| Sunday, 22nd November 2026, 11:47 am

എഫ്.ബി.ഐയുടെ ക്രൈം ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ ഹാക്കിങ്; പിന്നില്‍ റഷ്യയെന്ന് ട്രംപ്

ശ്രീരാഗ് പാറക്കല്‍

വാഷിങ്ടണ്‍: അമേരിക്കയുടെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ (FBI) നാഷണല്‍ ക്രൈം ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഡാറ്റാബേസില്‍ ഹാക്കിങ് നടന്നതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്നലെ ഫോക്‌സ് ന്യൂസുമായുള്ള ഫോണ്‍ അഭിമുഖത്തിനിടെയാണ് ട്രംപ് ഇക്കാര്യം സ്ഥിരീകരിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നടന്നത് ഒട്ടും നല്ല കാര്യമല്ലെന്നും ഹാക്കിങ്ങില്‍ റഷ്യയ്ക്ക് പങ്കുണ്ടെന്നും ട്രംപ് ആരോപിച്ചു.

2016ലെ യു.എസ് തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടു എന്ന ആരോപണത്തെക്കുറിച്ച് നടന്ന അന്വേഷണങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും, യുക്രൈനിയ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലെന്‍സ്‌കിയുമായി അദ്ദേഹം നടത്തിയ ഫോണ്‍ സംഭാഷണവുമായി ബന്ധപ്പെട്ട വിവരങ്ങളും ഇതില്‍ ഉള്‍പ്പെട്ടേക്കാം എന്ന് ട്രംപ് സൂചിപ്പിച്ചു.

റഷ്യന്‍ ഇടപെടല്‍സൈബര്‍ സുരക്ഷാ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെങ്കിലും, സാഹചര്യത്തെ പോസിറ്റീവായി കാണാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്ന് ട്രംപ് പറഞ്ഞു. എഫ്.ബി.ഐയോ വൈറ്റ് ഹൗസോ ഹാക്കിങ്ങിനെക്കുറിച്ച് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

കുറ്റകൃത്യങ്ങളുടെ ചരിത്രം, നിലവില്‍ ഒളിവിലുള്ളവര്‍, മോഷ്ടിക്കപ്പെട്ട വസ്തുക്കള്‍, കാണാതായ വ്യക്തികള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടെ, ക്രിമിനല്‍ നീതിന്യായവുമായി ബന്ധപ്പെട്ട വിവരങ്ങളുടെ ഒരു ശേഖരമാണ് എന്‍.സി.ഐ.സി.

എന്‍.സി.ഐയിലെ വിവരങ്ങള്‍ രാജ്യവ്യാപകമായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകളാണെന്ന് മുന്‍ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി ഉദ്യോഗസ്ഥന്‍ ഡാന്‍ ലോര്‍മാന്‍ പറഞ്ഞു. ഇത്തരം വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സൈബര്‍ ആക്രമണങ്ങള്‍ ലോകത്താകെ വര്‍ധിച്ചുവരികയാണെങ്കിലും അമേരിക്കന്‍ സുരക്ഷാ ഏജന്‍സികളിലെ വിദഗ്ധരുടെ കഴിവില്‍ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വ്യോമഗതാഗതം, ബാങ്കിങ് തുടങ്ങിയ മേഖലകളില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സാങ്കേതിക തടസങ്ങള്‍ക്കിടെയാണ് പുതിയ സൈബര്‍ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ തടസങ്ങള്‍ സൈബര്‍ ആക്രമണങ്ങള്‍ മൂലമല്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നെങ്കിലും നിയമനിര്‍മാതാക്കള്‍ കൂടുതല്‍ പരിശോധന ആവശ്യപ്പെടുന്നുണ്ട്.

Content Highlight: U.S. President Donald Trump stated that the National Crime Information Center database of America’s FBI has been hacked

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more