റായ്പൂര്‍: ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയില്‍ മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ രണ്ട് ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്ക് ക്രൂര മര്‍ദനമേറ്റതായി റിപ്പോര്‍ട്ട്. തെക്കന്‍ ബസ്തറിലെ മാവോയിസ്റ്റ് ബാധിത പ്രദേശമായ ഇക്‌നര്‍ ഗ്രാമത്തിലാണ് സംഭവം.
അക്രമികള്‍ തങ്ങളെ മര്‍ദിക്കുകയും വീട്ടിലെ സാധനസാമഗ്രികള്‍ പുറത്തെറിയുകയും ചെയ്തതായി ആക്രമണത്തിനിരയായ കുടുംബങ്ങള്‍ ആരോപിച്ചു. വീട്ടില്‍ സൂക്ഷിച്ചിരുന്ന റേഷന്‍ സാധനങ്ങളും മറ്റും പുറത്തെറിയുകയും പ്രധാനപ്പെട്ട രേഖകള്‍ അക്രമികള്‍ കത്തിച്ചതായും ഇവര്‍ പറയുന്നു.
ആക്രമണത്തില്‍ പരിക്കേറ്റവര്‍ നിലവില്‍ അടുത്തുള്ള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ചികിത്സയിലാണ്.
ഏകദേശം 18 വീടുകള്‍ മാത്രമാണ് ഇക്‌നര്‍ ഗ്രാമത്തിലുള്ളത്. ഇവിടെ രണ്ട് കുടുംബങ്ങള്‍ അഞ്ച് വര്‍ഷം മുമ്പ് ക്രിസ്തുമതം സ്വീകരിച്ചിരുന്നു. ഇവര്‍ക്കാണ് മര്‍ദനമേറ്റത്.
മതം മാറിയവര്‍ തങ്ങളുടെ പരമ്പരാഗത ദേവതകളെയും പ്രാദേശിക ചടങ്ങുകളെയും ഉപേക്ഷിച്ചതാണ് ഗ്രാമവാസികളെ പ്രകോപിപ്പിച്ചത്.
ഈ കുടുംബങ്ങള്‍ ഗ്രാമത്തിലെ പരമ്പരാഗത ആചാരങ്ങളെ എതിര്‍ത്തതാണ് തര്‍ക്കം രൂക്ഷമാകാന്‍ കാരണമായതെന്ന് ഗ്രാമവാസികള്‍ പറയുന്നു.
തങ്ങളുടെ സംസ്‌കാരവും പാരമ്പര്യവും സംരക്ഷിക്കുമെന്നും, ഗ്രാമത്തില്‍ താമസിക്കുന്നവര്‍ അത് പിന്തുടരണമെന്നുമായിരുന്നു ഗ്രാമവാസികളുടെ നിലപാട്.
തങ്ങള്‍ പള്ളിയിലെ പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുന്നതിനെ ഗ്രാമവാസികള്‍ എതിര്‍ത്തിരുന്നതായും ഗ്രാമം വിട്ടുപോകാന്‍ ആവശ്യപ്പെട്ടതായും ഇരയായ കുടുംബങ്ങള്‍ പറഞ്ഞു.
എന്നാല്‍, സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി തങ്ങളുടെ വിശ്വാസം ഉപേക്ഷിക്കില്ലെന്ന് ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
സംഭവത്തില്‍ പൊലീസ് ഇടപെട്ടെങ്കിലും ഇതുവരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഗ്രാമവാസികളും ക്രിസ്ത്യന്‍ കുടുംബങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. പരസ്പര വിദ്വേഷമില്ലാതെ ജീവിക്കാന്‍ ഇരുവിഭാഗത്തോടും പോലീസ് ആവശ്യപ്പെട്ടു.
പതിറ്റാണ്ടുകളായി ആരോഗ്യപരിരക്ഷ, വിദ്യാഭ്യാസം, റോഡ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുമില്ലാത്ത ഉള്‍നാടന്‍ ഗ്രാമമാണ് ഇക്‌നര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Content Highlight: Two Christian families were reportedly brutally beaten up in a dispute over religious conversion in Chhattisgarh.