| Wednesday, 8th October 2025, 9:16 am

തലശ്ശേരിയില്‍ മുസ്‌ലിം പള്ളികള്‍ക്ക് കാവൽ നിന്നതിന് കൊല്ലപ്പെട്ട യു.കെ. കുഞ്ഞിരാമന്റെ സ്മാരകം വികൃതമാക്കി; ആര്‍.എസ്.എസെന്ന് ആരോപണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

നീര്‍വേലി: കണ്ണൂര്‍ തലശ്ശേരി കലാപ സമയത്ത് മുസ്‌ലിം പള്ളികള്‍ക്ക് കാവൽ നിന്നതിന് കൊല്ലപ്പെട്ട സി.പി.ഐ.എം നേതാവ് യു.കെ. കുഞ്ഞിരാമന്റെ രക്തസാക്ഷിതമണ്ഡപം വികൃതമാക്കിയ നിലയില്‍. ഇന്നലെ (ചൊവ്വ) രാത്രി 12 മണിയോടെയാണ് സംഭവം.

അക്രമത്തിന് പിന്നില്‍ ആര്‍.എസ്.എസെന്നാണ് സി.പി.ഐ.എം ആരോപിക്കുന്നത്. രക്തസാക്ഷി മണ്ഡപത്തില്‍ കരി ഓയില്‍ ഒഴിച്ചും സമീപത്തുണ്ടായിരുന്ന കൊടിമരം പിഴുതെറിഞ്ഞുമാണ് സ്മാരകം വികൃതമാക്കിയിരിക്കുന്നത്.

കണ്ണൂരിലെ നീര്‍വേലി അളകാപുരം എന്ന പ്രദേശത്താണ് യു.കെ. കുഞ്ഞിരാമന്റെ സ്മാരകം സ്ഥാപിച്ചിട്ടുള്ളത്. ആര്‍.എസ്.എസിനും ബി.ജെ.പിക്കും ചെറിയ തോതില്‍ സ്വാധീനമുള്ള മേഖല കൂടിയാണ് ഇത്. എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പിന്തുണയേറെയുള്ള ഭാഗങ്ങളാണ് നീര്‍വേലിയുടെ ഭൂരിഭാഗവും.

1972ല്‍ ആര്‍.എസ്.എസ് ആസൂത്രണം ചെയ്ത തലശ്ശേരി കലാപത്തില്‍, തലശ്ശേരി താലൂക്കിലെ മസ്ജിദുകള്‍ ആക്രമിക്കാനിടയുണ്ടെന്ന് മനസിലാക്കിയ സി.പി.ഐ.എം ഒരു വളണ്ടിയര്‍ ഗ്രൂപ്പിന് രൂപം നല്‍കിയിരുന്നു.

പ്രസ്തുത സംരക്ഷണ കമ്മിറ്റിയുടെ യോഗം കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെയാണ് 1972 ജനുവരി മൂന്നിന് യു.കെ. കുഞ്ഞിരാമന്‍ ആക്രമിക്കപ്പെട്ടത്.

തലയ്ക്ക് പിന്നില്‍ അടിയേറ്റ കുഞ്ഞിരാമനെ കൂത്തുപറമ്പ് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും, 1972 ജനുവരി നാലിന് ആരോഗ്യനില വഷളായതോടെ മരണപ്പെടുകയായിരുന്നു. കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് കുഞ്ഞിരാമന് ജീവന്‍ നഷ്ടമായത്.

യു.കെ. കുഞ്ഞിരാമന് പുറമെ സി.പി.ഐ.എം പ്രവര്‍ത്തകരായ വത്സന്‍, നാണു എന്നിവര്‍ക്കും കുത്തേറ്റിരുന്നു. എന്നാല്‍ ഇതിനെ ചാരായ ഷാപ്പില്‍ നടന്ന ഒരു തര്‍ക്കമായും അതിനെ തുടര്‍ന്നുണ്ടായ അപകടമായും വരുത്തിത്തീര്‍ക്കാനുമാണ് ആര്‍.എസ്.എസ് ശ്രമിച്ചിരുന്നത്.

Content Highlight: U.K. Kunhiraman’s martyrdom pavilion has been defaced

We use cookies to give you the best possible experience. Learn more