| Friday, 23rd December 2022, 9:28 pm

കുര്‍ബാന തര്‍ക്കം രൂക്ഷം; എറണാകുളം ബസലിക്ക പള്ളിയില്‍ ഒരേസമയം രണ്ട് തരം കുര്‍ബാന

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സിറോ മലബാര്‍ സഭയിലെ കുര്‍ബാന തര്‍ക്കം അസാധാരണ നീക്കത്തിലേക്ക്. എറണാകുളം സെന്റ് മേരീസ് ബസലിക്ക പള്ളിയില്‍ ഒരേസമയം രണ്ട് തരം കുര്‍ബാന നടന്നു.

പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കുമ്പോള്‍, വിമത വിഭാഗം ജനാഭിമുഖ കുര്‍ബാനയും നടത്തി.

കുര്‍ബാന തര്‍ക്കത്തെ തുടര്‍ന്ന് ഏഴ് വൈദികര്‍ ജനാഭിമുഖ കുര്‍ബാനയും ഒരു വൈദികന്‍ ഏകീകൃത കുര്‍ബാനയുമാണ് അര്‍പ്പിക്കുന്നത്. അഡ്മിനിസ്ട്രേറ്റര്‍ ആന്റണി പൂതവേലില്‍ ആണ് ഏകീകൃത കുര്‍ബാന അര്‍പ്പിക്കുന്നത്.

ഇതോടെ പള്ളിയില്‍ സംഘര്‍ഷത്തിലേക്കും കാര്യങ്ങള്‍ എത്തി. ഗോബാക്ക് വിളികളുമായി ഇരുവിഭാഗവും പ്രതിഷേധിക്കുകയാണ്. സിനഡിന് പരാതി നല്‍കുമെന്നാണ് വിമത വിഭാഗം പറയുന്നത്.

സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് പള്ളിക്കകത്ത് കനത്ത പൊലീസ് കാവലുണ്ട്. പ്രതിഷേധക്കാരെ നിയന്ത്രിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

പ്രതിഷേധം തുടരുന്നവര്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുമെന്ന് എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് മുന്നറിയിപ്പ് നല്‍കി.

ഏകീകൃത കുര്‍ബാനക്കെതിരെയും അനുകൂലിച്ചും സിറോ മലബാര്‍ സഭയില്‍ തര്‍ക്കം രൂക്ഷമായി തുടരുകയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിന് പൊലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഈ മാസം ആദ്യം ഉത്തവിട്ടിരുന്നു.

ഏകീകൃത കുര്‍ബാനച്ചൊല്ലല്‍ രീതിയെ എതിര്‍ക്കുന്ന വിമത വിഭാഗത്തില്‍ നിന്നും ജീവന് ഭീഷണിയുണ്ടെന്ന് ബിഷപ്പ് കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് സംരക്ഷണം നല്‍കണമെന്ന് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്.

കുര്‍ബാന അര്‍പ്പിക്കാനെത്തിയ ആന്‍ഡ്രൂസ് താഴത്തിനെ സമരക്കാര്‍ തടഞ്ഞത് വലിയ പ്രശ്നങ്ങളുണ്ടാക്കിരുന്നു. പള്ളിയുടെ ഗേറ്റ് പൂട്ടിയിട്ടാണ് പ്രതിഷേധക്കാര്‍ ബിഷപ്പിനെ തടഞ്ഞത്.

ഇതിന് പിന്നാലെ ഏകീകൃത കുര്‍ബാനയെ പിന്തുണച്ച് ബിഷപ്പിനൊപ്പം നില്‍ക്കുന്ന വിശ്വാസികളുടെ വിഭാഗത്തില്‍ നിന്നുള്ളവര്‍ ആസ്ഥാനത്തേക്ക് കയറി ബോര്‍ഡുകളും കസേരകളും തല്ലിത്തകര്‍ത്തിരുന്നു.

പള്ളിക്ക് സമീപം ഇരു വിഭാഗക്കാരും തമ്മില്‍ സംഘര്‍ഷാവസ്ഥ രൂപപ്പെട്ടതിന് പിന്നാലെ പൊലീസെത്തിയാണ് ഇവരെ പിരിച്ചുവിട്ടത്. കുര്‍ബാന അര്‍പ്പിക്കാതെ ബിഷപ്പ് തിരിച്ചുപോകുകയും ചെയ്തിരുന്നു.

സിറോ മലബാര്‍ സഭയ്ക്ക് കീഴിലെ എല്ലാ പള്ളികളിലും ഒരൊറ്റ രീതിയില്‍ തന്നെ കുര്‍ബാന അര്‍പ്പിക്കണം എന്ന് ബിഷപ്പുമാരുടെ സിനഡ് തീരുമാനിച്ചതാണ് ഇന്ന് നടക്കുന്ന തര്‍ക്കങ്ങളുടെ തുടക്കകാരണം. 2021 ഓഗസ്റ്റിലാണ് ഇങ്ങനെയൊരു നിര്‍ദേശം വരുന്നത്. സിനഡിന്റെ നിര്‍ദേശ പ്രകാരം, കുര്‍ബാനയുടെ ആദ്യ ഭാഗങ്ങളില്‍ മാത്രം വൈദീകന്‍ ജനങ്ങള്‍ക്ക് അഭിമുഖമായി നില്‍ക്കുകയും പിന്നീടുള്ള ഭാഗത്തെല്ലാം തിരിഞ്ഞുനിന്ന് ദൈവീകരൂപങ്ങളെ അഭിമുഖീകരിച്ചും കുര്‍ബാന അര്‍പ്പിക്കണം.

സിറോ മലബാര്‍ സഭയ്ക്ക് കീഴിലെ വിവിധ വിഭാഗങ്ങളിലും, പ്രാദേശികമായും കുര്‍ബാന ചൊല്ലുന്നതില്‍ ചില വ്യത്യാസങ്ങളുണ്ട്. ഭൂരിഭാഗം സ്ഥലങ്ങളിലും വൈദീകര്‍ വിശ്വാസികളെ അഭിമുഖീകരിച്ചുകൊണ്ടാണ് കുര്‍ബാന ചൊല്ലുക. എന്നാല്‍ ചിലയിടങ്ങളില്‍ വിശ്വാസികളില്‍ നിന്നും മുഖം തിരിഞ്ഞ് ദൈവീകരൂപകങ്ങളെ മാത്രം അഭിമുഖീകരിച്ചുകൊണ്ട് കുര്‍ബാന അര്‍പ്പിക്കുന്ന രീതിയുണ്ട്.

കുര്‍ബാനയുടെ ഭൂരിഭാഗം സമയവും വൈദീകന്‍ വിശ്വാസികള്‍ക്ക് നേരെ നില്‍ക്കുകയും ചില പ്രത്യേക സമയത്ത് പ്രാര്‍ത്ഥനകള്‍ ചൊല്ലാനായി തിരിഞ്ഞു നില്‍ക്കുകയും ചെയ്യുന്നതാണ് മൂന്നാമത്തെ രീതി.

വത്തിക്കാനും മാര്‍പാപ്പയും കുര്‍ബാനയടക്കമുള്ള കാര്യങ്ങളില്‍ കത്തോലിക്കസഭയില്‍ ഒരു ഏകീകൃത രൂപം കൊണ്ടുവരണമെന്ന നിര്‍ദേശം 2021 ജൂലൈയില്‍ നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് വ്യത്യസ്ത രീതികള്‍ ഒഴിവാക്കി ദൈവീകരൂപങ്ങള്‍ക്ക് നേരെ തിരിഞ്ഞുകൊണ്ട് കുര്‍ബാന അര്‍പ്പിക്കണമെന്ന് സിനഡ് നിര്‍ദേശം നല്‍കുന്നത്.

കാലങ്ങളായി ഉയരുന്ന ആവശ്യമാണിതെന്നും കൊവിഡ് കാലത്ത് കുര്‍ബാന ചൊല്ലുന്നതുമായി ബന്ധപ്പെട്ട് പല രീതികള്‍ കെകൊള്ളേണ്ടി വന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നതും പുതിയ തീരുമാനത്തിന് കാരണമായി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, നിരവധി ബിഷപ്പുമാരുടെയും വൈദീകരുടെയും എതിര്‍പ്പ് പരിഗണിക്കാതെയാണ് സിനഡ് സര്‍ക്കുലര്‍ പുറത്തിറക്കിയതെന്ന ആക്ഷേപവും അന്ന് തന്നെ ഉയര്‍ന്നിരുന്നു.

ജനാഭിമുഖമായി നിന്നുകൊണ്ട് കുര്‍ബാന അര്‍പ്പിക്കുന്ന രീതി കാലങ്ങളായി തുടരുന്നതാണെന്നും അത് മാറ്റേണ്ടതില്ലെന്നുമാണ് പ്രതിഷേധക്കാരുടെ വാദം. മാത്രമല്ല വൈദീകരുമായോ വിശ്വാസികളുമായോ യാതൊരുവിധ കൂടിയാലോചനയും നടത്താതെയാണ് ഈ തീരുമാനം എടുത്തിരിക്കുന്നതെന്നും അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

പ്രാദേശികമായ സഭകളുടെ സ്വാതന്ത്ര്യത്തെയും വൈവിധ്യങ്ങളെയും അംഗീകരിച്ചുകൊണ്ടാണ് കത്തോലിക്ക സഭ നിലനില്‍ക്കുന്നതെന്നും അതിനെ കൂടിയാണ് സിനഡിന്റെ ഏകപക്ഷീയമായ നിലപാടുകള്‍ വെല്ലുവിളിക്കുന്നതെന്നും വിമത വിഭാഗങ്ങള്‍ പറയുന്നു.

Content Highlight: Two types of mass at the same time in Ernakulam Basilica Church

Latest Stories

We use cookies to give you the best possible experience. Learn more