| Saturday, 4th April 2026, 10:53 am

ഇറാനിയന്‍ സമൂഹം രാജ്യത്തിന്റെ അവിഭാജ്യ ഘടകം; പ്രവേശന വിലക്കെന്ന വാര്‍ത്തകള്‍ തള്ളി യു.എ.ഇ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദുബായ്: ഇറാനെതിരെ യു.എസും ഇസ്രഈലും സംയുക്താക്രമണം നടത്തിയതിന് പിന്നാലെ മേഖലയില്‍ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇറാനിയന്‍ പൗരന്മാരുടെ പ്രവേശനത്തിന് മന്ത്രാലയം നിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യു.എ.ഇ).

ഇറാനിയന്‍ പൗരന്മാരുടെ താമസവുമായി ബന്ധപ്പെട്ടും പ്രവേശന വിലക്കുമായി ബന്ധപ്പെട്ടും അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ കൃത്യമല്ലെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. രാജ്യത്തിന്റെ സാമൂഹിക ഘടനയുടെ അവിഭാജ്യ ഘടകമാണ് ഇറാനിയന്‍ സമൂഹമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

‘യു.എ.ഇയുടെ സാംസ്‌കാരിക വൈവിധ്യത്തിന് മാറ്റുകൂട്ടുന്ന ഇറാനിയന്‍ സമൂഹത്തെ രാജ്യം ആദരവോടെയാണ് കാണുന്നത്. രാജ്യത്തിന് അവര്‍ വലിയ സംഭാവനകള്‍ നല്‍കുന്നുണ്ട്,’ വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ മന്ത്രാലയം അറിയിച്ചു.

എല്ലാ താമസക്കാരുടെയും സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിട്ടുള്ള ചില നടപടിക്രമങ്ങള്‍ മാത്രമാണ് രാജ്യം പിന്തുടരുന്നത്. യുദ്ധസമയത്ത് വിദേശത്തായിരുന്ന പല ഇറാനികളുടെയും റെസിഡന്‍സി പെര്‍മിറ്റുകള്‍ രാജ്യം റദ്ദാക്കിയെന്നതുള്‍പ്പെടെയുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

സംഘര്‍ഷം രണ്ടാം മാസത്തിലേക്ക് കടന്നതോടെ ചില ഇറാനിയന്‍ പൗരന്മാര്‍ക്ക് രാജ്യത്ത് പ്രവേശിക്കുന്നതിനും സഞ്ചരിക്കുന്നതിനും നിയന്ത്രണങ്ങളുണ്ടെന്ന് ദുബായിലെ എമിറേറ്റ്സ് എയര്‍ലൈന്‍സും അബുദാബിയിലെ എത്തിഹാദ് എയര്‍വേയ്സും സൂചിപ്പിച്ചതായുള്ള റിപ്പോര്‍ട്ടുകളായിരുന്നു പുറത്തുവന്നത്.

ദീര്‍ഘകാല ‘ഗോള്‍ഡന്‍ വിസ’ ഉടമകള്‍, ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, മുതിര്‍ന്ന പ്രൊഫഷണലുകള്‍, ബാങ്ക് എക്‌സിക്യൂട്ടീവുകള്‍, നിക്ഷേപകര്‍, വ്യാപാരികള്‍, കായിക താരങ്ങള്‍, യു.എ.ഇ പൗരന്മാരായ സ്ത്രീകളുടെ പങ്കാളികളും മക്കളും തുടങ്ങി നിര്‍ദ്ദിഷ്ട വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ഈ നിയന്ത്രണങ്ങളില്‍ നിന്ന് ഇളവുണ്ടാകുമെന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.

നിലവില്‍ ഏകദേശം അഞ്ച് ലക്ഷത്തോളം ഇറാനിയന്‍ പ്രവാസികള്‍ യു.എ.ഇയില്‍ താമസിക്കുന്നുണ്ട്. ഇറാനുമായി ശക്തമായ വ്യാപാര ബന്ധം പുലര്‍ത്തുന്ന രാജ്യം കൂടിയാണ് യു.എ.ഇ.

ഫെബ്രുവരി 28 ന് ഇസ്രഈലും യു.എസും ഏകപക്ഷീയമായി ഇറാനെതിരെ ആക്രമണം നടത്തിയതോടെയാണ് മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം കടുത്തത്. ഇതിന് തിരിച്ചടിയായി ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ ബേസുകളും സൈനിക കേന്ദ്രങ്ങളും തകര്‍ത്തുകൊണ്ടായിരുന്നു ഇറാന്‍ പ്രത്യാക്രമണം നടത്തിയത്.

യു.എ.ഇ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, സംഘര്‍ഷം ആരംഭിച്ചതിനുശേഷം ബുധനാഴ്ച വരെ 438 ബാലിസ്റ്റിക് മിസൈലുകളും, 19 ക്രൂയിസ് മിസൈലുകളും, രണ്ടായിരത്തിലധികം ഡ്രോണുകളുമാണ് വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തത്.

വിമാനത്താവളങ്ങളെയും ഊര്‍ജ്ജ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് നടന്ന ഈ ആക്രമണങ്ങളില്‍ പതിനൊന്ന് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

ഈ സുരക്ഷാ വെല്ലുവിളികള്‍ നിലനില്‍ക്കുമ്പോഴും തങ്ങളുടെ നയം എല്ലാ വിഭാഗം ജനങ്ങളുടെയും സംരക്ഷണം ഉറപ്പാക്കുന്നതാണെന്നും യു.എ.ഇ ആവര്‍ത്തിച്ചു.

Content Highlight: UAE denies restricting entry of Iranian nationals

We use cookies to give you the best possible experience. Learn more