| Tuesday, 20th October 2026, 10:20 pm

റൗള്‍ കാസ്‌ട്രോക്കെതിരായ വാറണ്ട്; യു.എസ് നടപടി രാഷ്ട്രീയ പ്രേരിതമെന്ന് മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷെയ്ന്‍ബാം

റെന്വര്‍ പി

മയാമി: 30 വര്‍ഷം മുമ്പുള്ള കേസില്‍ ക്യൂബന്‍ നേതാവ് റൗള്‍ കാസ്ട്രോയ്ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച യു.എസ് നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷെയ്ന്‍ബാം.

യു.എസിലെ ഫേ്ലാറിഡ സംസ്ഥാനത്തെ ഒരു കോടതിയാണ് 95 കാരനായ റൗള്‍ കാസ്ട്രോയ്ക്കെതിരെ 1996ലെ കേസില്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഈ നടപടി പ്രധാനമായും രാഷ്ട്രീയ പ്രേരിതമാണെന്നും, അത് യു.എസ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതാണെന്നും ക്ലോഡിയ ഷെയ്ന്‍ബാം പറഞ്ഞു.

യു.എസ്. വോട്ടര്‍മാരിലെ ചില വിഭാഗങ്ങളുടെ പിന്തുണ നേടാനാണ് ഈ നടപടി ലക്ഷ്യമിടുന്നതെന്ന് ഷെയിന്‍ബാം അഭിപ്രായപ്പെട്ടു. യു.എസില്‍ നവംബറില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ താത്പര്യങ്ങളാണ് ഈ നിയമനടപടിക്ക് പിന്നിലെന്ന് അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

1996ല്‍ രണ്ട് അമേരിക്കന്‍ വിമാനങ്ങള്‍ വെടിവെച്ചിട്ട സംഭവത്തിലാണ് ക്യൂബന്‍ മുന്‍ പ്രസിഡന്റും ഫിദല്‍ കാസ്ട്രോയുടെ സഹോദരനുമായ റൗള്‍ കാസ്ട്രോയ്ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചതെന്ന് ഫ്‌ലോറിഡ സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ ജെയിംസ് ഉത്മെയര്‍ അറിയിച്ചിരുന്നു. കമ്യൂണിസ്റ്റ് സര്‍ക്കാരിനെ എതിര്‍ത്തിരുന്ന ക്യൂബന്‍ അഭയാര്‍ത്ഥികളുടെ കൂട്ടായ്മയായ ബ്രദേഴ്സ് ടു ദി റെസ്‌ക്യൂവിന്റെ രണ്ട് അമേരിക്കന്‍ വിമാനങ്ങള്‍ വെടിവെച്ചിട്ട സംഭവത്തിലാണ് ഈ വാറണ്ട്. ഈ ആക്രമണത്തിന് ഉത്തരവിട്ടത് റൗള്‍ കാസ്ട്രോ ആണെന്നാണ് യു.എസ് അധികൃതരുടെ ആരോപണം.

ഇതേ സംഭവങ്ങളിലെ പങ്കാളിത്തം ആരോപിച്ച്, റൗളിനെതിരെ യു.എസ്. ഫെഡറല്‍ അധികൃതര്‍ മെയ് മാസത്തില്‍ കുറ്റങ്ങള്‍ ചുമത്തിയിരുന്നു. ഇതിനു പുറമെയാണ് ഇപ്പോള്‍ ഈ അറസ്റ്റ് വാറന്റും വന്നിരിക്കുന്നത്.

നാല് ഫ്ലോറിഡക്കാരെ ക്രൂരമായി വധിക്കാന്‍ കാസ്ട്രോ ഉത്തരവിട്ടുവെന്ന് ഫ്‌ലോറിഡ സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ ജെയിംസ് ഉത്മെയര്‍ പറഞ്ഞിരുന്നു. ‘ആ കമ്മ്യൂണിസ്റ്റ് ഗൂഢാലോചനയ്ക്കെതിരെ നീതി നടപ്പാക്കന്നതില്‍ നിന്നും സംസ്ഥാനം പുറകോട്ട് പോകില്ല. ഫസ്റ്റ് ഡിഗ്രീ കൊലപാതകം ആസൂത്രണം ചെയ്തു എന്ന കുറ്റത്തിന് റൗള്‍ കാസ്ട്രോയ്ക്കെതിരെ ഫേ്ലാറിഡ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതായി പ്രഖ്യാപിക്കുന്നു’, ഉത്മെയര്‍ പറയുന്നു.

1996 ഫെബ്രുവരി 24നാണ് ബ്രദേഴ്സ് ഓഫ് ദി റെസ്‌ക്യൂ വിമാനങ്ങള്‍ക്ക് നേര്‍ക്കുള്ള വെടിവെപ്പുണ്ടായത്. അന്താരാഷ്ട്ര ജല അതിര്‍ത്തിയ്ക്ക് മുകളിലൂടെ പറന്ന വിമാനങ്ങള്‍ ക്യൂബ വെടിവെച്ചിട്ടുവെന്നാണ് യു.എസ് അധികൃതര്‍ പറഞ്ഞിരുന്നു. മുന്നറിയിപ്പൊന്നും ഇല്ലാതെയാണ് വിമാനങ്ങള്‍ വെടിവെച്ചിട്ടതെന്ന് അവര്‍ പറഞ്ഞിരുന്നു. സംഭവം നടക്കുമ്പോള്‍ ക്യൂബയുടെ പ്രതിരോധ മന്ത്രിയായിരുന്നു റൗള്‍ കാസ്ട്രോ.

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ക്യൂബയിലെ കമ്മ്യൂണിസ്റ്റ് നേതാക്കളെ പുറത്താക്കാന്‍ ശ്രമിക്കന്നതിനിടെയാണ് 30 വര്‍ഷം പഴക്കമുള്ള കേസ് കഴിഞ്ഞ വര്‍ഷം വീണ്ടും ചര്‍ച്ചയായത്. ഈ വര്‍ഷം ആദ്യം മുതല്‍ തന്നെ ക്യൂബയില്‍ ഭരണമാറ്റം കാണാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് ട്രംപ് ഭരണകൂടം സൂചന നല്‍കിയിരുന്നു. ഇതിന് പുറമെ ക്യബക്കെതിരെ ശക്തമായ ഉപരോധ നടപടികളും ഈ വര്‍ഷം തുടക്കം മുതല്‍ യു.എസ് നടപ്പാക്കി വെരുന്നു.

യു.എസ് ഈ വര്‍ഷം ക്യൂബയ്ക്ക് മേല്‍ ഊര്‍ജ ഉപരോധം ഏര്‍പ്പെടുത്തുകയും രാജ്യത്തിന് എണ്ണ വിതരണം ചെയ്യുന്ന രാജ്യങ്ങള്‍ക്കെതിരെ ഉയര്‍ന്ന തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതോടെ ക്യൂബയിലെ ഊര്‍ജപ്രതിസന്ധി രൂക്ഷമായിരുന്നു. ഇതിനുപുറമെ, ക്യൂബയുടെ സമ്പദ് വ്യവസ്ഥയ്ക്ക് മേല്‍ ഉപരോധം ചുമത്തിയ സര്‍ക്കാര്‍ വ്യവസായങ്ങളെ പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു.

Content Highlight: U.S. Arrest Warrant Against Raul Castro is Politically Motivated: Sheinbaum

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more