ബ്രസ്സല്‍സ്: ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന യുദ്ധക്കുറ്റങ്ങളില്‍ പങ്കാളിയായ രണ്ട് ഇസ്രഈലി സൈനികര്‍ ബെല്‍ജിയത്തില്‍ അറസ്റ്റില്‍. മനുഷ്യാവകാശ സംഘടനകളുടെ പരാതിയിലാണ് ബെല്‍ജിയം പൊലീസ് രണ്ട് സൈനികരെ അറസ്റ്റ് ചെയ്തത്.
ബെല്‍ജിയത്തില്‍ വെച്ച് നടക്കുന്ന ഒരു സംഗീതപരിപാടിയില്‍ പങ്കെടുക്കാനായാണ് ഇരുവരും എത്തിയത്. ഹിന്ദ് റജബ് ഫൗണ്ടേഷനും ഗ്ലോബല്‍ ലീഗല്‍ ആക്ഷന്‍ നെറ്റ്‌വര്‍ക്കുമാണ് സൈനികരെ അറസ്റ്റ് ചെയ്ത വിവരം പുറത്തുവിട്ടത്.
ഇരുവരേയും ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയതെന്നും ഗ്രൂപ്പുകള്‍ പ്രതികരിച്ചു. ഇത്രയും കാലമായി തുടരുന്ന അനീതികള്‍ക്കെതിരേയുള്ള പോരാട്ടത്തിലെ ഒരു നാഴികക്കല്ലാണ് ഈ അറസ്റ്റെന്ന് മനുഷ്യാവകാശ സംഘടനകള്‍ പ്രതികരിച്ചു. ഇതാദ്യമാണ് ഒരു യൂറോപ്യന്‍ രാജ്യം ഇസ്രഈലി സൈനികര്‍ക്കെതിരെ ശക്തമായ നടപടിയെടുത്ത് അവരെ അറസ്റ്റ് ചെയ്യുന്നതെന്നും സംഘടനകള്‍ കൂട്ടിച്ചേര്‍ത്തു.
ഫലസ്തീനില്‍ ആക്രമണങ്ങള്‍ നടത്തുന്ന ഇസ്രഈലി സൈനിക വിഭാഗമായ ഗിവതി ബ്രിഗേഡിന്റെ പതാക വീശിക്കൊണ്ട് ഒരു കൂട്ടം ഇസ്രഈലി യുവാക്കള്‍ ഫെസ്റ്റിവലില്‍ പങ്കെടുത്തതായും സംഘടനകള്‍ വെളിപ്പെടുത്തിയിരുന്നു.
ഇരുവരുടേയും മൊഴി രേഖപ്പെടുത്തിയതിന് ശേഷം വിട്ടയച്ചതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം അറസ്റ്റിലായ രണ്ട് ഇസ്രഈലി സൈനികരുടെ പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ഗസയ്‌ക്കെതിരായ ഇസ്രഈല്‍ ആക്രമണങ്ങളില്‍ എപ്പോഴും ശക്തമായ നിലപാട് സ്വീകരിച്ച രാജ്യമായിരുന്നു ബെല്‍ജിയം. ഇസ്രഈലുമായി ഒരു തരത്തിലുള്ള ബന്ധങ്ങളുമുണ്ടാകില്ലെന്ന് പ്രഖ്യാപിച്ച് ബെല്‍ജിയന്‍ നഗരമായ ലീജ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഫലസ്തീനെതിരെ ഇസ്രഈല്‍ നടത്തുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു ലീജിന്റെ നടപടി. ബെല്‍ജിയന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയാണ് ഇതുമായി ബന്ധപ്പെട്ട പ്രമേയം നഗര ഭരണ സമിതിയില്‍ അവതരിപ്പിച്ചത്.
ഫലസ്തീന്‍ ജനതയുടെ അവകാശങ്ങളെ ആസൂത്രിതമായി ലംഘിക്കുന്ന ഇസ്രഈല്‍ നടപടികള്‍ അവസാനിപ്പിക്കുന്നത് വരെ ഇസ്രഈലുമായി യാതൊരുവിധ ബന്ധവും പാടില്ലെന്നാണ് ബെല്‍ജിയന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയും പറഞ്ഞിരുന്നത്.
ഇതിന് പുറമെ യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ചില്ലെങ്കിലും തങ്ങള്‍ ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിക്കുമെന്ന് പ്രഖ്യാപിച്ച രാജ്യങ്ങളില്‍ ഒന്നായിരുന്നു ബെല്‍ജിയം. രണ്ട് വര്‍ഷം മുമ്പ് റഫയില്‍ നടന്ന സംയുക്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു ഈ പ്രഖ്യാപനം.
Content Highlight: Two Israel soldiers arrested in Belgium over war crimes