| Tuesday, 20th October 2026, 6:52 pm

അഞ്ച് കപ്പുയർത്തിയ ബ്രസീലിന് പോലുമില്ലാത്ത റെക്കോഡ്; ലോകകപ്പിൽ ചരിത്രമെഴുതി അമേരിക്ക

സ്പോര്‍ട്സ് ഡെസ്‌ക്

ഫിഫ അണ്ടർ 17 വനിതാ ലോകകപ്പിൽ ചരിത്ര വിജയം സ്വന്തമാക്കിയിരിക്കുകയാണ് യു.എസ്.എ. സമോവയെ എതിരില്ലാത്ത 17 ഗോളുകൾക്ക് തകർത്താണ് യു.എസ്.എ കരുത്തുകാട്ടിയത്. മൊറോക്കയിൽ നടക്കുന്ന ലോകകപ്പിലാണ് അമേരിക്കയുടെ മിന്നും വിജയം.

ഫിഫ ലോകകപ്പിന്റെ എല്ലാ വിഭാഗങ്ങളിലും നടക്കുന്ന ടൂർണമെന്റിൽ ഒരു മത്സരത്തിൽ ഒരു ടീം സ്വന്തമാക്കുന്ന ഏറ്റവും വലിയ വിജയമാണിത്. കഴിഞ്ഞവർഷം ആഫ്രിക്കൻ ടീമായ മൊറോക്കോ സ്വന്തമാക്കിയ റെക്കോഡാണ് യു.എസ്. എ മറികടന്നത്. 2025 അണ്ടർ 17 പുരുഷ ലോകകപ്പിൽ ന്യൂ കാലിഡോണിയക്കെതിരെ 16-0 എന്ന സ്കോറിനായിരുന്നു മൊറോക്കോയുടെ വിജയം.

മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ ഒമ്പത് ഗോളുകളാണ് അമേരിക്ക സമോവുയുടെ പോസ്റ്റിലേക്ക് അടിച്ചുകയറ്റിയത്. രണ്ടാം പകുതിയിൽ എട്ട് ഗോളുകൾ കൂടി നേടിയതോടെയാണ് ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പ്‌ വിജയം അമേരിക്കയെ തേടിയെത്തിയത്.

ലോക ഫുട്ബോളിലെ തന്നെ ഏറ്റവും ശക്തരായ ബ്രസീൽ, അർജന്റീന, സ്‌പെയ്ൻ പോലുള്ള വമ്പൻ ടീമുകൾക്ക് പോലും നേടാൻ സാധിക്കാത്ത ചരിത്രവിജയമാണ് അമേരിക്ക നേടിയെടുത്തത്.

മാഡി ഡി മരിയയാണ് കളിയിലെ താരം. ആറ് ഗോളുകളാണ് താരം അമേരിക്കക്ക് വേണ്ടി സ്കോർ ചെയ്തത്. മത്സരം തുടങ്ങി 63 സെക്കന്റിൽ തന്നെ ഡി മരിയ ആദ്യ ഗോൾ സ്വന്തമാക്കി. ആദ്യത്തെ 20 മിനിട്ടിനുള്ളിൽ തന്നെ ഹാട്രിക് നേടി തിളങ്ങിയ താരം ആദ്യ പകുതിയിൽ തന്നെ നാല് ഗോളുകളാണ് എതിരാളികളുടെ വലയിൽ എത്തിച്ചത്.

മിയ കൊറോണ, ലോറഡാന പാലെറ്റ, ഗ്രേസ് മുറെ, അമരി മാനിങ് എന്നിവരും ആദ്യ പകുതിയിൽ യു.എസ്.എക്ക് വേണ്ടി ഗോളുകൾ നേടി. രണ്ടാം പകുതിയിൽ ഡ്യൂസ് സ്റ്റാനിസ്ലോസ്, കരോലിന റെയ്‌ എന്നിവരും ഗോൾ വേട്ട തുടർന്നു. ഡി മരിയ രണ്ട് ഗോളുകൾ കൂടി സ്വന്തമാക്കി ഡബിൾ ഹാട്രിക് പൂർത്തിയാക്കിയപ്പോൾ ഇസ ഒർട്ടിസ്, മെയ്‌ല ബ്രൂവർ, ജിയാന ഹാൻഫ് എന്നിവരും ഗോളുകൾ സ്വന്തമാക്കി അമേരിക്കയുടെ കൂറ്റൻ വിജയത്തിൽ പങ്കാളികളായി.

പാലെറ്റയും റെയ്‌നയും ഇരട്ട ഗോളുകൾ നേടിയും ടീമിന്റെ വിജയത്തിൽ നിർണായകമായി, മത്സരത്തിൽ 10 അമേരിക്കൻ താരങ്ങളാണ് എതിരാളികളുടെ വലയിൽ പന്തെത്തിച്ചത്.

ചരിത്രത്തിലെ രണ്ടാം ലോകകപ്പ് കളിക്കാനെത്തിയ സമോവക്കെതിരെ അമേരിക്കയുടെ സർവാധിപത്യമായിരുന്നു. 56 ഷോട്ടുകളാണ് യു.എസ്.എ എതിരാളികളുടെ പോസ്റ്റിലേക്ക് ഉതിർത്തത്. സമോവക്ക് നിലവിൽ രണ്ട് മത്സരങ്ങൾ കൂടിയാണ് ബാക്കിയുള്ളത്. ചൈനയും കെനിയയുമാണ് ടീമിന്റെ എതിരാളികൾ.

Content Highlight: U.S.A Create a huge record in football world cup history

We use cookies to give you the best possible experience. Learn more