| Friday, 10th April 2026, 2:54 pm

വനിതാ സംവരണ നിയമത്തിലെ യൂ ടേണ്‍; പ്രധാനമന്ത്രി രാജ്യത്തെ സ്ത്രീകളോട് മാപ്പ് പറയണം: കോണ്‍ഗ്രസ്

നിഷാന. വി.വി

ന്യൂദല്‍ഹി: വനിതാ സംവരണ നിയമം നടപ്പിലാക്കുന്നതിലുള്ള മോദി സര്‍ക്കാരിന്റെ യൂ ടേണ്‍ ഭരണ പരാജയങ്ങള്‍ മറച്ചുവെക്കാനാണെന്ന ആരോപണവുമായി കോണ്‍ഗ്രസ്.

വിദേശ നയത്തിലെ വലിയ തിരിച്ചടികളും ഇതിന് കാരണമാണെന്നും കോണ്‍ഗ്രസ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെ സ്ത്രീകളോട് മാപ്പ് ചോദിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.

വനിതാ സംവരണ നിയമത്തിലെ നിര്‍ദിഷ്ട ഭേദഗതികള്‍ രാജ്യത്തെ സ്ത്രീകളുടെ അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുന്നുവെന്നും പാര്‍ട്ടി പരിധിക്കപ്പുറം എം.പിമാര്‍ ഈ നീക്കത്തെ പിന്തുണയ്ക്കണമെന്നും മോദി പറഞ്ഞതിന് പിന്നാലെയാണ് ജയറാം രമേശിന്റെ പ്രസ്താവന.

സെന്‍സസും മണ്ഡല പുനര്‍നിര്‍ണയവും കഴിഞ്ഞാല്‍ മാത്രമേ സംവരണം നടപ്പിലാക്കാന്‍ കഴിയൂ എന്നായിരുന്നു 2023ല്‍ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നത്.

എന്നാല്‍ ഇപ്പോള്‍ ധൃതിപിടിച്ച് നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് രാഷ്ട്രീയ ലാഭത്തിനായാണെന്നും ജയറാം രമേശ് പറഞ്ഞു.

‘2023 ല്‍ നാരീ ശക്തി വന്ദന്‍ അധിനിയമം പാര്‍ലമെന്റ് ഏകകണ്ഠമായി പാസാക്കിയപ്പോള്‍, 2024 മുതല്‍ തന്നെ അത് നടപ്പാക്കണമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ അതിര്‍ത്തി നിര്‍ണയത്തിന്റെയും സെന്‍സസിന്റെയും അടിസ്ഥാനത്തില്‍ സംവരണം നടപ്പിലാക്കുകയും പിന്നീട് വര്‍ഷങ്ങളോളം അത് മാറ്റിവെക്കുകയും ചെയ്ത പ്രധാനമന്ത്രിക്ക് ഇത് സ്വീകാര്യമായിരുന്നില്ല,’ അദ്ദേഹം പറഞ്ഞു.

ബംഗാള്‍, തമിഴ്‌നാട്, തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നടക്കാനിരിക്കെ വനിതാ വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ബി.ജെ.പിയുടെ തന്ത്രമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2029 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുതല്‍ സ്ത്രീകള്‍ക്ക് മൂന്നിലൊന്ന് സംവരണം നടപ്പിലാക്കുന്നതിനുള്ള വ്യവസ്ഥകള്‍ ഒരുക്കുന്നതിനായി ഏപ്രില്‍ 16, 17, 18 തീയതികളില്‍ നടക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ ചര്‍ച്ച നടത്തുമെന്നും ഏകകണ്ഠമായി തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അസമില്‍ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു.

വനിതാ സംവരണ വിഷയം വര്‍ഷങ്ങളായി കോണ്‍ഗ്രസ് തടസ്സപ്പെടുത്തിയെന്ന് അദ്ദേഹം ആരോപിച്ചു. രാജ്യത്തെ പാര്‍ലമെന്റിലും അസം നിയമസഭയിലും സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും 33% സംവരണം ലഭിക്കുന്ന നാരി ശക്തി വന്ദന്‍ നിയമം ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ പാസാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ സീറ്റുകള്‍ നിലവിലുള്ള 543 സീറ്റുകളില്‍ നിന്ന് 816 സീറ്റുകളിലേക്ക് വര്‍ധിപ്പിക്കാനും സാധ്യതയുണ്ട്.

Content Highlight: U-turn in Women’s Reservation Act; PM should apologize to women of the country: Congress

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more