| Friday, 6th July 2012, 5:55 pm

ഇടതുപക്ഷമാണ് പൂര്‍ണമായും ശരിയെന്ന രീതിയില്‍ പ്രസ്താവന നടത്തിയിട്ടില്ല: യു.എ ഖാദര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഇടതുപക്ഷമാണ് പൂര്‍ണമായും ശരിയെന്ന രീതിയില്‍ താനിതുവരെ പ്രസ്താവന നടത്തിയിട്ടില്ലെന്ന് പുരോഗമന കലാ സാഹിത്യ സംഘം പ്രസിഡന്റ് യു.എ ഖാദര്‍. സത്യധാര ദൈ്വവാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് യു.എ ഖാദര്‍ ഇങ്ങനെ പറഞ്ഞത്.

“ഇന്നേവരെ ഇടതുപക്ഷ പ്രസ്ഥാനമാണ് പൂര്‍ണമായും ശരിയെന്ന രീതിയില്‍ എന്റെ ഒരു പ്രസ്താവനയും വന്നിട്ടില്ല. പുരോഗമനം ഇച്ഛിക്കുന്ന ഒരു മനുഷ്യസ്‌നേഹിയാണ് ഞാന്‍. അതിനു ഉടവ് തട്ടുന്ന രീതിയില്‍ ആരു പ്രവര്‍ത്തിച്ചാലും അത് ഉടവ് തന്നെയാണ്. എതിരാളികളെ നിഷ്‌കാസനം ചെയ്തു എന്നതല്ലാതെ, നീതി പീഠത്തിനു മുന്നില്‍ അവര്‍ യഥാര്‍ത്ഥ കുറ്റവാളികളാണെന്ന് പ്രസ്താവിക്കുന്ന രീതിയിലുള്ള ഒരു ജഡ്ജ്‌മെന്റും ഉണ്ടായിട്ടില്ല. ഇപ്പോള്‍ കുറ്റവാളികളാണെന്ന് ആരോപിക്കപ്പെടുകയാണ്. ഒരാള്‍ തിരഞ്ഞെടുപ്പ് പ്രസംഗത്തിനിടയില്‍ ആവേശം കയറി എന്തൊക്കെയോ വിളിച്ചു പറഞ്ഞു. അതെല്ലാം പാര്‍ട്ടി ചെയ്തതാണെന്ന് പറയുന്നത് ശരിയല്ല. അദ്ദേഹം അതില്‍ പ്രതിയായിരിക്കാം. പാര്‍ട്ടി അത്തരം ചെയ്തികളെ പ്രോത്സാഹിപ്പിക്കില്ലെന്ന് ഇപ്പോഴും വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. അങ്ങനെയൊന്ന് തെളിയിക്കപ്പെടുകയും അതിന്റെ കീഴ്ഘടകമാണ് പുരോഗമന കലാസാഹിത്യ സംഘമെന്ന് തെളിയിക്കപ്പെടുകയും ചെയ്താല്‍ അതിനോട് ആദ്യം സലാം പറയുക ഞാനായിരിക്കും.” അഭിമുഖത്തില്‍ യു.എ ഖാദര്‍ പറയുന്നു.

മുസ്‌ലീം എഴുത്തുകാര്‍ക്ക് കേരളത്തിലെ സാഹിത്യമേഖലയില്‍ അര്‍ഹിച്ച പ്രാധാന്യം ലഭിച്ചിരുന്നില്ലെന്നും യു.എ ഖാദര്‍ പറഞ്ഞു. പി.എ സെയ്ദ് മുഹമ്മദിനെപ്പോലെയുള്ള വലിയ ചരിത്ര ഗവേഷകന്‍മാര്‍ അവഗണിക്കപ്പെട്ടു. വൈക്കം മുഹമ്മദ് ബഷീറിനെപ്പോലെയുള്ളവര്‍ കേരളത്തിലെ സവര്‍ണമായ സാംസ്‌കാരിക മണ്ഡലത്തില്‍ കടന്നുകയറി കസേരയിടാന്‍ ശ്രമിച്ചവരാണ്. തന്റെ കാലത്ത് കസേരപോയിട്ട് ബെഞ്ച് പോലും കിട്ടിയിരുന്നില്ല. എഴുത്തുതുടങ്ങി എത്രയോ വര്‍ഷം കഴിഞ്ഞ് 1983 തനിക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് കിട്ടുന്നത്. തനിക്ക് തരാതിരിക്കാന്‍ യാതൊരു നിവൃത്തിയുമില്ലാതിരുന്നപ്പോഴാണ് തന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

“1954 മുതല്‍ ഇടതുപക്ഷ പ്രസ്ഥാനത്തോട്, കമ്മ്യൂണിസ്റ്റ് ആശയങ്ങളോടല്ല, ആഭിമുഖ്യം പുലര്‍ത്തുന്നയാളാണ് ഞാന്‍. അഞ്ച് വഖ്ത് നിസ്‌കരിക്കുകയും പള്ളിയില്‍ പോവുകയും ഹജ്ജ് നിര്‍വഹിക്കുകയും ചെയ്ത മുസ്‌ലിമാണ്. കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ പൂര്‍ണമായി മുഴുകിയ ഒരാള്‍ക്ക് മറ്റൊരു ആശയത്തോട് ഒത്തുപോകാന്‍ സാധിച്ചില്ലെന്ന് വരാം” ഖാദര്‍ പറയുന്നു.

“ഞാന്‍ എം.എസ്.എഫിന്റെ പ്രവര്‍ത്തകനായിരുന്നു. കൊയിലാണ്ടിയില്‍ അന്ന് തറവാട്ടുമഹിമയുടെ കാലമായിരുന്നു. ജന്മി നാടുവാഴിത്വ വ്യവസ്ഥയും തറവാട് കുടുംബങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. അതിലും താഴ്ന്നവര്‍ അധകൃതര്‍ എന്ന രീതിയിലല്ലെങ്കില്‍ പോലും ഒരുതരം അകറ്റപ്പെടുന്ന അവസ്ഥയിലായിരുന്നു. വലിയ ആളുകളുമായി നല്ല ബന്ധങ്ങള്‍ നിഷേധിക്കപ്പെട്ടവരും സഭയിലിരുത്താന്‍ പറ്റാത്തവരെന്ന നിലപാടിന്റെ ഇരകളായിരുന്നു. ബന്ധങ്ങളും കാര്യങ്ങളുമെല്ലാം നിശ്ചയിക്കപ്പെട്ടത് ഈ കുടുംബ മേധാവിത്വത്തിന്റെയും തടവാടിത്തത്തിന്റെയും പേരിലായിരുന്നു. പള്ളിതര്‍ക്കങ്ങള്‍ പോലും അതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഉണ്ടായിരുന്നത്. വലിയ തടവാട് മഹിമയുള്ളവരായിരിക്കും പള്ളികളുടെ മുതവല്ലിമാര്‍. അവരാണ് കാര്യങ്ങള്‍ നിയന്ത്രിക്കുക. അത് എന്നില്‍ പലകാരണങ്ങള്‍കൊണ്ടും അകല്‍ച്ച സൃഷ്ടിച്ചു. അങ്ങനെയാണ് പിന്നീട് സ്റ്റുഡന്‍സ് ഫെഡറേഷന്‍ പ്രവര്‍ത്തകുന്നത്.” ഖാദര്‍ വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more