| Sunday, 25th May 2025, 8:36 am

കെ.പി.സി.സി അധ്യക്ഷനോടൊപ്പം ധീരജ് വധക്കേസിലെ രണ്ട് പ്രതികള്‍, ഒപ്പം ഡീന്‍ കുര്യാക്കോസും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇടുക്കി: കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫിനൊപ്പം ഇടുക്കി എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ നേതാവുമായിരുന്ന ധീരജ് രാജേന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍.

കേസിലെ ഒന്നാം പ്രതിയായ നിഖില്‍ പൈലിയും മൂന്നാം പ്രതി ടോണി ഏബ്രഹാമുമാണ് സണ്ണി ജോസഫിനൊപ്പം ഉള്ളത്. കെ.പി.സി.സി അധ്യക്ഷന്‍ പ്രതികള്‍ക്കൊപ്പം നില്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

ഇവര്‍ക്കൊപ്പം ഇടുക്കി എം.പിയും കോണ്‍ഗ്രസ് നേതാവുമായ ഡീന്‍ കുര്യാക്കോസുമുണ്ട്. നേരത്തെ ഡീന്‍ കുര്യാക്കോസ് എം.പിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫും യൂത്ത് കോണ്‍ഗ്രസ് ഇരട്ടയാര്‍ മണ്ഡലം മുന്‍ സെക്രട്ടറിയുമായ സെബിന്‍ എബ്രഹാം ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി താന്‍ കണ്ടുവെന്ന് വെളിപ്പെടുത്തിയിരുന്നു.

‘സ്റ്റോറീസ് ബൈ സെബിന്‍’ എന്ന ബ്ലോഗില്‍ പൊളിട്രിക്കല്‍ കുമ്പസാരം എന്ന പേരില്‍ എഴുതിയക്കുറിപ്പിലായിരുന്നു വെളിപ്പെടുത്തല്‍. പ്രതിയെ ഒളിവില്‍ പാര്‍പ്പിച്ചവര്‍ക്കുള്ള ബന്ധം ഉപയോഗിച്ച് കൊലചെയ്യാന്‍ ഉപയോഗിച്ച കത്തി സംഭവസ്ഥലത്തുനിന്ന് മാറ്റിയതായും സെബിന്‍ പറഞ്ഞിരുന്നു.

അതേസമയം ധീരജിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി ഇതുവരെ പൊലീസിന് കണ്ടെത്താനായിട്ടില്ല. എന്നാല്‍ ആയുധം കണ്ടെത്താന്‍ കഴിയാത്തത് പൊലീസിന്റെ വീഴ്ചയായി കാണാന്‍ കഴിയില്ലെന്നാണ് സെബിന്റെ ഭാഗം. ആയുധം ഇവിടെയിരിക്കുമ്പോള്‍ പൊലീസ് തലകുത്തി നിന്നന്വേഷിച്ചിട്ടും എന്താണ് കാര്യമെന്നാണ് സെബിന്‍ തന്റെ ബ്ലോഗിലൂടെ ചോദിച്ചത്.

ധീരജ് കൊലക്കേസില്‍ നിഖില്‍ പൈലിയടക്കം എട്ട് പ്രതികളാണുള്ളത്. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് എസ്.എഫ്.ഐ പ്രവര്‍ത്തകനായ ധീരജിനെ പുറത്തുനിന്നെത്തിയ ഒരു സംഘം കുത്തിക്കൊലപ്പെടുത്തിയത്.

അടുത്തിടെ കണ്ണൂരില്‍ പ്രതിഷേധ റാലിക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊലവിളി മുദ്രാവാക്യം മുഴക്കിയിരുന്നു. മലപ്പട്ടത്ത് നടന്ന യൂത്ത് കോണ്‍ഗ്രസിന്റെ റാലിക്കിടെയായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലവിളി മുദ്രാവാക്യം. എസ്.എഫ്.ഐ നേതാവായിരുന്ന നീരജിനെ കുത്തികൊലപ്പെടുത്തിയ കത്തി അറബിക്കടലില്‍ താഴ്ത്തിയിട്ടില്ലെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചത്.

തുടര്‍ന്ന് ഈ പ്രതിഷേധ റാലിയില്‍ സംഘര്‍ഷമുണ്ടാവുകയും ചെയ്തിരുന്നു. സി.പി.ഐ.എം പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലായിരുന്നു സംഘര്‍ഷം. പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലടക്കം പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു. പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്കുമെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

Content Highlight: Two accused in Dheeraj murder case with KPCC president sunny joseph

We use cookies to give you the best possible experience. Learn more