ലണ്ടൻ: ബ്രിട്ടിഷ് മുസ്‌ലിം ആക്ടിവിസ്റ്റ് അനസ് അൽറ്റിക്രിറ്റിയെ നിരീക്ഷിക്കാൻ യു.എ.ഇ ദശലക്ഷക്കണക്കിന് ഡോളറുകൾ ഒരു ഹംഗേറിയൻ ഇസ്രഈലി പൗരന് നൽകിയെന്ന് ബ്രിട്ടീഷ് മാധ്യമമായ ഐ.ടി.വി ന്യൂസ്. ഹംഗറി-ഇസ്രഈൽ ഇരട്ട പൗരത്വമുള്ള അബ്രഹാം ഗൊളാൻ എന്നയാൾക്കാണ് ഈ തുക യു.എ.ഇ നൽകിയതെന്ന് ഐ.ടിവിയുടെ അന്വേഷണാത്മക റിപ്പോർട്ടിൽ പറയുന്നു.
പ്രൈവറ്റ് സെക്യൂരിറ്റി കമ്പനിയായ സ്പാർ ഓപ്പറേഷൻസ് ഗ്രൂപ്പിന്റെ സ്ഥാപകനാണ് അബ്രഹാം ഗൊളാൻ. ലണ്ടനിലെ കോർഡോബ ഫൗണ്ടേഷൻ തിങ്ക് ടാങ്കിന്റെ ചീഫ് എക്സിക്യൂട്ടീവും സാമൂഹ്യ പ്രവർത്തകനും ചിന്തകനുമായ അനസ് അൽറ്റിക്രിറ്റിയെ നിരീക്ഷിക്കാനായി ഗൊളാൻ 2016 ഡിസംബറിൽ ബ്രിട്ടണിലേക്ക് യാത്ര ചെയ്തുവെന്ന് ഐ.ടി.വി ന്യൂസിന്റെ റിപ്പോർട്ടിൽ പറയുന്നു.
യു.എ.ഇയിൽ നിന്നുള്ള സാമ്പത്തിക രേഖകൾ അടക്കം പരിശോധിച്ചാണ് ഗൊലാന് യു.എ.ഇ പണം നൽകിയതായി കണ്ടെത്തിയതെന്ന് ഐ.ടി.വിയുടെ റിപ്പോർട്ടിൽ പറയുന്നു. അൻറ്റിക്രിറ്റിക്കെതിരായ നിരീക്ഷണവുമായി ബന്ധപ്പെട്ട ഇമെയിൽ, വാട്സ്ആപ് സന്ദേശങ്ങളും ഐ.ടി.വി ന്യൂസ് പരിശോധിച്ചു. ഈ വിഷയത്തിലുള്ള സാക്ഷി മൊഴികൾ അടക്കമുള്ളയും ശേഖരിച്ചാണ് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയതെിന്നും ഐ.ടി.വി ന്യൂസ് അറിയിച്ചു.
യു.എസിൽ കഴിയുകയായിരുന്ന ഗൊലാന് അൽറ്റിക്രിറ്റിക്കെതിരായ ദൗത്യത്തിനായി യു.എ.ഇ ധനസഹായം നൽകുകയായിരുന്നു. പ്രതിവർഷം ആറക്ക സംഖ്യയായിരുന്നു ഡോളറിൽ പ്രതിഫലമായി നൽകിയത്. ഇതിന് പുറമെ ബോണസുകളും നൽകി. ലണ്ടനിലേക്കുള്ള യാത്രക്ക് മുമ്പ് യെമനിലെ ഒരു ദൗത്യത്തിനായി ഇയാൾക്ക് ഒരു ദശലക്ഷം ഡോളർ പ്രതിഫലവും നൽകിയിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.
യു.എസിലെ ഒരു സേനാ വിഭാഗത്തിലെ മുൻ അംഗത്തിനൊപ്പമാണ് അൽറ്റിക്രിറ്റിയെ കണ്ടെത്താനും നിരീക്ഷിക്കാനുള്ള നീക്കത്തിൽ ഗൊളാൻ പങ്കാളിയായത്. ഭീകര സംഘടനയായി പ്രഖ്യാപിച്ച ഏതെങ്കിലും സംഘടനകളുമായി അൽറ്റിക്രിറ്റിക്കും കോർഡോബ ഫൗണ്ടേഷനും ബന്ധമുണ്ടോ എന്നതടക്കമുള്ള വിഷയങ്ങൾ നിരീക്ഷണത്തിന്റെ പരിധിയിൽ ഉൾപ്പെട്ടിരുന്നു.
വിക്ടർ (യഥാർത്ഥ പേരല്ല) എന്ന ഒരു ബ്രിട്ടിഷ് നയതന്ത്ര വിദഗ്ധനെ 2016 നവംബറിൽ ഗൊളാൻ ബന്ധപ്പെടുകയും അനസ് അൽറ്റിക്രിറ്റിയുമായോ കോർഡോബ ഫൗണ്ടേഷനുമായോ ബന്ധപ്പെടാൻ വഴിയുണ്ടോ എന്ന് ചോദിക്കുകയും ചെയ്തിരുന്നു. ഗൊലാൻ വിക്ടറിന് ഇക്കാര്യത്തിനായി ആദ്യം 50,000 പൗണ്ടും, പിന്നീട് ഒരു ലക്ഷം പൗണ്ടും വാഗ്ദാനം ചെയ്തെന്നും ഐ.ടി.വി റിപ്പോർട്ട് ചെയ്തു.
ബ്രിട്ടീഷ് ആക്ടിവിസ്റ്റിന്റെ വീടിന്റെയും കാറിന്റെയും ചിത്രങ്ങൾ, ഭൂപടങ്ങൾ, ലൊക്കേഷന്റ ഉപഗ്രഹ ചിത്രങ്ങൾ തുടങ്ങിയവ ഗൊളാൻ ശേഖരിച്ചിരുന്നു. വീടിനും ജോലിസ്ഥലത്തിനുമിടയിലുള്ള അനസിന്റെ നീക്കങ്ങളുടെ വിശദാംശങ്ങളും ഗൊളാന്റെ പക്കലുണ്ടായിരുന്നതായി വിക്ടർ പറഞ്ഞു.
അനസ് അൽറ്റിക്രിറ്റിയെ ഇല്ലാതാക്കാനുള്ള സാധ്യത ഗൊലൻ ചർച്ച ചെയ്തതായും വിക്ടറിനെ ഉദ്ധരിച്ച് ഐ.ടി.വി ന്യൂസ് റിപ്പോർട്ട് ചെയ്തു. അനസിന് എന്ത് സംഭവിക്കുമെന്ന് ചോദിച്ചപ്പോൾ ഗൊലാന്റെ കൂട്ടാളിയും യു.സ് മുൻ സേനാംഗവുമായ ഒരാൾ കഴുത്തിന് മുന്നിൽ കൈവച്ച് ഒരു ആംഗ്യം കാണിച്ചു. അപ്പോൾ ഈ ദൗത്യത്തിൽ എന്തെല്ലാമാണ് ഉൾപ്പെട്ടിരിക്കുന്നതെന്ന് താൻ കൂടുതൽ ആശങ്കാകുലനായെന്നും വിക്ടർ പറഞ്ഞതായി ഐ.ടി.വി റിപ്പോർട്ട് ചെയ്തു.
പിന്നീട് ഒരു സന്ദേശത്തിൽ, ഈ ദൗത്യം ഒരു വലിയ ക്യാമ്പയിന്റെ ഭാഗമാണെന്ന് ഗോളാൻ സൂചിപ്പിക്കുന്നതായി തോന്നിയെന്നും വിക്ടർ പറഞ്ഞു. ഒരു യൂറോപ്പിലേക്ക് വരുന്നതെന്നും തങ്ങൾ ഒരു വലിയ പരിപാടിയുടെ തുടക്കത്തിലാണെന്നും വിക്ടറിനുള്ള സന്ദേശത്തിൽ ഗൊളാൻ പറഞ്ഞിരുന്നു. എന്നാൽ അത് എന്തിനെക്കുറിച്ചാണെന്ന് ആ സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നില്ല.
ഗൊളാൻ പിന്നീട് യു.കെയിൽ നിന്ന് യു.എസിലേക്ക് പോയി. യു.എസിലേക്ക് പോയാലും ദൗത്യം തുടരുമെന്നാണ് തന്നോട് ഗൊളാൻ പറഞ്ഞതെന്നും വിക്ടർ ഐ.ടി.വി ന്യുൂസിനോട് പറഞ്ഞു. ഗൊളാന്റെ സംഘം ലണ്ടനിൽ തന്നെ തുരുമെന്നും അന്ന് ഗൊളാൻ വിക്ടറിനോട് പറഞ്ഞിരുന്നു. ആ ദൗത്യത്തിൽ ഒരു കൊലപാതകത്തിന് സാധ്യതയുള്ളതിനാൽ താൻ അതിൽ നിന്ന് പിന്മാറിയെന്നും വിക്ടർ പറഞ്ഞതായി ഐ.ടി.വി ന്യൂസ് റിപ്പോർട്ട് ചെയ്ത.
അതേസമയം, 2010കളുടെ പകുതിയിൽ മുസ്‌ലിം ബ്രദർഹുഡ് വിഷയത്തിൽ യു.കെയും യു.എ.ഇയും തമ്മിൽ തർക്കം തുടരുന്ന സമയത്താണ് അനസ് അൽറ്റിക്രിറ്റിക്കെതിരായ ഗൊളാന്റെ ദൗത്യമെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
മുസ്‌ലിം ബ്രദർഹുഡ് തങ്ങളുടെ രാഷ്ട്രീയ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നുവെന്ന് ആ സമയത്ത് യു.എ.ഇ ആരോപിച്ചിരുന്നു. കോർഡോബ ഫൗണ്ടേഷന് ബ്രദർഹുഡുമായി ബന്ധമുണ്ടെന്നും യു.എ.ഇ വിശ്വസിച്ചിരുന്നു. അൽതിക്രിതിയുടെ പിതാവ് ഒസാമ അൽതിക്രിതി ബ്രദർഹുഡുമായി ബന്ധമുള്ള ഇറാഖി ഇസ്‌ലാമിക് പാർട്ടിയുടെ തലവനായി ഒരിക്കൽ സേവനമനുഷ്ഠിച്ചിരുന്നു എന്നതായിരുന്നു അതിന് ന്യായീകരണമായി യു.എ.ഇ ഉന്നയിച്ച വാദം. എന്നാൽ ബ്രദർഹുഡ് ബന്ധം കോർഡോബ ഫൗണ്ടേഷൻ നിരന്തരം നിഷേധിച്ചിട്ടുണ്ട്.
Content Highlight: UAE-funded mercenary targeted British activist in London, report