| Wednesday, 10th December 2025, 12:50 pm

വനിതാ മാധ്യമപ്രവര്‍ത്തകരില്‍ മൂന്നില്‍ രണ്ട് പേര്‍ ഓണ്‍ലൈന്‍ അതിക്രമത്തിന് വിധേയരാകുന്നുവെന്ന് യു.എന്‍ റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജനീവ: വനിതാ മാധ്യമ പ്രവര്‍ത്തകരില്‍ മൂന്നില്‍ രണ്ട് പേര്‍ ഓണ്‍ലൈന്‍ അതിക്രമത്തിന് വിധേയരാകുന്നുവെന്ന് യു.എന്‍ റിപ്പോര്‍ട്ട്.
മൂന്നില്‍ രണ്ട് മാധ്യമ പ്രവര്‍ത്തകര്‍, ആക്ടീവിസ്റ്റുകള്‍ , മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഓണ്‍ലൈന്‍ അതിക്രമത്തിന് ഇരകളായിട്ടുണ്ട്. 40 ശതമാനത്തോളം പേര്‍ ഡിജിറ്റല്‍ ദുരുപയോഗവുമായി ബന്ധപ്പെട്ട അതിക്രമങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ടെന്നും യു.എന്‍ വുമണ്‍ ചൊവ്വാഴ്ച്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

‘ടിപ് പോയിന്റെ് ‘ എന്ന് പേരിട്ടിരിക്കുന്ന റിപ്പോര്‍ട്ടില്‍ 119 ലേറെ രാജ്യങ്ങളിലെ 6,900 ത്തിലധികം മനുഷ്യാവകാശ പ്രവര്‍ത്തകര്‍, ആക്ടീവിസ്റ്റുകള്‍ തുടങ്ങിയവരുടെ നിരീക്ഷണങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സോഷ്യല്‍ മീഡിയയുടെയും ആര്‍ട്ടിഫിഷ്യല്‍ ഇന്‍ഡലിജന്‍സിന്റെയും വളര്‍ച്ചയ്‌ക്കൊപ്പം അക്രമങ്ങളും വര്‍ധിക്കുന്നുവെന്ന വിഷയത്തെ കേന്ദ്രീകരിച്ചുള്ളതായിരുന്നു പഠനം.

‘നമ്മുടെ മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്ന,വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സ്ത്രീകളെ അപമാനിക്കുന്നതിലൂടെയും അതിക്രമങ്ങള്‍ നടത്തുന്നതിലൂടെയും പൊതു വിഷയങ്ങളിലുള്ള സ്ത്രീ പങ്കാളിത്തം കുറയ്ക്കുകയും സ്ത്രീകളെ നിശബ്ദരാക്കുകയുമാണ്,’ യു.എന്‍ വനിതാ നയ ഡയറക്റ്റര്‍ സാറാ ഹെന്‍ഡ്രിക്ക് പറഞ്ഞു.

‘കൂടുതല്‍ അതിക്രമങ്ങളും സ്‌ക്രീനുകളിലവസാനിക്കുന്നില്ല. സ്ത്രീകളുടെ വീട്ടുപടിക്കലാണ് അവസാനിക്കുന്നത്’, അവര്‍ കൂട്ടിചേര്‍ത്തു.

സാമൂഹിക മാധ്യമങ്ങളിലും മറ്റും കൂടുതലായി ഇടപെടുകയും സ്വാധീനം ചെലുത്തുകയും ചെയ്യുന്ന വനിതാ എഴുത്തുകാര്‍,
കോണ്ടന്റ് ക്രിയേറ്റേസ് തുടങ്ങിയവരെയാണ് ഡീപ്പ് ഫേക്ക് ഇമേജുകള്‍ പോലുള്ള ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ കൂടുതല്‍ ബാധിക്കുന്നതെന്ന് യൂറോപ്യന്‍ കമ്മീഷനുമായി ചേര്‍ന്നുളള റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ക്ക് പുറമെ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുളള നേരിട്ടുളള അതിക്രമങ്ങള്‍ ഇരട്ടിയിലധികം വര്‍ധിച്ചതായി ഗവേഷക ജൂലി പൊസൈറ്റി പറഞ്ഞു.

സര്‍വേയുടെ ഭാഗമായ 41 ശതമാനം പേരും ഓഫ്‌ലൈന്‍ അതിക്രമങ്ങള്‍,ശാരീരികമോ ലൈംഗിക പരമോ ആയ അതിക്രമങ്ങള്‍ നേരിട്ടുണ്ടെന്നും വെളിപ്പെടുത്തി.
ഇത്തരം അതിക്രമങ്ങള്‍ കണ്ടെത്തുന്നതിനും തടയുന്നതിനുമായി തൊഴില്‍ ഇടങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണമെന്നും ഇതിനെതിരെ ശബ്ദമുയര്‍ത്തണമെന്നും റിപ്പോര്‍ട്ട് ആവശ്യപെട്ടു.

Content Highlight:Two-thirds of female journalists face online harassment, says UN report

We use cookies to give you the best possible experience. Learn more