| Saturday, 27th September 2025, 11:19 am

രണ്ട് വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതി ഹസന്‍കുട്ടി കുറ്റക്കാരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഉറങ്ങിക്കിടന്നിരുന്ന രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി ഹസന്‍കുട്ടി കുറ്റക്കാരന്‍. തിരുവനന്തപുരം പോക്‌സോ കോടതിയുടേതാണ് വിധി. ശിക്ഷാവിധി വെള്ളിയാഴ്ച പുറപ്പെടുവിക്കും.

തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, വധശ്രമം എന്നീ കുറ്റകൃത്യങ്ങളില്‍ പ്രതി ഏര്‍പ്പെട്ടിട്ടുണ്ടെന്ന് കോടതി കണ്ടെത്തി. ഹസന്‍കുട്ടി മറ്റൊരു പോക്സോ കേസിലും പ്രതിയാണ്. ഇക്കാര്യം കോടതിയും നിരീക്ഷിച്ചു.

ശിക്ഷാവിധിയില്‍ പ്രതികരണം തേടിയ കോടതിയോട് താന്‍ നിരപരാധിയാണെന്നാണ് പ്രതി പറഞ്ഞത്. തനിക്ക് ഏറ്റവും കുറഞ്ഞ ശിക്ഷ നല്‍കണമെന്നും പ്രതി കോടതിക്ക് മുമ്പാകെ ആവശ്യപ്പെട്ടു.

2024 ഫെബ്രുവരി 19നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചാക്കയില്‍ റോഡരികില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പ്രതി ഹസന്‍കുട്ടി അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.

ബ്രഹ്‌മോസിന് പുറകിലുള്ള കുറ്റിക്കാട്ടില്‍ വെച്ചാണ് പ്രതി കുട്ടിയെ ആക്രമിച്ചത്. തുടര്‍ന്ന് ആ കാട്ടില്‍ തന്നെ കുട്ടിയെ ഉപേക്ഷിച്ച് ഇയാള്‍ രക്ഷപ്പെടുകയും ചെയ്തിരുന്നു.

ചാക്കയ്ക്ക് സമീപം കഴിഞ്ഞിരുന്ന നാടോടികളായ ദമ്പതികള്‍ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന പെണ്‍കുട്ടിയെയാണ് ഇയാള്‍ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ അന്വേഷണം ആരംഭിച്ച പൊലീസ് ഒരു ദിവസത്തിന് ശേഷമാണ് രണ്ടുവയസുകാരിയെ കണ്ടെത്തിയത്.

തുടര്‍ന്ന് കുട്ടിയെ എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അടിയന്തിര ചികിത്സ നല്‍കുകയുമായിരുന്നു. 13 ദിവസത്തിന് ശേഷമാണ് പൊലീസിന് പ്രതിയെ പിടികൂടാന്‍ സാധിച്ചത്. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.

പ്രതിയുടെ വസ്ത്രത്തില്‍ നിന്ന് കണ്ടെത്തിയ മുടിയാണ് കേസില്‍ വഴിത്തിരിവായി. കുട്ടി അതിക്രമത്തിനിരയായ സ്ഥലത്ത് നിന്ന് ശേഖരിച്ച സാമ്പിളുകളും പ്രതിയുടെ വസ്ത്രത്തില്‍ നിന്ന് ലഭിച്ച സാമ്പിളുകളും ഒന്നാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

Content Highlight: Two-year-old girl abused case; Accused Hasankutty found guilty

We use cookies to give you the best possible experience. Learn more