റിയാദ്: സൗദി അറേബ്യയിൽ പുതിയ രണ്ട് മദ്യശാലകൾ തുറക്കുമെന്ന് റിപ്പോർട്ട്. കിഴക്കൻ പ്രവിശ്യയായ ദഹ്‌റാനിൽ പുതിയ ഔട്ട്‌ലെറ്റുകളും തുറമുഖ നഗരമായ ജിദ്ദയിൽ നയതന്ത്രജ്ഞർക്കായി ഒരു ഔട്ട്‌ലെറ്റും അടുത്തവർഷം തുറക്കുമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
സൗദിയിൽ പതിറ്റാണ്ടുകളായി മദ്യം വിൽക്കുന്നതിന് വിലക്ക് നിലനിൽക്കുന്നുണ്ടെങ്കിലും കഴിഞ്ഞ വർഷം റിയാദിൽ മദ്യശാല തുറന്നിരുന്നു.
അത് നയതന്ത്രജ്ഞന്മാർക്ക് മാത്രമുള്ളതായിരുന്നു. 73 വർഷം മുമ്പ് മദ്യനിരോധനം കൊണ്ടുവന്നതിനുശേഷം ആദ്യമായിട്ടായിരുന്നു
സൗദിയിൽ മദ്യശാല ആരംഭിക്കുന്നത്.
എന്നാൽ വരാനിരിക്കുന്ന ഷോപ്പുകൾ പ്രീമിയം റെസിഡൻസി ഉടമകളായ മുസ്‌ലിം ഇതര വിദേശികൾക്കും തുറന്നുകൊടുക്കുമെന്നാണ് റിപ്പോർട്ടുകൾ.
അരാംകോ കോമ്പൗണ്ടിൽ ഒരു സ്റ്റോർ പ്ലാൻ ചെയ്തിട്ടുണ്ടെന്നും
അതിന്റെ ഉടമസ്ഥതയിലുള്ള കോമ്പൗണ്ടിലാണ് ദഹ്‌റാനിലെ പുതിയ സ്റ്റോർ സ്ഥാപിക്കുകയെന്നും വൃത്തങ്ങൾ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.
അരാംകോയിൽ ജോലി ചെയ്യുന്ന മുസ്‌ലിം ഇതര വിദേശികൾക്ക് വേണ്ടിയായിരിക്കും സ്റ്റോർ തുറന്നിരിക്കുകയെന്ന് സൗദി അധികൃതർ അറിയിച്ചിരുന്നതായി വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
വിഷൻ 2030ന്റെ ഭാഗമായുള്ള മദ്യവിൽപ്പനയുടെ ഔപചാരികവത്ക്കരണത്തിലേക്കുള്ള വലിയ ചുവടുവയ്പ്
എന്നാണ് വിദഗ്ധർ ഇതിനെ വിലയിരുത്തുന്നത്. സർക്കാർ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.
അടുത്ത വർഷത്തോടെ 150 ദശലക്ഷം വിനോദസഞ്ചാരികളെ രാജ്യത്തേക്ക് എത്തിക്കുകയെന്നത് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിൽ നടക്കുന്ന വിഷൻ 2030 ന്റെ പ്രധാന ലക്ഷ്യമാണ്.
ഇതിനായി ഹോട്ടലുകൾ, റിസോർട്ടുകൾ, വിനോദ പദ്ധതികൾ, സാംസ്കാരിക പരിപാടികൾ തുടങ്ങിയവയിൽ വൻ നിക്ഷേപം നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
മുഹമ്മദ് ബിൻ സൽമാന്റെ ചില പരിഷ്‌ക്കാരങ്ങൾ സൗദിയിലെ കടുത്ത നിയന്ത്രണങ്ങൾ ലഘൂകരിച്ചിട്ടുണ്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.
2017-ൽ സ്ത്രീകൾക്ക് വാഹനമോടിക്കാൻ അനുമതി നൽകുക, പൊതു ഇടങ്ങളിൽ പുരുഷന്മാരെയും സ്ത്രീകളെയും വേർതിരിക്കുന്നതിനുള്ള നിയമങ്ങൾ ലഘൂകരിക്കുക, മത പോലീസിന്റെ അധികാരം ഗണ്യമായി കുറയ്ക്കുക എന്നിവ ബിൻ സൽമാന്റെ നേതൃത്വത്തിൽ വന്ന പരിഷ്കാരങ്ങളാണ്.
Content Highlight: Two new liquor stores to open in Saudi Arabia: Report