാരെയും കുറിച്ച് ഇസ്രഈല്‍ ആശങ്കയൊന്നും ഉന്നയിച്ചിരുന്നില്ലെന്ന് എ.പിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

തീവ്രവാദപരമായ കാഴ്ചപ്പാടുകള്‍ കാരണം ഒമാനി സഹ-പൈലറ്റിനെ സ്വന്തം രാജ്യം വിമാനം പറത്തുന്നതില്‍ നിന്ന് വിലക്കിയിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ഈ സഹ പൈലറ്റ് വിമാനത്തിന്റെ കോക്പിറ്റിലെ ‘ക്രാഷ് ആക്‌സ്’ ഉപയോഗിച്ചാണ് പൈലറ്റിനെ ആക്രമിച്ചതെന്നാണ് യു.എ.ഇയുടെ അന്വേഷണത്തില്‍ പറയുന്നത്.

ഈ സമയത്ത് പൈലറ്റ് കോക്പിറ്റിന്റെ വാതില്‍ തുറന്നതിനെത്തുടര്‍ന്ന് യാത്രക്കാരും മറ്റുള്ളവരും ഓടിയെത്തി ആക്രമിയെ കീഴ്‌പ്പെടുത്തുകയായിരുന്നുവെന്നാണ് വിമാനത്തിലുണ്ടായിരുന്നവരുടെ മൊഴികള്‍. വിമാനത്തിലെ ഇന്ത്യക്കാരനായ പൈലറ്റും ഈ കാര്യം വ്യക്തമാക്കിയിരുന്നു.

യാത്രക്കാരുടെയും ജീവനക്കാരുടെയും പൗരത്വം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ എമിറാത്തി അധികൃതര്‍ പങ്കുവെച്ചിരുന്നതായി ഇസ്രഈലിലെ പ്രാദേശിക ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടുണ്ട്. അന്വേഷണത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കാന്‍ ഔദ്യോഗിക അനുമതിയില്ലാത്തതിനാല്‍ പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെയാണ് ഇസ്രഈല്‍ ഉദ്യോഗസ്ഥര്‍ ഈ കാര്യം പറഞ്ഞതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

വിദേശ വിമാനങ്ങളിലെ യാത്രക്കാരുടെ പട്ടിക പരിശോധിക്കുന്നതിന്റെ ഉത്തരവാദിത്തം ഗതാഗത മന്ത്രാലയത്തിനാണെന്ന് ഇസ്രഈലിന്റെ ആഭ്യന്തര സുരക്ഷാ ഏജന്‍സിയായ ഷിന്‍ ബെറ്റ് പ്രതികരിച്ചിരുന്നു. വിമാന സുരക്ഷയുടെ ഉത്തരവാദിത്തം സുരക്ഷാ ഏജന്‍സികള്‍ക്കാണെന്ന് ഗതാഗത മന്ത്രി മിരി റെഗെവ് എക്‌സ് പോസ്റ്റില്‍ പറയുകയും ചെയ്തിരുന്നു. യാത്രക്കാരുടെ പട്ടികയോ മുന്നറിയിപ്പുകളോ തന്റെ മന്ത്രാലയത്തിന് ലഭിച്ചിരുന്നില്ലെന്നും ഗതാഗത മന്ത്രി മിരി റെഗെവ് പറഞ്ഞിരുന്നു.

യാത്രക്കാരുടെ പട്ടിക പങ്കുവെക്കുന്നത് വ്യോമയാന രംഗത്തെ സാധാരണ നടപടിക്രമമാണ്. എന്നാല്‍, ഓരോ വിമാനത്തിലെയും ഓരോ യാത്രക്കാരനെയും പരിശോധിക്കാനുള്ള സംവിധാനമോ ശേഷിയോ തങ്ങള്‍ക്കില്ലെന്നും പ്രാദേശിക സുരക്ഷാ പരിശോധനകളെയാണ് ആശ്രയിക്കുന്നതെന്നും ഗതാഗത മന്ത്രാലയത്തിലെ വ്യോമയാന സുരക്ഷാ വിഭാഗം മേധാവി ദ്വിര്‍ റൂബന്‍സ്റ്റീന്‍ ആര്‍മി റേഡിയോയോട് പറയുകയും ചെയ്തിരുന്നു.

ഒമാന്‍ പോലുള്ള, ഇസ്രഈലുമായി ഔദ്യോഗിക നയതന്ത്ര ബന്ധമില്ലാത്ത രാജ്യങ്ങളിലെ പൗരന്മാരായ പൈലറ്റുമാര്‍ക്ക് ഇസ്രഈലിലേക്കുള്ള വിമാനങ്ങള്‍ പറത്താന്‍ അനുവാദമില്ലെന്ന് അവരുടെ വ്യോമയാന ചട്ടങ്ങള്‍ പറയുന്നു. ഇസ്രഈലുമായി നയതന്ത്രബന്ധമില്ലാത്ത രാജ്യങ്ങളിലെ പൗരന്മാരായ പൈലറ്റുമാര്‍ ഇസ്രായേലിലേക്ക് വിമാനം പറത്തുന്നത് തടയുന്നതിനായി വിദേശ വിമാനക്കമ്പനികളുമായി ദീര്‍ഘകാല കരാറുകള്‍ നിലവിലുണ്ടെന്ന് നെതന്യാഹുവും നേരത്തെ വ്യക്തമാക്കുകയും ചെയ്തിരുന്നു.

വലിയൊരു ദുരന്തത്തിന് കാരണമായേക്കാമായിരുന്ന സുരക്ഷാ വീഴ്ചകളെക്കുറിച്ച് ഇസ്രഈലിലെ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ചോദ്യമുയരുന്നതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇവര്‍ക്കിടയില്‍ പരസ്പര ആരോപണങ്ങളും ഉയര്‍ന്നുതുടങ്ങിയെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഒമാനി പൈലറ്റുമായി ബന്ധപ്പെട്ട സുരക്ഷാ ഭീഷണി തിരിച്ചറിയുന്നതില്‍ ഫ്‌ളൈദുബായ് എങ്ങനെ പരാജയപ്പെട്ടു എന്നതാണ് ഈ വിഷയത്തില്‍ ഉയരുന്ന മറ്റൊരു ചോദ്യം.

അതേസമയം, ആക്രമണം നടത്തിയ ഒമാന്‍ സ്വദേശി ഒരു ‘ലോണ്‍ വുള്‍ഫ്’ (ഒറ്റയ്ക്ക് പ്രവര്‍ത്തിക്കുന്ന) തീവ്രവാദിയായിരുന്നുവെന്ന് ഇസ്രഈലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹമാം അല്‍-ഹമ്മാമി എന്നാണ് പല റിപ്പോര്‍ട്ടുകളിലും ഇയാളുടെ പേര് പരാമര്‍ശിക്കപ്പെട്ടത്. യു.എ.ഇയില്‍ ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

Content Highlight: UAE had shared FlyDubai flight details with Israel, including info on pilots, officials say

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

Latest Stories

We use cookies to give you the best possible experience. Learn more