| Wednesday, 23rd December 2009, 3:40 pm

യു എ ഖാദറിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

ഡൂള്‍ന്യൂസ് ഡെസ്‌ക്


ന്യൂദല്‍ഹി: 2009ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം പ്രശസ്ത എഴുത്തുകാരന്‍ യു. എ. ഖാദറിന്. അദ്ദേഹത്തിന്റെ തൃക്കോട്ടൂര്‍ പെരുമ എന്ന നോവലിനാണ് പുരസ്‌കാരം. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന പ്രസിഡന്റായ അദ്ദേഹം കൊയിലാണ്ടി സ്വദേശിയാണ്.

1935ല്‍ പഴയ ബര്‍മ്മയിലെ റംഗൂണില്‍ ബില്ലിന്‍ ഗ്രാമത്തിലാണ് ജനനം. പിതാവ് മൊയ്തീന്‍കുട്ടി ഹാജി. മാതാവ് ബര്‍മ്മാക്കാരിയായ മാമെദി. കൊയിലാണ്ടി ഗവണ്മെന്റ് സ്‌കൂളില്‍ നിന്ന് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മദ്രാസ് കോളേജ് ഓഫ് ആര്‍ട്ട്‌സില്‍ നിന്ന് ചിത്രകലയിലും പഠനം നടത്തി. 1955കാലം മുതല്‍ ആനുകാലികങ്ങളില്‍ എഴുതിത്തുടങ്ങി. നിരവധി മേഖലകളില്‍ ജോലി ചെയ്തു. 1990ലാണ് സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചത്.

തൃക്കോട്ടൂര്‍ പെരുമയ്ക്ക് 1983ല്‍ കേരള സാഹിത്യഅക്കാദമി പുരസ്‌കാരം ലഭിച്ചിരുന്നു. കേരള സാഹിത്യ അക്കാദമി, കേരള ലളിതകലാ അക്കാദമി, സാഹിത്യപ്രവര്‍ത്തക സഹകരണസംഘം എന്നിവിടങ്ങളില്‍ അംഗമായിരുന്നു. ഇംഗ്ലീഷ്, ഹിന്ദി, കന്നട, തമിഴ് ഭാഷകളില്‍ കഥകള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. അബുദാബി ശക്തി അവാര്‍ഡ്, എസ്.കെ. പൊറ്റെക്കാട്ട് അവാര്‍ഡ്, മലയാറ്റൂര്‍ അവാര്‍ഡ്, സി.എച്ച്. മുഹമ്മദ് കോയ സാഹിത്യ അവാര്‍ഡ് എന്നിവയും ലഭിച്ചിട്ടുണ്ട്. ഭാര്യ: ഫാത്തിമാ ബീവി.

പ്രധാനകൃതികള്‍: അഘോരശിവം, കൃഷ്ണമണിയിലെ തീനാളം, തൃക്കോട്ടൂര്‍ കഥകള്‍, കഥപോലെ ജീവിതം, കളിമുറ്റം, തൃക്കോട്ടൂര്‍ പെരുമ, ഒരു പടകാളിപ്പെണ്ണിന്റെ ചരിത്രം, നടവരമ്പുകളിലൂടെ, ചെമ്പവിഴവും ഓട്ടുവളയും, വള്ളൂരമ്മ, സ്വപ്നകുമ്പസാരം, ശത്രു, കലശം, ഖാദറിന്റെ പത്തുനോവലുകള്‍, ഒരുപിടി വറ്റ്, ഒരു മാപ്പിളപ്പെണ്ണിന്റെ ലോകം, റസിയ സുല്‍ത്താന, ചെങ്കോല്‍, ചങ്ങല, അനുയായി, സര്‍പ്പസന്തതി, പവന്മാറ്റ്, ആഴം, ഖുറൈഷികൂട്ടം, അറബിക്കടലിന്റെ തീരം, ഇണയുടെ വേദാന്തം, കൊടിമരച്ചുവട്ടിലെ മേളം, അരിപ്രാവിന്റെ പ്രേമം, മാണിക്യം വിഴുങ്ങിയ കാണാരന്‍, വായേപ്പാതാളം, പൂമരത്തളിരുകള്‍, കളിമുറ്റം, പന്തലായിനിയിലേക്ക് ഒരു യാത്ര, അടിയാധാരം, നാണിക്കുട്ടിയുടെ നാട്, സ്രഷ്ടാവിന്റെ ഖജാന, ഭഗവതി ചൂട്ട് (നോവലൈറ്റുകള്‍), ഇത്തിരി പൂമൊട്ടുകള്‍, കാട്ടിലെ കഥകള്‍, കോഴി മൂന്നുവെട്ടം കൂകും മുന്‍പ്, പ്രേമപൂര്‍വ്വം, കോയ, പൂക്കള്‍ വിരിയുമ്പോള്‍, ധന്യ, പൊങ്ങുതടികള്‍, ഖാദര്‍ കഥകള്‍, ഖാദറിന്റെ കഥാലേഖനങ്ങള്‍, ഖാദര്‍ എന്നാല്‍ (ആത്മകഥാ കുറിപ്പുകള്‍), പ്രകാശനാളങ്ങള്‍, നന്മയുടെ അമ്മ (ബാലസാഹിത്യം).

We use cookies to give you the best possible experience. Learn more