ഗസ: ഗസയിലെ ഇസ്രഈല്‍ ഉപരോധത്തിനിടെ ബേബി ഫോര്‍മുലയും മരുന്നും കിട്ടാതെ വീണ്ടും നവജാത ശിശുക്കള്‍ മരിച്ചു. തെക്കന്‍ നഗരമായ ഖാന്‍ യൂനിസിലെ നാസര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ട് നവജാത ശിശുക്കളാണ് മരിച്ചത്.
പത്ത് ദിവസം പ്രായമുള്ള കിന്‍ഡ അല്‍-ഹാംസ് എന്നാണ് മരണപ്പെട്ട ഒരു കുഞ്ഞിന്റെ പേര്. ആവശ്യത്തിന് ബേബി ഫോര്‍മുലയും ചികിത്സയും കിട്ടിയിരുന്നെങ്കില്‍ തന്റെ മകള്‍ ഇപ്പോഴും ജീവനോടെ ഉണ്ടാകുമായിരുന്നെന്ന് അവളുടെ പിതാവ് മുഹമ്മദ് അല്‍-ഹാംസ് മിഡില്‍ ഈസ്റ്റ് ഐയോട് പ്രതികരിച്ചു. പ്രസവിച്ചതിന് തൊട്ടുപിന്നാലെ കുഞ്ഞിനെ ഇന്‍കുബേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
മരുന്നിന്റെയും പോഷകാഹാരത്തിന്റെയും അഭാവം മൂലമാണ് മകള്‍ മരിച്ചതെന്നും കുഞ്ഞുങ്ങള്‍ക്ക് ഏറ്റവും അത്യാവശ്യമായ പാല്‍ പോലും അവള്‍ക്ക് കിട്ടിയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ചികിത്സകളും മരുന്നുകളും ലഭ്യമായിരുന്നെങ്കില്‍, ഞങ്ങളുടെ മകള്‍ ഇപ്പോള്‍ ഞങ്ങളോടൊപ്പമുണ്ടാകുമായിരുന്നു, ഞങ്ങള്‍ ഈ സമയത്ത് സന്തോഷിക്കുമായിരുന്നു. പക്ഷേ ദൈവം…,’ മുഹമ്മദിന് വാക്കുകള്‍ മുഴുവിപ്പിക്കാനായില്ല.
അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ക്ഷേമം ഉറപ്പാക്കാന്‍ അവശ്യമായ ബേബി ഫോര്‍മുലയും മറ്റ് മരുന്നുകളും അനുവദിക്കണമെന്ന് ദീര്‍ഘനാളുകളായി ഗസയിലെ ഡോക്ടര്‍മാര്‍ ലോകത്തോട് ആവശ്യപ്പെടുകയാണ്. മാസങ്ങളായി തുടരുന്ന ഇസ്രഈല്‍ ഉപരോധത്തെ തുടര്‍ന്ന് പോഷകാഹാരക്കുറവ് മൂലം നിരവധി കുഞ്ഞുങ്ങളാണ് ഗസയില്‍ മരണപ്പെട്ടത്.
മാര്‍ച്ചില്‍ മാത്രം പോഷകാഹാരക്കുറവ് മൂലം നിരവധി കുട്ടികളാണ് മുനമ്പില്‍ മരിച്ചത്. യൂണിസെഫിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, പോഷകാഹാരക്കുറവുള്ള കുട്ടികളുടെ എണ്ണം അപകടകരമായ തോതില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. മെയ് മാസത്തില്‍ മാത്രം ആറ് മാസത്തിനും അഞ്ച് വയസ്സിനും ഇടയില്‍ പ്രായമുള്ള 5,119 കുട്ടികളെ കടുത്ത പോഷകാഹാരക്കുറവിനെ തുടര്‍ന്ന് ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.
രണ്ട് വര്‍ഷത്തോളമായി, തുടരുന്ന ബോംബാക്രമണങ്ങളില്‍ ഇസ്രഈല്‍ ഗസയിലെ ആശുപത്രികളെ മനപൂര്‍വം ലക്ഷ്യം വെക്കുന്നുണ്ട്. കൂടാതെ ഫലസ്തീനികളെ ഉന്മൂലനം ചെയ്യാനായി പട്ടിണിയും ഒരായുധമായി ഇസ്രഈല്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭ അടക്കം നേരത്തെ വ്യക്തമാക്കിയിരുന്നു.
യു.എസ്-ഇസ്രഈല്‍ പിന്തുണയോട് പ്രവര്‍ത്തിക്കുന്ന ഗസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്റെ സഹായം സ്വീകരിക്കാന്‍ കാത്ത് നില്‍ക്കവെ നാലാഴ്ച്ചക്കുള്ളില്‍ മാത്രം 549 ഫലസ്തീനികളാണ് ഗസയില്‍ കൊല്ലപ്പെട്ടത്. 549 പേര്‍ കൊല്ലപ്പെട്ടതിന് പുറമെ 4,066 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സഹായത്തിനായി കാത്ത് നിന്ന 39 ഓളം പേരെ കാണാതായതായും റിപ്പോര്‍ട്ടുകളുണ്ട്. ഫലസ്തീനികള്‍ക്ക് പുറമെ വിദേശ സഹായ പ്രവര്‍ത്തകരേയും ഇസ്രഈല്‍ ലക്ഷ്യം വെച്ചത് ക്ഷാമം വര്‍ധിപ്പിച്ചിരിക്കുകയാണ്.
Content Highlight: Two more newborns die of malnutrition in Gaza amid Israeli blockade