| Wednesday, 2nd July 2025, 6:55 pm

ലോക്സഭയിൽ കളർ സ്മോക്കുകളുമായെത്തി പ്രതിഷേധിച്ച സംഭവം; രണ്ട് പ്രതികൾക്ക് ജാമ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പാര്‍ലമെന്റിലെ സുരക്ഷാലംഘന കേസില്‍ രണ്ട് പേര്‍ക്ക് ജാമ്യം. ദല്‍ഹി ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. നീലം ആസാദിനും മഹേഷ് കുമാവതിനുമാണ് ജാമ്യം ലഭിച്ചത്. ജാമ്യത്തുകയായി 50,000 രൂപ കെട്ടിവെക്കണമെന്നും രണ്ട് ആള്‍ജാമ്യം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

പ്രതികള്‍ പരസ്യ പ്രസ്താവനകള്‍ നടത്തരുതെന്നും മാധ്യമങ്ങള്‍ക്ക് അഭിമുഖങ്ങള്‍ നല്‍കരുതെന്നും നിര്‍ദേശമുണ്ട്. പാര്‍ലമെന്റിലെ സംഭവവികാസങ്ങള്‍ സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിക്കരുതെന്നും കോടതി പറഞ്ഞു.

ജസ്റ്റിസുമാരായ സുബ്രഹ്‌മണ്യം പ്രസാദ്, ഹരീഷ് വൈദ്യനാഥന്‍ ശങ്കര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. പ്രതികള്‍ ദല്‍ഹി വിട്ടുപോകരുതെന്നും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ 10 മണിക്ക് പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു.

2023ൽ ലോക്‌സഭയില്‍ കളര്‍ സ്‌മോക്കുകളുമായെത്തി പ്രതിഷേധിച്ച സംഭവത്തില്‍ ആറ് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. സന്ദര്‍ശക ഗ്യാലറിയില്‍ നിന്ന് സംഘത്തിലെ രണ്ട് പേര്‍ ലോക്സഭയുടെ നടുത്തളത്തിലേക്ക് ചാടിയിറങ്ങുകയായിരുന്നു.

സാഗര്‍ ശര്‍മ, ഡി. മനോരഞ്ജന്‍ എന്നിവരാണ് സഭയിലേക്ക് ചാടിയിറങ്ങിയത്. നടുത്തളത്തിലെത്തിയ ഇവര്‍ മഞ്ഞ നിറത്തിലുള്ള വാതകം സ്പ്രേ ചെയ്തതിന് പിന്നാലെ സഭയിലുണ്ടായിരുന്ന എം.പിമാര്‍ യുവാക്കളെ തടയാൻ ശ്രമിച്ചു. ഷൂവിനകത്ത് നിന്നാണ് പ്രതികള്‍ കളര്‍ സ്മോക്ക് പുറത്തെടുത്തത്.

കേന്ദ്രസര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് ഇവര്‍ നടുത്തളത്തിലേക്ക് ചാടിയത്. പാര്‍ലമെന്റിന് പുറത്തുണ്ടായിരുന്ന കേസിലെ മറ്റ് പ്രതികള്‍ ഏകാധിപത്യം അനുവദിക്കില്ലെന്ന മുദ്രാവാക്യവും മുഴക്കിയിരുന്നു. ‘താനാശാഹീ നഹീ ചലേഗി’എന്നാണ് പ്രതിഷേധക്കാര്‍ മുദ്രാവാക്യമുയര്‍ത്തിയത്.

വന്ദേ മാതരം, ജയ് ഭീം, ഭാരത് മാതാ കീ ജയ് എന്നീ മുദ്രാവാക്യങ്ങളും സര്‍ക്കാരിനെതിരെ ലോക്സഭക്കകത്തും പുറത്തുമായി പ്രതിഷേധക്കാര്‍ വിളിച്ചിരുന്നു.

തങ്ങളുടെ പ്രതിഷേധം രാജ്യത്തെ തൊഴിലില്ലായ്മ, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍, സാധാരണക്കാരുടെ ശബ്ദം അടിച്ചമര്‍ത്തല്‍ എന്നിവ പരിഹരിക്കുന്നതിനും, അവ കേന്ദ്രസര്‍ക്കാരിന് മുന്നില്‍ തുറന്നുകാണിക്കാന്‍ വേണ്ടി ഉദ്ദേശിച്ചുള്ളതാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞിരുന്നു.

Content Highlight: Two accused granted bail in Loksabha protest with coloured smokes

We use cookies to give you the best possible experience. Learn more