| Thursday, 19th March 2026, 8:32 pm

യു.എസ് ഉപരോധത്തിന് മറുപടി;എണ്ണയും വാതകവുമായി രണ്ട് റഷ്യന്‍ കപ്പലുകള്‍ ക്യൂബയിലേക്ക്; റിപ്പോര്‍ട്ട്

അനിത സി

ഹവാന: യു.എസ് ഉപരോധത്തിന് പിന്നാലെ ഇരുട്ടിലായ ക്യൂബയ്ക്ക് ആശ്വാസവുമായി റഷ്യയുടെ എണ്ണയും വാതകവും എത്തുന്നു. തിങ്കളാഴ്ച വാതകവും വഹിച്ചുകൊണ്ടുള്ള റഷ്യന്‍ കപ്പല്‍ ക്യൂബയിലേക്ക് എത്തുമെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

റഷ്യന്‍ സ്റ്റേറ്റ് ഷിപ്പിംഗ് കമ്പനിയായ സോവ്‌കോംഫ്‌ലോട്ടിന്റെ ഉടമസ്ഥതയിലുള്ള റഷ്യന്‍ പതാകയുള്ള കപ്പല്‍ മാര്‍ച്ച് 23 ന് ക്യൂബയുടെ വടക്ക് ഭാഗത്തുള്ള മറ്റാന്‍സാസ് ഓയില്‍ ടെര്‍മിനലില്‍ എത്തുമെന്നാണ് കപ്പലിന്റെ ഡാറ്റ കാണിക്കുന്നത്. റഷ്യയില്‍ നിന്നും ഏകദേശം 27,000 ടണ്‍ വാതകമാണ് കപ്പലില്‍ ക്യൂബയില്‍ എത്തിക്കുകയെന്നാണ് വിവരം.

മാര്‍ച്ച്8 ന് റഷ്യന്‍ തുറമുഖമായ പ്രിമോര്‍സ്‌കില്‍ നിന്നും 730,000 ബാരല്‍ അസംസ്‌കൃത എണ്ണ കയറ്റിയ റഷ്യന്‍ ടാങ്കര്‍ അനറ്റോലി കൊളോഡ്കിന്‍ ക്യൂബയിലേക്ക് പോയതായി സമുദ്ര വിശകലന സ്ഥാപനമായ കെപ്ലര്‍ റിപ്പോര്‍ട്ട് ചെയ്തു. ഏപ്രില്‍ നാലിന് ഈ കപ്പല്‍ ക്യൂബയില്‍ എത്തുമെന്നാണ് വിവരം.

കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ ആദ്യമായാണ് വിദേശത്ത് നിന്നും ക്യൂബയിലേക്ക് ഇന്ധനമെത്തുന്നത്. യു.എസ് ഉപരോധത്തെ തുടര്‍ന്ന് ക്യൂബയിലേക്കുള്ള വെനസ്വേലയില്‍ നിന്നുള്ള എണ്ണ, വാതക വിതരണം നിലച്ചതോടെ രാജ്യം വലിയ പ്രതിസന്ധിയിലായിരുന്നു.

രാജ്യത്തെ ആകെ ആവശ്യമുള്ള ഇന്ധനത്തിന്റെ ഭൂരിഭാഗവും നല്‍കിയിരുന്നത് അയല്‍രാജ്യമായ വെനസ്വേലയായിരുന്നു.

എന്നാല്‍ ജനുവരിയില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ പിടികൂടി നാടുകടത്തിയതിന് ശേഷം ക്യൂബ വലിയ രീതിയിലുള്ള ഉപരോധമാണ് നേരിട്ടിരുന്നത്.

ക്യൂബക്ക് ഇന്ധനം നല്‍കുന്ന മറ്റ് രാജ്യങ്ങള്‍ക്കെതിരെയും ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു.

നിലവില്‍ മണിക്കൂറുകള്‍ നീണ്ട വൈദ്യുത തടസവും ഒഴിഞ്ഞ പെട്രോള്‍ പമ്പുകളും ക്യൂബയില്‍ സാധാരണക്കാഴ്ചയായിരിക്കുകയാണ്. ഈ പ്രതിസന്ധികള്‍ക്ക് റഷ്യയില്‍ നിന്നുമെത്തുന്ന എണ്ണ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

Content Highlight: Two ships carrying Russian oil and gas to Cuba in response to US sanctions; report

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more