ലഖ്‌നൗ: ഉത്തർപ്രദേശിലെ വൃന്ദാവൻ നഗരത്തിൽ ഡ്രൈനേജ് വൃത്തിയാക്കുന്നതിടെ വിഷവാതകം ശ്വസിച്ച് തൊഴിലാളികൾക്ക് ദാരുണാന്ത്യം. വൃന്ദാവനിലെ ഒരു ഗസ്റ്റ് ഹൗസിലെ മലിനജല ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് വിഷവാതകം ശ്വസിച്ച് രണ്ട് ശുചീകരണ തൊഴിലാളികൾ മരണപ്പെട്ടത്.
സുരക്ഷാ സംവിധാങ്ങളൊന്നുമില്ലാതെയാണ് തൊഴിലാളികളെ ഡ്രൈനേജിലിറക്കിയതെന്നും സംഭവത്തിന് പിന്നാലെ കരാറുകാരനെ കസ്റ്റഡിയിലെടുത്തതായും പൊലീസ് ഔട്ട്‌പോസ്റ്റ് ഇൻ-ചാർജ് കുൽവീർ സിങ് പറഞ്ഞു.
ഡ്രൈനേജിലിറങ്ങിയ ഉടനെ തന്നെ വിഷ വാതകം ശ്വസിച്ച് തൊഴിലാളികൾ ബോധരഹിതരായെന്നും ഉടൻ തന്നെ അവരെ ആശുപത്രിയിലെത്തിച്ചെന്നും എന്നാൽ രക്ഷപ്പെട്ടില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു.
നരേന്ദ്ര (38), ഛോട്ടേലാൽ (40) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞതായി സിങ് പറഞ്ഞു. മരിച്ചവരുടെ കുടുംബാംഗങ്ങൾ ആശുപത്രിയിൽ പ്രതിഷേധിച്ചു. ഉചിതമായ നഷ്ടപരിഹാരം നൽകുമെന്ന് ഉറപ്പുനൽകി ഉദ്യോഗസ്ഥർ അവരെ സമാധാനിപ്പിക്കുകയായിരുന്നു.
മനുഷ്യരെ ഇറക്കിയുള്ള തോട്ടിപ്പണി ഇന്ത്യയിൽ നിരോധിച്ചിട്ടുണ്ടെങ്കിലും പലയിടങ്ങളിലും ഇത് വ്യാപകമായി നടക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ച താമിഴ്‌നാട്ടിലെ തിരുപ്പൂരിലും സമാനമായ സംഭവം ഉണ്ടായിരുന്നു. തിരുപ്പൂരിലെ കാരൈപുദൂരിലെ ഒരു സ്വകാര്യ ഡൈയിങ് ഫാക്ടറിയിലെ ഏഴ് അടി ആഴമുള്ള മലിനജല ടാങ്ക് വൃത്തിയാക്കാൻ എത്തിയ അഞ്ച് ആളുകളിൽ മൂന്ന് പേർ മരണപ്പെട്ടിരുന്നു.
മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള യു.പി.എ സർക്കാർ 2013ൽ മനുഷ്യരെ ഇറക്കിയുള്ള തോട്ടിപ്പണി നിരോധിക്കുകയും അവരുടെ പുനരധിവാസ നിയമവും കൊണ്ടുവന്നു. ഇത് ഇന്ത്യയിൽ മനുഷ്യ വിസർജ്ജ്യം കൈകാര്യം ചെയ്യുന്നത് ഉൾപ്പെടെ മനുഷ്യരെ ഇറക്കിയുള്ള തോട്ടിപ്പണിയും നിരോധിച്ചു. മനുഷ്യരെ ഇറക്കിയുള്ള തോട്ടിപ്പണി ജാമ്യം ലഭിക്കാത്ത കുറ്റമാണ്.
ഈ വർഷം ജനുവരിയിൽ, ചെന്നൈ, ഹൈദരാബാദ്, ദൽഹി, ബെംഗളൂരു, കൊൽക്കത്ത, മുംബൈ എന്നീ പ്രധാന നഗരങ്ങളിൽ മനുഷ്യരെ ഇറക്കിയുള്ള തോട്ടിപ്പണി നിരോധിച്ചുകൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടു. അത് തുടരുന്ന ഉദ്യോഗസ്ഥർക്കോ കരാറുകാർക്കോ എതിരെ ക്രിമിനൽ നടപടി സ്വീകരിക്കുമെന്ന് കോടതി മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
Content Highlight: Two sanitation workers die after inhaling poisonous gas in Uttar Pradesh