കൊച്ചി: നിയമപഠനത്തിനായി ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി രണ്ട് അധിക സീറ്റുകള്‍ക്ക് അനുമതി നല്‍കുമെന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ. ഹൈക്കോടതിയിലാണ് ബാര്‍ കൗണ്‍സില്‍ ഇക്കാര്യം അറിയിച്ചത്.
ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥിയായ ഇസൈ ക്ലാര സമര്‍പ്പിച്ച ഹരജിയിലാണ് ബി.സി.ഐ കോടതിയെ നിലപാടറിയിച്ചത്.
കേരളത്തിലെ ലോ കോളേജുകളിലാണ് സീറ്റ് അനുവദിക്കുക. നിലവിലുള്ള സീറ്റുകള്‍ക്ക് പുറമെയാണ് രണ്ട് അധിക സീറ്റുകള്‍ അനുവദിക്കുകയെന്നും ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
2025-26 വര്‍ഷത്തെ അധ്യയനം ആരംഭിക്കുമ്പോള്‍ തന്നെ തീരുമാനം നടപ്പാക്കിയേക്കും.
കേരളത്തിലെ എല്ലാ നിയമ കോളേജിലെയും മൂന്ന് വര്‍ഷത്തെ എല്‍.എല്‍.ബി കോഴ്‌സിലും അഞ്ച് വര്‍ഷത്തെ സംയോജിത എല്‍.എല്‍.ബി പ്രോഗ്രാമിലുമായിരിക്കും രണ്ട് അധിക സീറ്റുകള്‍ സൃഷ്ടിക്കുക.
നിയമപഠനത്തിനായുള്ള എന്‍ട്രന്‍സ് പരീക്ഷയില്‍ മികച്ച റാങ്ക് നേടിയിട്ടും നിയമ കോളേജില്‍ അഡ്മിഷന്‍ നേടാന്‍ സാധിക്കാതെ പോയതോടെയാണ് ഇസൈ ക്ലാര ഹൈക്കോടതിയെ സമീപിച്ചത്.
ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് നിയമപഠനത്തിന് സംവരണം വേണമെന്നായിരുന്നു ആവശ്യം.
ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികളെ പ്രത്യേക ലംഗമായി തന്നെ പരിഗണിക്കണമെന്നും അംഗീകരിക്കണമെന്നുമുള്ള സുപ്രീം കോടതി വിധി ഉള്‍പ്പെടെ ചൂണ്ടിക്കാണിച്ചായിരുന്നു ഹരജി സമര്‍പ്പിച്ചത്.
പ്രോസ്‌പെക്ടസിലോ അലോട്ട്‌മെന്റ് ലിസ്റ്റിലോ ട്രാന്‍സ്‌ജെന്‍ഡര്‍ കാറ്റഗറി ഇല്ലാത്തതിനാലാണ് ഇസൈ ക്ലാരയ്ക്ക് കോഴിക്കോട് ലോ കോളേജില്‍ പ്രവേശനം നേടാന്‍ സാധിക്കാതെ പോയത്.
Content Highlight: Two additional seats for transgender category in Law Colleges; BCI informed High Court