| Tuesday, 20th October 2026, 8:13 pm

ഒറ്റ മത്സരത്തിലെ 17 ഗോളിൽ ഡബിൾ ഹാട്രിക്; ലോകകപ്പ് ചരിത്രത്തിലെ ആദ്യ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഫിഫ അണ്ടർ 17 വനിതാ ലോകകപ്പിൽ സമോവക്കെതിരെ വമ്പൻ വിജയമാണ് യു.എസ്.എ സ്വന്തമാക്കിയത്. സമോവയെ എതിരില്ലാത്ത 17 ഗോളുകൾക്ക് തകർത്താണ് യു.എസ്.എ കരുത്തുകാട്ടിയത്. മൊറോക്കയിൽ നടക്കുന്ന ലോകകപ്പിലാണ് അമേരിക്കയുടെ ചരിത്ര വിജയം.

മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ ഒമ്പത് ഗോളുകളാണ് അമേരിക്ക സമോവയുടെ പോസ്റ്റിലേക്ക് അടിച്ചുകയറ്റിയത്. രണ്ടാം പകുതിയിൽ എട്ട് ഗോളുകൾ കൂടി നേടിയതോടെയാണ് ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പ്‌ വിജയം അമേരിക്കയെ തേടിയെത്തിയത്.

മത്സരത്തിൽ യു.എസ്.എക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് മാഡി ഡി മരിയയാണ്. ആറ് ഗോളുകളാണ് താരം അമേരിക്കക്ക് വേണ്ടി മത്സരത്തിൽ അടിച്ചുകൂട്ടിയത്. മത്സരം തുടങ്ങി 63 സെക്കന്റിൽ തന്നെ ഡി മരിയ ആദ്യ ഗോൾ സ്വന്തമാക്കി.

ആദ്യത്തെ 20 മിനിട്ടിനുള്ളിൽ തന്നെ ഹാട്രിക് നേടി തിളങ്ങിയ താരം ആദ്യ പകുതിയിൽ തന്നെ നാല് ഗോളുകളാണ് എതിരാളികളുടെ വലയിൽ എത്തിച്ചത്. പിന്നീട് രണ്ടാം പകുതിയിൽ ഇരട്ട ഗോളുകളും സ്വന്തമാക്കി ഡബിൾ ഹാട്രിക്കിൽ താരം തിളങ്ങി.

വനിതാ ലോകകപ്പിന്റെ ചരിത്രത്തിൽ ഒരു മത്സരത്തിൽ ആറ്‌ ഗോളുകൾ നേടുന്ന ആദ്യ താരമായും ഡി മരിയ മാറി. ലോകകപ്പിൽ രണ്ട് താരങ്ങൾ അഞ്ച് ഗോളുകൾ വീതം നേടിയിട്ടുണ്ട്. ഈ രണ്ട് നേട്ടവും അമേരിക്കൻ താരങ്ങൾക്കാണെന്നതും ശ്രദ്ധേയമാണ്. 1991ൽ മിഷേൽ അകേഴ്സ് ചൈനീസ് തായ്‌പേയ്ക്കെതിരെയും 2019ൽ അലക്സ് മോർഗൻ തായ്‌ലാൻഡിനെതിരെയുമാണ് അഞ്ച് ഗോളുകൾ നേടി തിളങ്ങിയിരുന്നത്.

അതേസമയം മത്സരത്തിൽ മിയ കൊറോണ, ലോറഡാന പാലെറ്റ, ഗ്രേസ് മുറെ, അമരി മാനിങ് എന്നിവരും ആദ്യ പകുതിയിൽ യു.എസ്.എക്ക് വേണ്ടി ഗോളുകൾ നേടി. രണ്ടാം പകുതിയിൽ ഡ്യൂസ് സ്റ്റാനിസ്ലോസ്, കരോലിന റെയ്‌ എന്നിവരും ഗോൾ വേട്ട തുടർന്നു.

ഇസ ഒർട്ടിസ്, മെയ്‌ല ബ്രൂവർ, ജിയാന ഹാൻഫ് എന്നിവരും ഗോളുകൾ സ്വന്തമാക്കി അമേരിക്കയുടെ കൂറ്റൻ വിജയത്തിൽ പങ്കാളികളായി. പാലെറ്റയും റെയ്‌നയും ഇരട്ട ഗോളുകൾ നേടിയും ടീമിന്റെ വിജയത്തിൽ നിർണായകമായി, മത്സരത്തിൽ 10 അമേരിക്കൻ താരങ്ങളാണ് എതിരാളികളുടെ വലയിൽ പന്തെത്തിച്ചത്.

ചരിത്രത്തിലെ രണ്ടാം ലോകകപ്പ് കളിക്കാനെത്തിയ സമോവക്കെതിരെ അമേരിക്കയുടെ സർവാധിപത്യമായിരുന്നു. 56 ഷോട്ടുകളാണ് യു.എസ്.എ എതിരാളികളുടെ പോസ്റ്റിലേക്ക് ഉതിർത്തത്.

Content Highlight: U.S.A player Maddie Dimaria create a new history in FIFA women’s world cup

We use cookies to give you the best possible experience. Learn more