| Sunday, 8th March 2026, 6:00 pm

ഇറാന്‍ മിസൈലുകളുടെ അവശിഷ്ടങ്ങള്‍ വീണ് യു.എ.ഇയില്‍ രണ്ട് പാകിസ്ഥാനികള്‍ മരിച്ചു; അപലപിച്ച് ഷഹ്ബാസ് ഷെരീഫ്

രാഗേന്ദു. പി.ആര്‍

അബുദാബി: ആക്രമണത്തിനിടെ തടുത്തിട്ട ഇറാന്‍ മിസൈലുകളുടെ അവശിഷ്ടങ്ങള്‍ വീണ് യു.എ.ഇയില്‍ രണ്ട് പാകിസ്ഥാന്‍ പൗരന്മാര്‍ മരിച്ചു. അല്‍ ബര്‍ഷയിലാണ് സംഭവം. ഇതോടെ യു.എ.ഇയിലെ മരണസംഖ്യ നാലായി.

പാകിസ്ഥാന്‍ പൗരന്മാരുടെ മരണത്തില്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് അപലപിച്ചു. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും ദുബായ് അധികൃതരുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മരണപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നുവെന്നും ഷഹ്ബാസ് ഷെരീഫ് അറിയിച്ചു.

നേരത്തെ ഒരു നേപ്പാളി പൗരനും ഒരു ബംഗ്ലാദേശ് സ്വദേശിയുമാണ് യു.എ.ഇയില്‍ മരിച്ചത്. ഗള്‍ഫ് രാജ്യങ്ങളിലെ യു.എസ് സൈനികകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ഇറാന്റെ ആദ്യഘട്ട പ്രത്യാക്രമണങ്ങള്‍ക്ക് ഇടയിലാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്.

ഫെബ്രുവരി 28നാണ് യു.എസും ഇസ്രഈലും ചേര്‍ന്ന് ഇറാനില്‍ ആക്രമണം ആരംഭിച്ചത്. പിന്നാലെ ഗള്‍ഫ് രാജ്യങ്ങളിലെ യു.എസ് താവളങ്ങള്‍ ലക്ഷ്യമിട്ടാണ് ഇറാന്‍ തിരിച്ചടിച്ചത്.

ഇറാന്‍ പ്രത്യാക്രമണം ആരംഭിച്ചത് മുതല്‍ ഇതുവരെ 221 ബാലിസ്റ്റിക് മിസൈലുകള്‍ കണ്ടെത്തിയതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം പറഞ്ഞു.

ഇതില്‍ 205 എണ്ണം തകര്‍ത്തിട്ടതായും 14 എണ്ണം കടലില്‍ വീണതായും മന്ത്രാലയം അറിയിച്ചു. ഇന്നലെ (ശനി) മാത്രമായി ഇറാന്റെ 16 ബാലിസ്റ്റിക് മിസൈലുകളാണ് യു.എ.ഇ നേരിട്ടത്. ഇതില്‍ 15 എണ്ണവും തടഞ്ഞിട്ടതായാണ് യു.എ.ഇ പ്രതിരോധ മന്ത്രാലയത്തിന്റെ അവകാശവാദം.

ഇറാന്റെ 121 യു.എ.വികളും യു.എ.ഇ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 119 എണ്ണം തടഞ്ഞിട്ടതായും രണ്ടെണ്ണം ജനവാസ മേഖലയില്‍ പതിച്ചതായും മന്ത്രാലയം പറയുന്നു.

അതേസമയം ഇറാന്‍ ആക്രമണം ആരംഭിച്ചതുമുതല്‍ യു.എ.ഇ നേരിട്ടത് 1,305 ഇറാനിയന്‍ യു.എ.വികളാണ്. ഇതില്‍ 1,229 എണ്ണം തടഞ്ഞിട്ടതായും 76 എന്നാല്‍ ജനവാസ മേഖലയില്‍ വീണതായും മന്ത്രാലയം പറഞ്ഞു.

രണ്ട് ക്രൂയിസ് മിസൈലുകളും യു.എ.എയ്ക്ക് നേരെ ഇറാന്‍ തൊടുത്തുവിട്ടിരുന്നു. ഇറാന്റെ പ്രത്യാക്രമണത്തില്‍ 112 പേര്‍ക്ക് പരിക്കേറ്റതായും യു.എ.ഇ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

Content Highlight: Two Pakistanis killed in UAE after Iranian missile debris falls on them; Shehbaz Sharif condemns

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more