| Sunday, 14th September 2025, 7:35 am

ഖത്തര്‍ ആക്രമണം; നിര്‍ണായക ചര്‍ച്ചയ്ക്ക് യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇസ്രഈലിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇസ്രഈലിലേക്ക്. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണത്തില്‍ ഖത്തറില്‍ നിന്ന് ഇസ്രഈല്‍ കൂടുതല്‍ പ്രതിഷേധം നേരിടുന്നതിനിടെ നിര്‍ണായകമായ ചര്‍ച്ച നടത്താനാണ് സന്ദര്‍ശനം. വര്‍ഷങ്ങളായി തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കാനുള്ള സാധ്യതകള്‍ ഇസ്രഈല്‍ അട്ടിമറിക്കുന്നതായി ഖത്തര്‍ പ്രധാനമന്ത്രി വിമര്‍ശനം ഉന്നയിച്ച സാഹചര്യത്തിലാണ് റൂബിയോയുടെ ഇസ്രഈല്‍ സന്ദര്‍ശനം.

ഇസ്രഈലിന്റെ ഖത്തര്‍ ആക്രമണത്തില്‍ യു.എസ് പ്രസിഡന്റ് ടൊണാള്‍ഡ് ട്രംപ് അതൃപ്തി അറിയിച്ചതായി റൂബിയോ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഹമാസിനെതിരായ നീക്കം, ഗസയിലെ സൈനിക വിന്യാസം, ദോഹയില്‍ നടത്തിയ വ്യോമാക്രമണം തുടങ്ങിയ വിഷയങ്ങള്‍ റൂബിയോ ഇസ്രഈലുമായി ചര്‍ച്ച ചെയ്‌തേക്കും. മാത്രമല്ല ബന്ദികളുടെ കുടുംബങ്ങളുമായും റൂബിയോ സന്ദര്‍ശിച്ചേക്കും.

ഇസ്രഈല്‍ ഹമാസ് യുദ്ധത്തില്‍ യു.എസിന്റെ മുന്‍ഗണകളും മിഡില്‍ ഈസ്റ്റിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും റൂബിയോ ഇസ്രഈലിനെ അറിയിക്കുമെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി ടോമി പിടോട്ട് പറഞ്ഞു.

ഗസ യുദ്ധം അവസാനിപ്പിക്കുന്നതിന് മധ്യസ്ഥത വഹിച്ച ഖത്തറിനെ ആക്രമിച്ച മേഖലയിലെ യു.എസ് സഖ്യകക്ഷികളേയും ഇസ്രഈല്‍ പ്രകോപിപ്പിച്ചിരുന്നു. മാത്രമല്ല ഫ്രാന്‍സ്, കാനഡ തുടങ്ങിയ നിരവധി യു.എസ് സഖ്യകക്ഷികള്‍ ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച സാഹചര്യത്തിലുമാണ് റൂബിയോയുടെ ഇസ്പഈല്‍ സന്ദര്‍ശനം.

അതേസമയം യു.എസും ഇസ്രഈലും തമ്മിലുള്ള ബന്ധത്തെ ഖത്തറിലെ ആക്രമണം ബാധിക്കില്ലെന്നും ഭീകരരെ ഇല്ലാതാക്കാനും ബന്ദികളെ മോചിപ്പിക്കാനും യുദ്ധം അവസാനിപ്പിക്കാനുമുള്ള ട്രംപിന്റെ ശ്രമങ്ങള്‍ക്ക് ഖത്തര്‍ ആക്രമണം എങ്ങനെ ബാധിക്കുമെന്നും ചര്‍ച്ച ചെയ്യുമെന്ന് റൂബിയോ പറഞ്ഞു.

‘ഇനിയും 48 ബന്ദികളെ മോചിപ്പിക്കേണ്ടതുണ്ട്. ഇത് അവസാനിച്ചുകഴിഞ്ഞാല്‍ ജനങ്ങള്‍ക്ക് എല്ലാവരും ആഗ്രഹിക്കുന്ന ജീവിത നിലവാരം നല്‍കുന്ന വിധത്തില്‍ ഗസ പുനര്‍നിര്‍മിക്കുക എന്ന വലിയ ജോലി മുന്നിലുണ്ട്. ആരാണ് അത് ചെയ്യേണ്ടത്, ആരാണ് അതിനുള്ള പണം നല്‍കേണ്ടത്, ആരാണ് പ്രക്രിയയുടെ ചുമതല വഹിക്കേണ്ടത് എന്നിവയെക്കുറിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ല,’ റൂബിയോ പറഞ്ഞു.

Content Highlight: U.S. Gov. Marco Rubio to travel to Israel for crucial talks

We use cookies to give you the best possible experience. Learn more