| Thursday, 23rd April 2026, 10:40 am

ഇറാനെതിരായ ഉപരോധം തുടരവെ നാവിക സെക്രട്ടറിയെ പുറത്താക്കി യു.എസ്; പെന്റഗണില്‍ വീണ്ടും അഴിച്ചുപണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഇറാനുമായുള്ള സൈനിക-നയതന്ത്ര സംഘര്‍ഷങ്ങള്‍ കടുക്കുന്നതിനിടെ അമേരിക്കന്‍ നാവിക സേനയില്‍ അപ്രതീക്ഷിത നേതൃമാറ്റം.

യു.എസ് നാവിക സെക്രട്ടറി ജോണ്‍ സി. ഫെലന്‍ സ്ഥാനമൊഴിഞ്ഞതായി പെന്റഗണ്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടാം ഭരണകാലയളവില്‍ പ്രതിരോധ വകുപ്പില്‍ നടക്കുന്ന ഉന്നതതല അഴിച്ചുപണികളുടെ ഭാഗമായാണ് ഈ നീക്കം.

ഫെലന് പകരമായി നാവികസേനാ അണ്ടര്‍സെക്രട്ടറിയും മുന്‍ യുദ്ധകാല ഉദ്യോഗസ്ഥനുമായ ഹംഗ് കാവോ ആക്ടിംഗ് സെക്രട്ടറിയായി ചുമതലയേറ്റു.

ഫെലന്‍ ഉടനടി സ്ഥാനമൊഴിയുകയാണെന്ന് പെന്റഗണ്‍ വക്താവ് ഷോണ്‍ പാര്‍നെല്‍ ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ പെട്ടെന്നുള്ള രാജിയുടേയോ പുറത്താക്കലിന്റെയോ കൃത്യമായ കാരണം വ്യക്തമാക്കാന്‍ പെന്റഗണ്‍ തയ്യാറായിട്ടില്ല.

‘വകുപ്പിനും യുണൈറ്റഡ് സ്റ്റേറ്റ്സ് നാവികസേനയ്ക്കും നല്‍കിയ സേവനത്തിന് സെക്രട്ടറി ഫെലനോട് ഞങ്ങള്‍ നന്ദിയുള്ളവരാണ്. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു,’ എന്നായിരുന്നു പ്രസ്താവന. കൂടുതല്‍ പ്രതികരണങ്ങള്‍ നടത്താന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് തയ്യാറായില്ല.

സ്ഥാനമൊഴിയുന്നതിന് തൊട്ടുമുമ്പുള്ള ദിവസം വരെ വാഷിങ്ടണില്‍ നടന്ന നാവിക സമ്മേളനത്തില്‍ ഫെലന്‍ സജീവമായി പങ്കെടുത്തിരുന്നു. കപ്പല്‍ നിര്‍മ്മാണത്തെയും ബജറ്റ് മുന്‍ഗണനകളെയും കുറിച്ച് നാവികരോടും വ്യവസായ പ്രമുഖരോടും സംസാരിച്ച അദ്ദേഹം പെട്ടെന്ന് സ്ഥാനം വിടുന്നത് സൈനിക വൃത്തങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.

മുന്‍ സൈനിക സേവന പശ്ചാത്തലമില്ലാത്ത ബിസിനസുകാരനായ ഫെലന്‍, 2025 മാര്‍ച്ച് 25-നാണ് നാവികസേനയുടെ 79-ാമത് സെക്രട്ടറിയായി സത്യപ്രതിജ്ഞ ചെയ്തത്. ഒരു വര്‍ഷം മാത്രം തികയുന്ന വേളയിലാണ് സ്ഥാനമൊഴിയല്‍.

ഇറാനിയന്‍ തുറമുഖങ്ങളില്‍ വാഷിങ്ടണ്‍ ഏര്‍പ്പെടുത്തിയ ഉപരോധം തുടരുന്നതിനിടെയാണ് ഈ നേതൃമാറ്റം എന്നതും ചര്‍ച്ചയാകുന്നുണ്ട്. പശ്ചിമേഷ്യയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷം ഇപ്പോഴും പുകയുകയാണ്. ടെഹ്റാനുമായി ബന്ധപ്പെട്ട കപ്പലുകളെ ലക്ഷ്യം വയ്ക്കുന്നതില്‍ യു.എസ് നാവികസേന നേരിട്ട് ഇടപെടുന്നുണ്ട്.

യു.എസ് നിയമപ്രകാരം, നേരിട്ടുള്ള യുദ്ധ പ്രവര്‍ത്തനങ്ങളില്‍ നാവിക സെക്രട്ടറിക്ക് കമാന്‍ഡിങ് അധികാരം ഇല്ലെങ്കിലും, നാവികസേനയുടെ സജീകരണം, വിന്യാസം, നയരൂപീകരണം എന്നിവയില്‍ ഫെലന്റെ പങ്ക് നിര്‍ണ്ണായകമായിരുന്നു. നിലവില്‍ ഒന്നിലധികം വിമാനവാഹിനിക്കപ്പലുകള്‍ മിഡില്‍ ഈസ്റ്റില്‍ വിന്യസിച്ചിരിക്കുന്ന സാഹചര്യത്തില്‍, പുതിയ നേതൃത്വത്തിന് കീഴില്‍ നാവികസേനയുടെ നീക്കങ്ങള്‍ എങ്ങനെയായിരിക്കുമെന്നാണ് ഇനി അറിയേണ്ടത്.

പുതുതായി ചുമതലയേറ്റ ഹംഗ് കാവോ 25 വര്‍ഷത്തെ സേവന പരിചയമുള്ള മുന്‍ നാവികസേനാ കോംബാറ്റ് ഓഫീസറാണ്. ഇറാഖ്, അഫ്ഗാനിസ്ഥാന്‍, സൊമാലിയ എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം ട്രംപ് ഭരണകൂടത്തിന്റെ വിശ്വസ്തനായാണ് അറിയപ്പെടുന്നത്. നേരത്തെ വിര്‍ജീനിയയില്‍ നിന്ന് സെനറ്റിലേക്കും ഹൗസിലേക്കും മത്സരിച്ചിരുന്നെങ്കിലും അദ്ദേഹം പരാജയപ്പെട്ടിരുന്നു.

പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന്റെ നേതൃത്വത്തില്‍ പെന്റഗണില്‍ നടക്കുന്ന അഴിച്ചുപണിയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഫെലന്റെ മാറ്റം. കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ആര്‍മി ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ റാണ്ടി ജോര്‍ജ് ഉള്‍പ്പെടെയുള്ള നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഹെഗ്സെത്ത് നീക്കം ചെയ്തിരുന്നു. നേരത്തെ അഡ്മിറല്‍ ലിസ ഫ്രാഞ്ചെറ്റി, ജനറല്‍ ചാള്‍സ് സിക്യു ബ്രൗണ്‍ ജൂനിയര്‍ എന്നിവരും സമാനമായ രീതിയില്‍ സ്ഥാനമൊഴിഞ്ഞിരുന്നു.

സൈനിക നേതൃത്വത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് ഭരണകൂടത്തിന്റെ നയങ്ങള്‍ കൂടുതല്‍ കര്‍ക്കശമായി നടപ്പിലാക്കാനാണ് നിലവിലെ നീക്കങ്ങള്‍ സൂചിപ്പിക്കുന്നത്. അതേസമയം ഇറാനുമായുള്ള ഉപരോധം വെടിനിര്‍ത്തല്‍ ലംഘനമാണെന്ന് ഇറാന്‍ ആരോപിച്ചിട്ടുണ്ട്. യു.എസുമായി ചര്‍ച്ച നടത്തുന്നതില്‍ അര്‍ത്ഥമില്ലെന്നും ഇറാന്‍ നേതൃത്വം അറിയിച്ചിട്ടുണ്ട്.

Content Highlight: U.S. removes Navy Secretary as Iran sanctions continue; another shake-up in Pentagon

We use cookies to give you the best possible experience. Learn more