കോട്ടയം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ‘കൈ’ പിടിച്ച് കോട്ടയം.
ആകെ ഒമ്പത് നിയമസഭാ മണ്ഡലങ്ങളാണ് കോട്ടയം ജില്ലയിലുള്ളത്. നേരത്തെ ഇത് പത്തായിരുന്നു. ഒമ്പത് സീറ്റുകളും തൂത്ത് വാരി തങ്ങളുടെ കോട്ടയാക്കി മാറ്റിയിരിക്കുകയാണ് യു.ഡി.എഫ്.
പാലാ, കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂര്‍, കോട്ടയം, പുതുപ്പള്ളി, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ എന്നിവയാണ് കോട്ടയത്തെ നിയമസഭാ മണ്ഡലങ്ങള്‍.
ഉമ്മന്‍ചാണ്ടിയുടെയും കെ.എം മാണിയുടെയും തട്ടകമായിരുന്നു കോട്ടയം. പുതുപ്പള്ളിക്കാരെന്നും ഉമ്മചാണ്ടിക്കൊപ്പം തന്നെയായിരുന്നു.
70 മുതല്‍ ഉമ്മന്‍ചാണ്ടി മാത്രമേ പുതുപ്പള്ളി മണ്ഡലത്തില്‍ ജയിച്ചിട്ടുള്ളു. പിന്നീട് അദ്ദേഹത്തിന്റെ മരണ ശേഷം ചാണ്ടി ഉമ്മനും ചരിത്ര വിജയം നേടി.
ഇന്നിപ്പോള്‍ ഒരൊറ്റ പോസ്റ്ററോ ഫ്‌ളക്‌സോ ബഹളങ്ങളോ ഒന്നുമില്ലാതെ വീണ്ടും അദ്ദേഹം തൂത്തുവാരിയിരിക്കുകയാണ്. 52907 വോട്ടിനാണ് അദ്ദേഹം പുതുപ്പള്ളിയില്‍ വിജയിച്ചിരിക്കുന്നത്.
ഒരു സൈക്കിളുമെടുത്ത് ഓരോ വീട്ടിലും കയറിയുള്ള വോട്ടഭ്യര്‍ത്ഥനയായിരുന്നു അദ്ദേഹത്തിന്റേത്. പ്രചാരണത്തില്‍ പണമൊഴുക്ക് കുറച്ചത് പാവപ്പെട്ടവര്‍ക്ക് വീട് വെച്ച് നല്‍കാനാണെന്നും വോട്ട് കുറഞ്ഞാലും സാരമില്ല എന്നുമായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. ഇതാണ് ജനം ഏറ്റെടുത്തത് എന്ന് വേണം കരുതാന്‍.
എന്നാല്‍ എല്‍.ഡി.എഫിന്റെ കുത്തകയായിരുന്ന വൈക്കം പോലും ഇടതിനെ കൈവിട്ടു എന്നതും യു.ഡി.എഫിന്റെ വിജയത്തിന്റെ മാറ്റ് കൂട്ടുന്നു.
കേരളാ കോണ്‍ഗ്രസ് എമ്മിന്റെ കുത്തകയായിരുന്നു ചങ്ങനാശ്ശേരി. അവിടെയും പരാജയമാണ് ഫലം.
യു.ഡി.എഫ് സ്ഥാനാര്‍ഥി വിനു ജോബിനാണ് വിജയം. 55991 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് അദ്ദേഹം വിജയിച്ചിരിക്കുന്നത്. പ്രധാന എതിരാളികളായ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോബ് മൈക്കിള്‍ 47623 വോട്ടുകളും എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബി. രാധാകൃഷ്ണ മേനോന്‍ 14803 വോട്ടുകളും നേടി.
ഏറ്റുമാനൂരില്‍ എന്‍. സുരേഷാണ് വിജയിച്ചിരിക്കുന്നത്. കാഞ്ഞിരപ്പള്ളിയില്‍ റോണി കെ. ബേബിയും ജയിച്ചു.
പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.ജെ. സെബാസ്റ്റ്യനാണ് വിജയിച്ചിരിക്കുന്നത്. 56599 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി എം.ജെ. സെബാസ്റ്റ്യന്‍ വിജയിച്ചത്.
പി.സി ജോര്‍ജിലൂടെ അറിയപ്പെട്ട മണ്ഡലമായിരുന്നു പൂഞ്ഞാര്‍. ഇത്തവണ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ അങ്കം.
2016 ല്‍ സ്വതന്ത്രനായി മത്സരിച്ചപ്പോള്‍ പോലും അദ്ദേഹം വിജയിച്ച മണ്ഡലമാണ് എന്ന പ്രത്യേകതയും പൂഞ്ഞാറിനുണ്ട്. എന്നാല്‍ 2021 നിയമസഭ തെരഞ്ഞെടുപ്പോടെ 25 വര്‍ഷക്കാലത്തെ പി.സി ജോര്‍ജിന്റെ പൂഞ്ഞാറിലെ ആധിപത്യം അവസാനിച്ചു.
കേരള ജനപക്ഷത്തിന്റെ പതാകയ്ക്ക് കീഴിലായിരുന്നു പി.സി കഴിഞ്ഞ തവണ മത്സരിച്ചത്.
എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയും കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥിയുമായ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ 16,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കഴിഞ്ഞവട്ടം വിജയിക്കുകയായിരുന്നു.
ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കൊപ്പം കൂടിയ പി.സി ജോര്‍ജ് ക്രിസ്ത്യാനികള്‍ക്കെതിരെയും ക്രൈസ്തവ സഭകള്‍ക്കെതിരെയും വലിയ രീതിയിലുള്ള ആക്രമണങ്ങള്‍ അഴിച്ചുവിട്ടിരുന്നു. ഇത് ക്രൈസ്തവ സമൂഹത്തെ വലിയ രീതിയില്‍ ചൊടിപ്പിച്ചിട്ടുണ്ട്.
ഇത്തവണത്തെ യു.ഡി.എഫ് തരംഗത്തില്‍ അടപടലം തകര്‍ന്നിരിക്കുന്നത് ജോസ് .കെ മാണിയുടെ കേരളാ കോണ്‍ഗ്രസ് എമ്മാണ്.
Content Highlight: Two leaves have fallen; Kottayam holds its ‘hand’