| Sunday, 7th September 2025, 3:06 pm

കായംകുളത്ത് യൂത്ത് കോണ്‍ഗ്രസിന്റെ ഓണാഘോഷത്തില്‍ യു. പ്രതിഭയും; കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കായംകുളം: കായംകുളത്ത് യൂത്ത് കോണ്‍ഗ്രസ് നടത്തിയ ഓണാഘോഷത്തില്‍ സി.പി.ഐ.എം. എം.എല്‍.എ യു. പ്രതിഭയെ പങ്കെടുപ്പിച്ചതില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. കോണ്‍ഗ്രസിലെ ഒരു വിഭാഗമാണ് ഇതിനെതിരെ രംഗത്തെത്തിയത്. സംഭവത്തില്‍ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിനും എ. ഐ.സി.സി ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എം.പിയുമായ കെ.സി. വേണുഗോപാലിനും ഒരു വിഭാഗം പരാതി നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

കോണ്‍ഗ്രസ് ഓഫീസില്‍ വെച്ച് നടന്ന ആഘോഷത്തില്‍ യു. പ്രതിഭ എം.എല്‍.എ പങ്കെടുക്കുന്നതിന്റെ വീഡിയോയും വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. പിന്നാലെ രാഷ്ട്രീയ എതിര്‍പ്പുകള്‍ മറന്ന് എം.എല്‍.എ ഓണാഘോഷത്തില്‍ പങ്കെടുത്തതിനെ അഭിനന്ദിച്ച് പലരും സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പങ്ക് വെച്ചിരുന്നു.

ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം വിമര്‍ശനവുമായി രംഗത്തെത്തിയത്. പാര്‍ട്ടി ഓഫീസില്‍ നടത്തിയ ആഘോഷത്തില്‍ എം.എല്‍.എയെ പങ്കെടുപ്പിച്ചത് പക്വതയില്ലായ്മയാണെന്ന് ഒരു വിഭാഗം നേതാക്കള്‍ പറഞ്ഞു. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയെ പിരിച്ച് വിടണമെന്നും ഈ നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സെപ്റ്റംബര്‍ രണ്ടിന് കായംകുളം നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച ഓണാഘോഷത്തിലാണ് പ്രതിഭ എം.എല്‍.എ പങ്കെടുത്തത്. കോണ്‍ഗ്രസ് ഓഫീസിന് എതിര്‍വശത്തുള്ള റസ്റ്റ് ഹൗസില്‍ എം.എല്‍.എ എത്തിയപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരിപാടിയിലേക്ക് ക്ഷണിക്കുകയായിരുന്നു.

ഓണാഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഗെയിമുകളിലടക്കം പങ്കെടുത്തായിരുന്നു പ്രതിഭ മടങ്ങിയത്. ഓണത്തിന് രാഷ്ട്രീയമില്ലെന്നും അതുകൊണ്ടാണ് താന്‍ പങ്കെടുത്തതെന്നും ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ എം.എല്‍.എ പ്രതികരിച്ചിരുന്നു.

Content Highlight: U. Pratibha also participated in the Onam celebrations of the Youth Congress in Kayamkulam; Congress erupted

We use cookies to give you the best possible experience. Learn more