വാഷിങ്ടണ്‍: വാഷിങ്ടണിലെ ജൂതമ്യൂസിയത്തിന് സമീപമുണ്ടായ വെടിവെപ്പില്‍ രണ്ട് ഇസ്രഈല്‍ എംബസി ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു.
ഒരു യുവാവും യുവതിയുമാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇവര്‍ ജൂത മ്യൂസിയത്തിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത് പുറത്തേക്ക് വരുമ്പോഴാണ് ആക്രമണമുണ്ടായത്.
പ്രദേശിക സമയം 7:05 ഓട് കൂടിയാണ് ആക്രമണം നടന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അക്രമിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇയാള്‍ ആക്രണത്തിന് പിന്നാലെ മ്യൂസിയത്തിനുള്ളിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും സുരക്ഷ ഉദ്യോഗസ്ഥര്‍ ഇയാളെ തടഞ്ഞ് വെക്കുകയായിരുന്നു.
ഏലിയാസ് റോഡ്രിഗസ് എന്നാണ് ആക്രമിയുടെ പേര്. ഇയാള്‍ നാലംഗ സംഘത്തിന് നേരെയാണ് വെടിയുതിര്‍ത്തത്. കൊല്ലപ്പെട്ട എംബസി ഉദ്യോഗസ്ഥര്‍ അടുത്തിടെ വിവാഹിതരാവാന്‍ പോകുന്നവരായിരുന്നു എന്ന റിപ്പോര്‍ട്ടുകളുമുണ്ട്. എന്നാല്‍ ഇവരുടെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
ജൂതവിരുദ്ധതയുടെ ഭാഗമായാണ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതെന്ന് ഐക്യരാഷ്ട്ര സഭയിലെ ഇസ്രഈല്‍ അംബാസിഡറായ ഡാനി ഡനോന്‍ പ്രതികരിച്ചു. നയതന്ത്ര ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുക വഴി നിയന്ത്രണ രേഖ മറികടന്നിരിക്കുകയാണെന്നും യു.എസ് ഈ വിഷയത്തില്‍ ഉത്തരവാദികള്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇസ്രഈല്‍ അംബാസിഡര്‍ എക്‌സില്‍ കുറിച്ചു.
ജൂതവിരുദ്ധതയെത്തുടര്‍ന്നാണ് ആക്രണം നടന്നതെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ആരോപിച്ചു. ‘വെറുപ്പിനും റാഡിക്കലിസത്തിനും യു.എസില്‍ സ്ഥാനമില്ല. ഇരകളുടെ കുടുംബത്തോട് അനുശോചനം അറിയിക്കുന്നു. ഇത്തരം സംഭവങ്ങളുണ്ടാവുന്നതില്‍ വിഷമമുണ്ട്,’ ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
ആക്രമണത്തെ തുടര്‍ന്ന് നഗരത്തിലെ വിവിധ തെരുവുകളിലേക്കുള്ള പ്രവേശനങ്ങള്‍ പൊലീസ് നിയന്ത്രിച്ചിട്ടുണ്ട്. അതേസമയം അക്രമി ഫ്രീ ഫലസ്തീന്‍ എന്ന മുദ്രാവാക്യം മുഴക്കിയാണ് വെടിവെച്ചതെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Content Highlight: Two Israeli embassy employees killed in shooting near Jewish Museum in Washington