| Friday, 20th February 2026, 10:31 pm

അടിതെറ്റി ട്രംപ്; ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് തീരുവ വര്‍ധിപ്പിച്ച നടപടി റദ്ദാക്കി സുപ്രീം കോടതി

രാഗേന്ദു. പി.ആര്‍

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ വര്‍ഷം ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്കുമേല്‍ ഏകപക്ഷീയമായി ചുമത്തിയ തീരുവ റദ്ദാക്കി യു.എസ് സുപ്രീം കോടതി. അധികാരപരിധി ലംഘിച്ചുകൊണ്ടാണ് ട്രംപ് തീരുവ വര്‍ധിപ്പിച്ചതെന്ന് കോടതി നിരീക്ഷിച്ചു.

ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്‌സണ് വിധി പുറപ്പെടുവിച്ചത്. ദേശീയ അടിയന്തിരാവസ്ഥകളില്‍ ഉപയോഗിക്കാന്‍ ഉദ്ദേശിച്ചുള്ള നിയമത്തിന് കീഴിലാണ് ട്രംപ് അധിക താരിഫുകള്‍ ചുമത്തിയതെന്നും കോടതി പറഞ്ഞു.

1977ലെ ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി ഇക്കണോമിക് പവേഴ്സ് ആക്ട് (IEEPA) നിയമമനുസരിച്ച് ലെവികള്‍ ചുമത്തുന്നത് അനുവദനീയമല്ലെന്നും കോടതി വിധിയില്‍ പറയുന്നു.

നികുതികള്‍ ചുമത്താന്‍ യു.എസ് ഭരണഘടന പ്രസിഡന്റിന് അധികാരം നല്‍കുന്നില്ല. യു.എസ് കോണ്‍ഗ്രസിനാണ് നികുതികളും താരിഫുകളും ചുമത്താന്‍ അധികാരമുള്ളത്. എന്നാല്‍ ട്രംപ് താരിഫുകളെ സാമ്പത്തിക-വിദേശനയ ഉപകരണമാക്കിയെന്നും കോടതി നിരീക്ഷിച്ചു.

തീരുവ ഏര്‍പ്പെടുത്താത്ത പക്ഷം യു.എസ് തകരുമെന്ന് അവകാശപ്പെട്ടായിരുന്നു ട്രംപിന്റെ നീക്കങ്ങള്‍. യു.എസില്‍ ഇറക്കുമതി ചെയ്യുന്ന വിദേശ ഉത്പന്നങ്ങള്‍ക്കാണ് ട്രംപ് അധിക തീരുവ ചുമത്തിയത്. ട്രംപിന്റെ ഈ നടപടിയില്‍ ആഗോള സമൂഹം പ്രതിഷേധമുയര്‍ത്തുന്ന സാഹചര്യത്തില്‍ കൂടിയാണ് യു.എസ് സുപ്രീം കോടതിയുടെ വിധി.

കേതന്‍ജി ബ്രൗണ്‍ ജാക്സണ്‍, എലീന കഗന്‍, സോണിയ സൊട്ടോമയര്‍, ആമി കോണി ബാരറ്റ്, നീല്‍ ഗോര്‍സുച്ച്, ജോണ്‍ റോബര്‍ട്ട്സ് എന്നിവരാണ് ട്രംപിന്റെ തീരുവനയത്തെ എതിര്‍ത്തത്. സാമുവല്‍ അലിറ്റോ, ക്ലാരന്‍സ് തോമസ്, ബ്രെറ്റ് കാവനോ എന്നിവര്‍ വിധിയോട് വിയോജിക്കുകയും ചെയ്തു.

സുപ്രീം കോടതിയുടെ വിധിയില്‍ ട്രംപ് ഇതുവരെ പ്രതികരിച്ചിട്ടില്ല. വൈറ്റ് ഹൗസും പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കുമേല്‍ 25 ശതമാനം തീരുവയാണ് ട്രംപ് ചുമത്തിയത്. എന്നാല്‍ ഇന്ത്യ റഷ്യന്‍ എണ്ണ ഇറക്കുമതി തുടര്‍ന്നതോടെ 25 ശതമാനം അധിക തീരുവയും ഏര്‍പ്പെടുത്തി.

ഇതോടെ അമേരിക്കയില്‍ ഇറക്കുമതി ചെയ്യുന്ന ഇന്ത്യന്‍ ഉത്പന്നങ്ങളുടെ തീരുവ 50 ശതമാനമായി വര്‍ധിച്ചിരുന്നു. എന്നാല്‍ ട്രംപിന്റെ നിരന്തര ഭീഷണികള്‍ക്ക് ഇന്ത്യ വഴങ്ങാതെ വന്നതോടെ തീരുവ നൂറായി ഉയര്‍ത്തുകയും ചെയ്തിരുന്നു. സമാനമായി ചൈന അടക്കമുള്ള രാജ്യങ്ങള്‍ക്ക് മേല്‍ ട്രംപ് തീരുവ ചുമത്തിയിരുന്നു.

Content Highlight: U.S Supreme Court rejects Trump’s global tariffs

ഇനി ഓരോ പ്രധാന വാർത്തകളും നേരിട്ട് നിങ്ങളിലെത്തും. അം​ഗമാകൂ ഡൂൾന്യൂസ് വാട്സ്ആപ്പ് ചാനലിൽ

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more