| Sunday, 8th June 2025, 7:57 am

വഴിക്കടവില്‍ പന്നിക്കെണി സ്ഥാപിച്ചവരെന്ന് സംശയിക്കുന്ന രണ്ട് പേര്‍ കസ്റ്റഡിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. മുഖ്യപ്രതിയായ വഴിക്കടവ് സ്വദേശി വിനീഷ് ഉള്‍പ്പെടെ രണ്ട് പേരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. വഴിക്കടവ് പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

പ്രതികളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് വിവരം. കാട്ടുപന്നിയെ പിടികൂടുന്നതിനായി കെണി വെച്ചവരാണ് കസ്റ്റഡിയിലുള്ളതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കസ്റ്റഡിയിലുള്ള വിനീഷ് സ്ഥിരമായി നായാട്ട് നടത്തുന്നയാളാണെന്നും രണ്ടാമത്തെയാള്‍ വിനീഷിന് സഹായങ്ങള്‍ ചെയ്ത് നല്‍കിയ വ്യക്തിയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

മേഖലയില്‍ പന്നിവേട്ട വ്യാപകമാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ മനപൂര്‍വമല്ലാത്ത നരഹത്യക്ക് വഴിക്കടവ് പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ ആരുടേയും പേര് പരാമര്‍ശിക്കാതെയായിരുന്നു എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്.

ഇന്നലെ (ശനിയാഴ്ച)യാണ് കേസിനാസ്പദമായ സംഭവം നടന്നത്. കെ.എസ്.ഇ.ബി ലൈനില്‍ നിന്ന് നേരിട്ട് പന്നിക്കെണിയിലേക്ക് വൈദ്യുതിക്കായി ലൈന്‍ വലിച്ചുവെന്നും ഇതാണ് അപകടത്തിലേക്ക് നയിച്ചെന്നുമാണ് പ്രാഥമിക നിഗമനം.

അപകടത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ അനന്തുവാണ് മരിച്ചത്. അനന്തുവിന്റെ ഒപ്പമുണ്ടായിരുന്ന രണ്ട് കുട്ടികള്‍ക്കും പരിക്കേറ്റിരുന്നു. ഇവരുടെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെന്നാണ് വിവരം.

ബന്ധുക്കളായ അഞ്ച് കുട്ടികള്‍ ഫുട്ബോള്‍ കളി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടമയുണ്ടായത്. ഇതിനിടെ മീന്‍പിടിക്കാന്‍ പോയപ്പോഴാണ് ഷോക്കേറ്റതെന്ന് ചികിത്സയില്‍ കഴിയുന്ന ഒരു കുട്ടി പ്രതികരിച്ചതായും വിവരമുണ്ട്.

നിലവില്‍ പരിക്കേറ്റ ഒരു കുട്ടി നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും മറ്റൊരാള്‍ പാലാട് സ്വകാര്യ ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്. മരണപ്പെട്ട അനന്തുവിന്റെ മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം ഇന്ന് (ഞായര്‍) 9.30യോടെ നടക്കും.

അതേസമയം വഴിക്കടവിലെ അപകടത്തില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ രംഗത്തെത്തി. അപകടവിവരം നാട്ടുകാര്‍ അറിയുന്നതിന് മുന്നോടിയായി തന്നെ മലപ്പുറത്ത് പ്രതിഷേധം നടന്നുവെന്നാണ് മന്ത്രിയുടെ വിചിത്ര വാദം. സംശയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് ആരോപണമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ മന്ത്രിയുടെ പ്രസ്താവനക്കെതിരെ കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ് രംഗത്തെത്തി. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ നാട്ടുകാര്‍ പ്രതിഷേധിക്കുന്നത് സാധാരണമാണെന്നും മന്ത്രി പ്രസ്താവന തിരുത്തി മാപ്പ് പറയണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

Content Highlight: Two people suspected of setting up a pig trap at a vazhikkadav in custody

Latest Stories

We use cookies to give you the best possible experience. Learn more