| Tuesday, 4th December 2012, 10:19 am

യു.എ.ഇയില്‍ രണ്ട് മാസത്തെ പൊതുമാപ്പ് ഇന്ന് മുതല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദുബായ്: കഴിഞ്ഞ മാസം 13ന് യു.എ.ഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ട് മാസത്തെ പൊതുമാപ്പ് ഇന്ന് ആരംഭിക്കും. അനധികൃത താമസക്കാരായ വിദേശികള്‍ക്ക്  ഡിസംബര്‍ നാല് മുതല്‍ ഫെബ്രുവരി മൂന്ന് വരെയാണ് പൊതുമാപ്പ് കാലാവധി.[]

ഇത് പ്രകാരം വിസയോ മറ്റോ ഇല്ലാതെ നിയമം ലംഘിച്ച് താമസിക്കുന്ന എല്ലാ വിദേശികള്‍ക്കും പിഴയോ മറ്റ് ശിക്ഷകളോ കൂടാതെ വിവിധ  വിഭാഗങ്ങളില്‍ നിന്ന് ഔട്ട്പാസ് കരസ്ഥമാക്കി സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങാം.

യു.എ.ഇയില്‍ രണ്ടുമാസം നീളുന്ന പൊതുമാപ്പ് കാലാവധി ഇന്ന് തുടങ്ങാനിരിക്കെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്കായി വിപുലമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയത്.

ഔട്ട്പാസ് ഫീസ് ഒഴിവാക്കാനും സൗജന്യമായി നാട്ടിലെത്തിക്കാനുമുള്ള നടപടികള്‍ക്കു പുറമേ പുനരധിവാസ പദ്ധതികളും സജീവ പരിഗണനയിലാണ്.

നോര്‍ക്ക ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കാനുള്ള സന്നദ്ധത എംബസിയെ അറിയിച്ചിട്ടുണ്ട്. ശിക്ഷാകാലാവധി കഴിഞ്ഞിട്ടും ജയിലില്‍ തുടരുന്നവരെ നാട്ടിലെത്തിക്കാനുള്ള സ്വപ്നസാഫല്യം പദ്ധതി എല്ലാ ഗള്‍ഫ് രാജ്യങ്ങളിലേക്കും വ്യാപിപ്പിച്ചതായി നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ ഇസ്മയില്‍ റാവുത്തര്‍ അറിയിച്ചു.

അതേസമയം രാജ്യത്ത് തുടരാന്‍ താത്പര്യമുള്ളവര്‍ക്ക് പിഴയൊടുക്കി വിസയിലേയ്ക്കും മാറാം. എന്നാല്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്ന ഇന്ത്യക്കാരില്‍ നിന്ന് ഔട്ട്പാസിന് 60 ദിര്‍ഹവും സര്‍വീസ് ചാര്‍ജായി ബി.എല്‍.എസ് കേന്ദ്രങ്ങള്‍ ഒമ്പത് ദിര്‍ഹവും ഈടാക്കാനുള്ള നടപടിക്കെതിരെ പ്രവാസികളില്‍ നിന്ന് ശക്തമായ പ്രതിഷേധം തുടരുകയാണ്.

മുന്‍ കാലങ്ങളില്‍ കുറഞ്ഞ നിരക്കില്‍ നല്‍കിയിരുന്ന സേവനം ഇത്തവണ ഈ തുകയ്ക്ക് നല്‍കുന്നത് കൊണ്ട് പാവപ്പെട്ടവര്‍ക്ക് പ്രയോജനമുണ്ടാകില്ലെന്നാണ് ആരോപണം.

നേരത്തെ 20 ദിര്‍ഹമായിരുന്നു ഔട്ട്പാസിന് നല്‍കേണ്ടിിരുന്നത്. നാട്ടിലേയ്ക്ക് തിരിച്ചുപോകാനോ വിസ പുതുക്കാനോ നിര്‍വാഹമില്ലാത്തവരാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവരില്‍ ഏറെയും. എന്നാല്‍ ഇവരെ പിഴിയുന്നതിന് തുല്യമാണ് വലിയ തുക ഫീസായി പിരിക്കുന്നത് എന്നാണ് ആക്ഷേപം.

Latest Stories

We use cookies to give you the best possible experience. Learn more