| Wednesday, 19th August 2026, 7:03 am

രാജ്യത്തേക്ക് ഇറാന്‍ രണ്ട് ബാലിസ്റ്റിക്ക് മിസൈലുകള്‍ വിക്ഷേപിച്ചതായി യു.എ.ഇ; ആരോപണം അടിസ്ഥാന രഹിതമെന്ന് ഇറാന്‍

നിഷാന. വി.വി

ദുബൈ: രാജ്യത്തെ ലക്ഷ്യമിട്ട് ഇറാന്‍ രണ്ട് ബാലിസ്റ്റിക്ക് മിസൈലുകള്‍ വിക്ഷേപിച്ചതായി യു.എ.ഇ. എന്നാല്‍ യു.എ.ഇയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് ഇറാന്റെ പ്രതികരണം.

ഇറാന്‍ മിസൈലുകള്‍ തങ്ങളുടെ സമുദ്ര ഗതാഗതത്തെ ലക്ഷ്യമിട്ടുള്ളതാണെന്നും ഇറാനുമായുള്ള എല്ലാ വ്യാപാര-വാണിജ്യ സാമ്പത്തിക ഇടപാടുകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നിര്‍ത്തിവെച്ചിരിക്കുന്നുവെന്നും യു.എ.ഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

‘പ്രാദേശികവും അന്തര്‍ദേശിയവുമായ സമാധാനത്തിനും സുരക്ഷയ്ക്കും തുരങ്കം വെക്കുന്ന പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ ഇറാനുമായുള്ള എല്ലാ വ്യാപാര വാണിജ്യ വിനിമയങ്ങളും സാമ്പത്തിക ഇടപാടുകളും ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നിര്‍ത്തിവെച്ചിരിക്കുന്നു,’ യു.എ.ഇുടെ പ്രസ്താവനയില്‍ പറയുന്നു.

ആദ്യത്തെ മിസൈല്‍ രാജ്യത്തിന്റെ സമുദ്രാതിര്‍ത്തിക്ക് പുറത്തും രണ്ടാമത്തെ മിസൈല്‍ സമുദ്രത്തിനകത്തും പതിച്ചുവെന്നും പറയുന്നു. യു.എ.ഇയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ മിസൈലുകളെ തകര്‍ത്തുന്നുവെന്നും നിലവില്‍ സുരക്ഷിതമാണെന്നും യു.എ.ഇ അറിയിച്ചു.

എന്നാല്‍ യു.എ.ഇയുടെ വാദങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും എല്ലാ പ്രദേശിക പാര്‍ട്ടികളും ഇത്തരത്തില്‍ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കണമെന്നുമായിരുന്നു ഇറാന്റെ പ്രതികരണം.

മിസൈല്‍ ആക്രമണത്തിന് മുന്നോടിയായി തന്നെ സുരക്ഷാ മുന്നറിയിപ്പ് വന്നിരുന്നു. ഏത് ഭീഷണിയേയും നേരിടാന്‍ രാജ്യം സുസജ്ജമാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.

മിസൈല്‍ മുന്നറിയിപ്പ് വന്ന ഏതാനും മിനിറ്റുകള്‍ രാജ്യത്തെ ജി.പി.എസ് സിഗ്‌നലുകള്‍ക്ക് തടസം നേരിട്ടതായി യാത്രക്കാര്‍ പറഞ്ഞു. ഇടവേളയ്ക്ക് ശേഷം ഫോണിലേക്ക് മിസൈല്‍ മുന്നറിയിപ്പ് വന്നപ്പോള്‍ ജനം പരിഭ്രാന്തിയിലായിരുന്നു. എന്നാല്‍ മിനിറ്റുകള്‍ക്കകം സുരക്ഷിതമാണെന്ന മുന്നറിയിപ്പ് വരികയും ചെയ്തു.

Content Highlight: UAE claims Iran launched two ballistic missiles at the country; Iran dismisses the allegation as baseless.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more