| Wednesday, 14th May 2025, 3:16 pm

രണ്ട് കാലം, ഒരേ സ്‌നേഹം; എത്രയെത്ര ശത്രുതകളാണ് ഫുട്‌ബോള്‍ മായ്ച്ചുകളയുന്നത്

എം.എം.ജാഫർ ഖാൻ

പണ്ട് പൊലീസില്‍ ജോലി ചെയ്തിരുന്ന, നിലവില്‍ മലപ്പുറം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസറായ ഇ.കെ. അബ്ദുല്‍ സലീം പറഞ്ഞ സുഹൃത്തിന്റെ ഒരു അനുഭവകഥയുണ്ട്. സംഭവം നടക്കുന്നത് 1990ല്‍. ‘തങ്കമണി’ പോലെയുള്ള പലവിധ പ്രമാദമായ കേസുകളും കാരണം മലയാളികള്‍ പോലീസിനെ ശത്രുപക്ഷത്ത് കാണുന്ന കാലം. പോലീസെന്ന് കേട്ടാല്‍ നാട്ടുകാര്‍ക്ക് കട്ടക്കലിപ്പ്.

മലപ്പുറം കുന്നുമ്മലില്‍ ട്രാഫിക്ക് ഡ്യൂട്ടി ചെയ്യുന്ന പോലീസുകാരന് നേരെ ചൂട്ടും ടോര്‍ച്ചുമെല്ലാമായി പെടുന്നനെ ഒരാള്‍ക്കൂട്ടം ആര്‍ത്തലച്ചു വരുന്നു. മഗ്‌രിബോടടുത്ത സമയമാണ്. കെ.എസ്.ആര്‍.ടി.സി ഡിപ്പോക്ക് മുന്നില്‍ കൂടിനില്‍ക്കുന്നവര്‍ എന്താണ് സംഭവിക്കുന്നത് എന്നറിയാതെ അന്തംവിടുന്നു.

ഞൊടിയിടയില്‍ എട്ടുപത്ത് പേര്‍ ചേര്‍ന്ന് ആ പോലീസുകാരനെ പൊക്കിയെടുത്തു. അതിനിടെ കയ്യിലിരുന്ന വാക്കി ടോക്കിയില്‍ സ്റ്റേഷനിലേക്ക് വിളിക്കാന്‍ അദ്ദേഹം ഒരു വിഫലശ്രമം നടത്തുന്നുണ്ട്. അപ്പോഴാണ് ശ്രദ്ധിച്ചത്, എടുത്തുയര്‍ത്തിയത് ആക്രമിക്കാനല്ല. പലരും ഉമ്മ വെച്ചും കെട്ടിപ്പിടിച്ചും സന്തോഷം പ്രകടിപ്പിക്കുന്നു. പോലീസുകാരന് ചുറ്റും നിന്ന് നാട്ടുകാരുടെ പാട്ടും ചാട്ടവും.

ഇതെന്ത് കഥ? അതിരാവിലെ ഡ്യൂട്ടിക്കായി വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ തൃശൂര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് ഫെഡറേഷന്‍ കപ്പ് ഫുട്‌ബോളിന്റെ ഫൈനലില്‍ കേരള പോലീസ് സാല്‍ഗോക്കര്‍ ഗോവയെ നേരിടുന്നതൊന്നും ആ പാവം പോലീസുകാരന്‍ അറിഞ്ഞിരുന്നില്ല. ഗോവക്കാരെ തോല്‍പ്പിച്ച് കേരള കാക്കിപ്പട ആദ്യമായി ഫെഡറേഷന്‍ കപ്പടിച്ച സന്തോഷത്തിലാണ് ആളുകള്‍ ‘ശത്രുവിനെ’ എടുത്തുയര്‍ത്തി മുത്തിയത്.

ഐ.എം. വിജയന്‍ / യു. ഷറഫലി

വിജയനും പാപ്പച്ചനും ഷറഫലിയും ചാക്കോയുമെല്ലാം ഉള്‍പ്പെട്ട പോലീസ് ടീമിന്റെ വിജയം തൃശൂരില്‍ പോയി നേരില്‍ കാണാന്‍ സാധിക്കാത്തവര്‍ റേഡിയോയില്‍ മത്സരത്തിന്റെ കമന്ററി കേട്ട് പുറത്തിറങ്ങിയതാണ്. ഫുട്‌ബോള്‍ പ്രേമികള്‍ അവരുടെ സന്തോഷം ട്രാഫിക് പോലീസുകാരനില്‍ തീര്‍ത്തു. അതാണ് ഒരു നാടകത്തിന്റെ ക്ഷോഭാകുലമായ അന്ത്യരംഗം പോലെ നടുറോഡില്‍ സംഭവിച്ചത്.

1990ലെ ഫെഡറേഷന്‍ കപ്പ് കളിച്ച കേരള പൊലീസ് ടീം

മെയ് 12, 2025. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ കേരള പ്രീമിയര്‍ ലീഗിന്റെ ഫൈനല്‍ പോരാട്ടം. ഒരു ടീം കേരള പോലീസ് തന്നെ. മറുഭാഗത്ത് ഫുട്‌ബോളിലെ പുത്തന്‍ കൂറ്റുകാരായ മുത്തൂറ്റ് ഫുട്‌ബോള്‍ അക്കാദമി. കിക്കോഫിന് മുന്‍പ് തന്നെ ഗ്യാലറിയില്‍ ഇരുന്ന് കൊണ്ടോട്ടിക്കാരന്‍ മുജീബ് മുത്തൂറ്റ് ടീമിനെ നോക്കി ഉറക്കെ വിളിച്ചു പറയുകയാണ്, ‘ന്റെ ഒന്നരപ്പവന്റെ രണ്ട് വളകളാണുട്ടോ ഇങ്ങള്‍ കുണ്ടോയത്’.

തൊട്ടപ്പുറത്തുള്ള ജമാലാണ് മറുപടി പറഞ്ഞത്. ‘അന്റത് മാത്രൊന്ന്വല്ല ചെങ്ങായ്, ഇന്നാട്ടിലെ എല്ലാ പുരേന്നുള്ള പണ്ടം ആ പഹയന്മാരുടെ പത്തായത്തിലുണ്ടാകും’. ഗോള്‍ഡ് ലോണില്‍ കുടുങ്ങിയ ലക്ഷക്കണക്കിന് മലയാളികളുടെ ആത്മരോഷം.

മുത്തൂറ്റ് ഫുട്‌ബോള്‍ അക്കാദമി

ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ മുത്തൂറ്റ് – 2 കേരള പോലീസ് -1. ഗ്യാലറിയില്‍ നിന്നിറങ്ങുമ്പോള്‍ മുജീബ് അല്പം മയപ്പെട്ടിരുന്നു. ‘ന്നാലും ന്താ, മലപ്പുറത്ത് വന്ന് ഓല് ഒരു ടീമ്ണ്ടാക്കീലെ, കപ്പട്ച്ച്‌ലെ?, കോച്ചും ഒട്ടുമുക്കാല്‍ കളിക്കാരും ഞമ്മളെ നാട്ടാര് അല്ലേ’. ആത്മാഗതമെന്നോണം മുജീബ് പിറുപിറുത്തു.

അനസ് ഐക്കരപ്പടി, നന്ദു കൃഷ്ണ എടരിക്കോട്, സന്ദീപ് വാഴക്കാട്, ജിഷ്ണു വണ്ടൂര്‍, ഫെബില്‍ എടക്കര, നിഷാന്‍ തിരൂര്‍, അജയ് കൃഷ്ണ മഞ്ചേരി, സമദ് പൂക്കോട്ടൂര്‍, അന്‍ഫല്‍ അരീക്കോട്, ഹര്‍ഷല്‍ നിലമ്പൂര്‍, ഷിയാസ് പെരിന്തല്‍മണ്ണ, സഹദ് കൊളത്തൂര്‍.. മുത്തൂറ്റ് ടീമിലെ മലപ്പുറം കളിക്കാരെ എണ്ണിയെണ്ണി പറഞ്ഞ് പുതിയ സ്റ്റാന്‍ഡിലേക്ക് കയറുമ്പോള്‍ മുജീബ് ആ ടീമിന്റെ ഫാന്‍ ആയി മാറിയിരുന്നോ? അറിയില്ല. എത്രയെത്ര ‘ശത്രുതകളാണ്’ ഫുട്‌ബോള്‍ മായ്ച്ചുകളയുന്നത്!

content highlights: Two times, one love; How many animosities football erases

എം.എം.ജാഫർ ഖാൻ

Latest Stories

We use cookies to give you the best possible experience. Learn more