| Friday, 31st May 2013, 12:50 am

സിറിയന്‍ വിമതര്‍ ജനാധിപത്യം ആഗ്രഹിക്കുന്നില്ല: യു.എന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]പാരീസ്: സിറിയന്‍ വിമതരില്‍ ഭൂരിഭാഗവും ജനാധിപത്യ സംവിധാനങ്ങള്‍ ഇഷ്ടപ്പെടുന്നില്ലെന്നും വംശീയ കലാപങ്ങല്‍ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും യു.എന്‍.

സിറിയയില്‍ അന്വേഷണം നടത്തിയ യു.എന്‍ ഉദ്യോഗസ്ഥരാണ് ഇക്കാര്യം വ്യക്തമാക്കിയത്. സിറിയന്‍ സൈന്യത്തെ പോലെ വിമതരും ജനങ്ങള്‍ക്ക് നേരെ ക്രൂരമായ ആക്രമണം നടത്തുന്നുണ്ടെന്നും സിറിയന്‍ ജനങ്ങളിലെ ന്യൂനപക്ഷം മാത്രമാണ് വിമത പക്ഷത്തുള്ളതെന്നും അന്വേഷണ സംഘത്തിലെ മേധാവി പൗലോ പിന്‍ഹെയ്‌റോ വ്യക്തമാക്കി. []

സിറിയന്‍ സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്തുന്ന വിമത ചേരിയിലെ അന്നുസ്‌റ സഖ്യത്തിന് അല്‍ഖ്വയ്ദയുമായി ബന്ധമുണ്ടെന്നും സംഘടനയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

കൂടാതെ വിമതരെ സഹായിക്കാന്‍ സൗദി അറേബ്യ, ബലനാന്‍ ടുണീഷ്യ ഇറാഖ് എന്നിവിടങ്ങളില്‍ നിന്ന് തീവ്രവാദികളെത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

വിമതര്‍ക്ക് ആയുധങ്ങള്‍ നല്‍കാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് യു എന്‍ അന്വേഷണ റിപ്പോര്‍ട്ട് എന്നത് ശ്രദ്ദേയമാണ്.

അതേസമയം സിറിയന്‍ മണ്ണില്‍ ആക്രമണം നടത്തുമെന്ന ഇസ്രയേലിന്റെ മുന്നറിയിപ്പിന് പ്രസിഡന്റ് ബഷര്‍ അല്‍ അസദ് മറുപടി നല്‍കി.

സിറിയന്‍ അതിര്‍ത്തി ലംഘിക്കുകയോ സൈനിക നടപടികള്‍ നടത്തുകയോ ചെയ്താല്‍ ഇസ്രയേല്‍ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് ലബനാന്‍ ടി.വിയായ അല്‍ മനാറിന് നല്‍കിയ അഭിമുഖത്തില്‍ അസദ് വ്യക്തമാക്കി.

സിറിയക്ക് മിസൈല്‍ സംവിധാനം നല്‍കുമെന്ന റഷ്യന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയോട് പ്രതികരിക്കവേ കഴിഞ്ഞ ദിവസമാണ് ഇസ്രയേല്‍ പ്രതിരോധമന്ത്രി മോശെ യാലൂന്‍ സിറിയക്കെതിരെ ഭീഷണിയുമായി രംഗത്തെത്തിയത്.

സിറിയന്‍ സൈന്യത്തെ റഷ്യ സഹായിക്കുകയാണെങ്കില്‍ സിറിയക്കെതിരെ സൈനിക നടപടിയെടുക്കുമെന്ന് മോശെ വ്യക്തമാക്കിയിരുന്നു.

വിമതര്‍ക്കെതിരായ പോരാട്ടത്തിനും മറ്റുമായി സിറിയന്‍ സൈന്യത്തെ സഹായിക്കാന്‍ റഷ്യ ആയുധ സഹായം നല്‍കുന്നുണ്ടെന്നും വിമാനവേധ മിസൈലുകളായ എസ് 300 സിറിയയിലെത്തിയിട്ടുണ്ടെന്നും ബാഷര്‍ അല്‍ അസദ് പറഞ്ഞു. കൂടുതല്‍ മിസൈലുകളും ആയുധങ്ങളും നിറച്ച കപ്പലുകള്‍ തുടര്‍ ദിവസങ്ങളില്‍ സിറിയന്‍ തുറമുഖത്ത് എത്തുമെന്നും അസദ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, വിമത കേന്ദ്രങ്ങളില്‍ മുന്നേറ്റം നടത്തുന്ന സിറിയന്‍ സൈന്യം പൂര്‍ണ വിജയത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്നും തലസ്ഥാനമായ ദമസ്‌കസിലെയും വിമത ശക്തികേന്ദ്രമായ ഖുസൈറിലെയും വിമത നിയന്ത്രണത്തിലുണ്ടായിരുന്ന നഗരങ്ങളും പ്രദേശങ്ങളും സൈന്യം തിരിച്ചുപടിച്ചതായും അസദ് വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more