അബുദാബി: വ്യോമപാത പൂർണമായി തുറന്ന് യു.എ.ഇ, നിയന്ത്രണങ്ങൾ പൂർണമായും നീക്കി സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ ഉത്തരവ്. ഔദ്യോഗിക വാർത്താ ഏജൻസിയായ വാം ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
വ്യോമ ഗതാഗതത്തിലെ നിയന്ത്രണങ്ങൾ നീക്കിയതോടെ ഇന്ത്യൻ വിമാന കമ്പനികൾക്കുൾപ്പെടെ പഴയനിലയിൽ സർവീസ് നടത്താനാകും. നാട്ടിലേക്ക് മടങ്ങിവരാനാകാതെ വിദേശത്ത് കുടുങ്ങിപ്പോയ പ്രവാസികൾക്കും ആശ്വാസം പകരുന്നതാണ് ഏവിയേഷൻ മന്ത്രാലയത്തിന്റെ ഉത്തരവ്.
സുരക്ഷാപരമായ സാഹചര്യങ്ങൾ സമഗ്രമായി വിലയിരുത്തിയ ശേഷവും, ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ചുമാണ് ഈ തീരുമാനമെടുത്തതെന്ന് ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
വ്യോമയാന സുരക്ഷ ഉറപ്പാക്കുന്നതിനായി തത്സമയ നിരീക്ഷണം തുടരുമെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.
ഫെബ്രുവരി 28 ന് യു.എ.ഇയ്ക്കും മറ്റ് ഗൾഫ് രാജ്യങ്ങൾക്കും നേരെ ഇറാൻ പ്രത്യാക്രമണം ആരംഭിച്ചതിനെത്തുടർന്ന് സുരക്ഷാ നടപടിയെന്ന നിലയിൽ വ്യോമാതിർത്തി അടയ്ക്കുകയും വിമാനയാത്രയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
കേരളത്തിലെ മുഴുവൻ വിമാനത്താവളങ്ങളിലേക്കും സർവീസുകൾ വർധിപ്പിക്കാനാകുമെന്നത് മലയാളി പ്രവാസികൾക്ക് ആശ്വാസകരമാണ്. വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് ടിക്കറ്റ് നിരക്കുകൾ കുറയാൻ കാരണമാകുമെങ്കിലും ആഗോള വിപണിയിൽ വിമാന ഇന്ധനത്തിന്റെ വില വർധിച്ചതിനാൽ നിരക്കുകൾ മാറ്റമില്ലാതെ തുടരാൻ സാധ്യത ഉണ്ടെന്നും വിദഗ്ദ്ധർ വിലയിരുത്തുന്നുണ്ട്.
പത്തോളം വിമാനകമ്പനികൾ സർവീസ് നടത്തിയിരുന്ന കോഴിക്കോട് വിമാനത്താവളത്തിൽ നിലവിൽ രണ്ട് കമ്പനികൾ മാത്രമാണ് സർവീസ് നടത്തുന്നത്. നിലവിലെ നിയന്ത്രണങ്ങൾ നീക്കുന്നതോടെ കണക്ഷൻ ഫ്‌ളൈറ്റുകൾ അടക്കം സർവീസുകൾ പഴയനിലയിലാകും.
നിയന്ത്രണങ്ങൾ നിലനിന്ന കാലയളവിലുടനീളം യാത്രക്കാരും വിമാനക്കമ്പനികളും നൽകിയ സഹകരണത്തിന് അതോറിറ്റി നന്ദി രേഖപ്പെടുത്തി. എന്തെകിലും പ്രതിസന്ധിയുണ്ടായാൽ അവയെ നേരിടാൻ തങ്ങളുടെ സാങ്കേതിക പ്രവർത്തന വിഭാഗം സജ്ജമാണെന്നും പ്രസ്താവനയിൽ അറിയിച്ചു.
Content Highlight: UAE fully opens airspace; Airlines set to increase services, including to Kerala