| Tuesday, 5th May 2026, 8:19 am

കോണ്‍ഗ്രസിന് രണ്ട്; സി.പി.ഐ.എമ്മിന് ഒന്ന്: പിച്ചവെച്ച് തുടങ്ങി പാര്‍ട്ടികള്‍

നിഷാന. വി.വി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പിച്ചവെച്ച് തുടങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസും സി.പി.ഐ.എമ്മും. സി.പി.ഐ.എം ഒരു സീറ്റ് നേടിയപ്പോള്‍ കോണ്‍ഗ്രസിന് രണ്ട് സീറ്റുകള്‍ നേടാനായി. കഴിഞ്ഞ തവണയിത് പൂജ്യമായിരുന്നു.

ആകെയുള്ള 294 സീറ്റുകളില്‍ 293 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ഭരണ കക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന് വെറും 81 സീറ്റുകള്‍ മാത്രമാണ് നേടാനായത്.

സ്വാതാന്ത്രാനന്തര കാലഘട്ടം മുതല്‍ 1977 വരെ കോണ്‍ഗ്രസിന്റെ കുത്തകയായിരുന്നു പശ്ചിമ ബംഗാള്‍. 194ല്‍ സ്വാതന്ത്ര്യത്തിന് ശേഷം പശ്ചിമ ബംഗാളില്‍ ആദ്യമായി അധികാരത്തില്‍ വന്നത് കോണ്‍ഗ്രസാണ്. ഡോ. പ്രഫുല്ല ചന്ദ്ര ഘോഷ് ആയിരുന്നു ആദ്യ മുഖ്യമന്ത്രി.

1966ല്‍ അജോയ് മുഖര്‍ജിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പിളര്‍ന്ന് ബംഗ്ലാ കോണ്‍ഗ്രസ് രൂപീകൃതമായി. ഇതോടെയാണ് കോണ്‍ഗ്രസിന്റെ അടിത്തറ ഇളകിയത്. 1977 ഭരണത്തില്‍ തിരിച്ചെത്തിയെങ്കിലും ഇത് അവസാനത്തെ കോണ്‍ഗ്രസ് സര്‍ക്കാരായിരുന്നു.

അന്ന് മുതല്‍ 34 വര്‍ഷകാലം ഇടതിന്റെ കോട്ടയായി ബംഗാള്‍ മാറി. 34 വര്‍ഷകാലം കോണ്‍ഗ്രസ് പ്രതിപക്ഷത്തായിരുന്നു. കോണ്‍ഗ്രസ് വിട്ട് മമത ബാനര്‍ജി തൃണമൂല്‍ കോണ്‍ഗ്രസ് രൂപീകരിക്കുകയും ചെയ്തു.

എന്നാല്‍ 2011ല്‍ തൃണമൂലുമായി സഖ്യം ചേര്‍ന്നാണ് ബംഗാളില്‍ ഇടത് ഭരണത്തിന് അന്ത്യം കുറിക്കുന്നത്. പിന്നീട് മമതയുമായി ഭിന്നതയിലായതോടെ ബംഗാള്‍ ചരിത്രത്തിലാദ്യമായി 2021 ല്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും നേടാനായില്ല.

ഇതില്‍ നിന്നും മെച്ചപ്പെട്ട വിജയമാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേടിയിരിക്കുന്നത് എന്നത് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം പോസിറ്റീവാണ്.

മുര്‍ഷിദാബാദിലെ ഫറാക്കയിലും റാണിനഗറിലുമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിരിക്കുന്നത്. ഏകദേശം 8000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസിന്റെ മൊതാബ് ഷെയ്ഖ് ഫറാക്കയില്‍ വിജയം നേടിയത്. സുല്‍ഫിക്കര്‍ അലിയാണ് റാണിനഗറില്‍ വിജയം നേടിയത്.

ഇടതിനെ സംബന്ധിച്ചിടത്തോളവും ഈ തെരഞ്ഞെടുപ്പ് തിരിച്ചുവരവിന്റെതാണ്. തങ്ങളുടെ കോട്ടയായയ ഡൊങ്കല്‍ മണ്ഡലം തിരിച്ച് പിടിച്ചുകൊണ്ടാണ് സി.പി.ഐ.എം നിയമസഭയില്‍ തിരിച്ചെത്തിയത്.

ആകെ 107882 വോട്ടുനേടിയ മുസ്താഫിജുര്‍ റഹ്‌മാന്‍ 16296 വോട്ടുകള്‍ക്കാണ് വിജയിച്ചിരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഹുമയൂണ്‍ കബീറിനോടാണ് മുസ്താഫിജുര്‍ റഹ്‌മാന്റെ വിജയം, 91586 വോട്ടുകളാണ് ഹുമയൂണ്‍ കബീര്‍ നേടിയത്.

1977 മുതല്‍ മണ്ഡലത്തില്‍ സി.പി.ഐ.മ്മിന്റെ അനീസുര്‍ റഹ്‌മാനായിരുന്നു വിജയിച്ചിരുന്നത്. എന്നാല്‍ 2021 ല്‍ ജഫീഖുല്‍ ഇസ്‌ലാമിലൂടെ തൃണമൂല്‍ മണ്ഡലം പിടിച്ചടക്കുകയായിരുന്നു. ദീര്‍ഘകാലം ബംഗാള്‍ ഭരിച്ചിരുന്ന സി.പി.ഐ.എം ഡോങ്കല്‍ മണ്ഡലത്തില്‍ മാത്രമാണ് വിജയിച്ചിട്ടുള്ളത്.

അതേസമയം ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഭവാനിപുര്‍ മണ്ഡലത്തില്‍ 15105 വോട്ടുകള്‍ക്ക് പരാജയപെട്ടിരിക്കുകയാണ്. 201 മണ്ഡലത്തില്‍ വിജയിക്കാനായതോടെ ഇത്തവണ ബംഗാളില്‍ ബി.ജെ.പി അധികാരത്തിലേറും.

Content Highlight: Two for Congress; one for CPI(M): Parties start by pitching

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more