| Wednesday, 14th January 2026, 1:09 pm

മാഹ്‌ത്രെയും വൈഭവും ഇറങ്ങുന്നു: കോഹ്‌ലി നേടിത്തന്ന ലോകകപ്പില്‍ ഇന്ത്യ വീണ്ടും മുത്തമിടുമോ?

ഫസീഹ പി.സി.

ക്രിക്കറ്റിന്റെ മറ്റൊരു മാമാങ്കത്തിന് നാളെ (ജനുവരി 15) കൊടിയേറുകയാണ്. ഇതിനായുള്ള അവസാന ഘട്ട ഒരുക്കത്തിലാണ് ഇന്ത്യൻ സംഘം. ഈ ക്രിക്കറ്റ് മഹോത്സവത്തിന് ഇന്ത്യന്‍ സീനിയര്‍ ടീമല്ല ഒരുങ്ങുന്നത്. മറിച്ച് മാഹ്‌ത്രെയും വൈഭവുമെല്ലാം അടങ്ങുന്ന കൗമാരസംഘമാണ്.

നാളെ സിംബാബ്വെയിലും നമീബിയയിലുമായി അണ്ടര്‍ 19 ലോകകപ്പിന് തിരി തെളിയുമ്പോള്‍ ഇന്ത്യന്‍ ആരാധരുടെ മനസില്‍ കൂടിയാണ് പ്രതീക്ഷയുടെ നാളം കത്തുന്നത്. വമ്പന്‍ താരനിരയുമായി ഇന്ത്യന്‍ കൗമാര സംഘം കളത്തില്‍ ഇറങ്ങുമ്പോള്‍ ആരാധകരുടെ പ്രതീക്ഷ കിരീടം തന്നെയാണ്.

കഴിഞ്ഞ വര്‍ഷം കൈവിട്ട കിരീടം 16ാം ലോകകപ്പില്‍ നേടിയെടുക്കാനാണ് ഇന്ത്യന്‍ സംഘം കച്ചമുറുക്കന്നത്. അതാകട്ടെ വെടിക്കെട്ടിന് പേരുകേട്ട ആയുഷ് മാഹ്‌ത്രെയ്ക്ക് കീഴിലുമാണ്. ഒപ്പം താരത്തിന് കൂട്ടായി ബാറ്റ് കൊണ്ട് വിസമയം തീര്‍ക്കുന്ന വൈഭവ് സൂര്യവംശിയുമുണ്ട്.

Photo: Starsports/x.com

ഇന്ത്യന്‍ സംഘത്തെ വിലയിരുത്തുമ്പോള്‍ മലയാളികള്‍ക്കും അഭിമാനിക്കാന്‍ വകയുണ്ട്. മലയാളിയായ മുഹമ്മദ് ഇനാന്റെ സാന്നിധ്യം തന്നെയാണ് അതിന് കാരണം. കൂടാതെ ഹൈദരാബാദി മലയാളിയായ ആരോണ്‍ ജോര്‍ജും ടീമിലുണ്ട്.

ഇവര്‍ക്കൊപ്പം ശക്തമായ സ്‌ക്വാഡിനെ ഇറക്കിയാണ് ഇന്ത്യന്‍ ടീം ലോകകപ്പില്‍ മാറ്റുരക്കാന്‍ എത്തുന്നത്. ടൂര്‍ണമെന്റില്‍ 16 ടീമുകള്‍ പരസ്പരം പോരടിക്കുമ്പോള്‍ ഇന്ത്യന്‍ ടീമും ആരാധകരും ഒരുപോലെ മോഹിക്കുന്നത് ആറാം കിരീടമാണ്.

U -19 ഇന്ത്യൻ ടീം. Photo: BCCI/x.com

2024 ലോകകപ്പ് ഫൈനലില്‍ അതിനുള്ള അവസരമുണ്ടായെങ്കിലും ഇന്ത്യയ്ക്ക് ഓസ്ട്രേലിയയ്ക്ക് മുന്നില്‍ അടിയറവ് പറയേണ്ടി വന്നിരുന്നു. ഉദയ് സഹറന് കീഴില്‍ ഇറങ്ങിയ ടീം 79 റണ്‍സിനാണ് ഓസീസിന് മുന്നില്‍ മുട്ടുമടക്കിയത്. ആ കണ്ണീരിന് ഈ വര്‍ഷം മറ്റൊരു കിരീടത്തിലൂടെ ആശ്വാസം കണ്ടെത്താനാവും ഇന്ത്യന്‍ സംഘത്തിന്റെ ലക്ഷ്യം.

ഈ വര്‍ഷം ലോകകപ്പില്‍ ജേതാക്കളായാല്‍ U-19 ചാമ്പ്യന്‍പട്ടം ഇന്ത്യയ്ക്ക് സമ്മാനിക്കുന്ന ആറാം ക്യാപ്റ്റനാവാന്‍ മാഹ്‌ത്രെയ്ക്ക് സാധിക്കും. മുഹമ്മദ് കൈഫ്, വിരാട് കോഹ്‌ലി, ഉന്മുക്ത് ചന്ദ്, പൃഥ്വി ഷാ, യാഷ് ധുള്‍ എന്നിവരാണ് ഇതിന് മുമ്പ് അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ കിരീടമണിയിച്ച നായകന്മാര്‍. ഈ ലിസ്റ്റിലേക്ക് തന്റെ പേര് കൂടി ചേര്‍ത്ത് വെക്കാനാണ് മാഹ്‌ത്രെയും ആഗ്രഹിക്കുന്നത്.

അണ്ടർ 19 ലോകകപ്പുമായി മുഹമ്മദ് കൈഫ് Photo: Wikipedia/x.com

2000ല്‍ കൈഫാണ് ഇന്ത്യയ്ക്ക് ആദ്യ അണ്ടര്‍ 19 ലോകകപ്പ് സമ്മാനിച്ചത്. ശ്രീലങ്കന്‍ ടീമിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചായിരുന്നു ഇന്ത്യയുടെ കന്നി കിരീടം. പിന്നീട് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം സൗത്ത് ആഫ്രിക്കയെ തോല്‍പ്പിച്ച് കോഹ്‌ലി ഇന്ത്യയെ വീണ്ടും ജേതാക്കളാക്കി.

അണ്ടർ 19 ലോകകപ്പുമായി വിരാട് കോഹ്ലി. Photo: Wikipedia/x.com

അതിന് ശേഷം ഇന്ത്യന്‍ സംഘം 2012, 2018, 2022 തങ്ങളുടെ കിരീട നേട്ടം ആവര്‍ത്തിച്ചു. ഈ വര്‍ഷങ്ങളില്‍ ഓസ്ട്രേലിയയും ഇംഗ്ലണ്ടുമായിരുന്നു എതിരാളികള്‍.

ഈ നേട്ടം ആവർത്തിക്കാൻ ഈ വർഷവും ഇന്ത്യയ്ക്ക് സാധിക്കുമോ എന്നതാണ് ആരാധകരുടെ ആകാംക്ഷ. മാഹ്‌ത്രെയ്ക്കും വൈഭവിന്റെയും വെടിക്കെട്ട് ഇന്ത്യയെ ജേതാക്കളായി കാണാനുള്ള ആരാധകരുടെ ആഗ്രഹം സഫലീകരിക്കുമെന്നാണ് ഏവരുടെയും പ്രതീക്ഷ.

Content Highlight: U19 World Cup will start January 15; can Ayush Mhatre and Vaibhav Suryavanshi help India to lift 6th title

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more