| Thursday, 21st August 2025, 5:40 pm

മോദി... നിങ്ങള്‍ എന്തിനാണ് അധികാരത്തിലേറിയത്; ഇസ്‌ലാമുകളെ ദ്രോഹിക്കാനോ? ടി.വി.കെ സമ്മേളനത്തില്‍ വിജയ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മധുരൈ: തമിഴക വെട്രി കഴകം ആര്‍ക്കും തടയാന്‍ കഴിയാത്ത ശബ്ദവും ശക്തിയുമാണെന്ന് ടി.വി.കെ അധ്യക്ഷനും നടനുമായ വിജയ്. തമിഴ്നാട്ടില്‍ സൂര്യന്‍ അസ്തമിക്കുകയാണെന്നും ഇനി ചന്ദ്രോദയമാണെന്നും വിജയ് പറഞ്ഞു. മധുരൈയില്‍ നടക്കുന്ന ടി.വി.കെയുടെ രണ്ടാം സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിജയ്കാന്തിനെ സ്മരിച്ചുകൊണ്ടാണ് വിജയ് പ്രസംഗം തുടങ്ങിയത്. 2026ല്‍ വലിയ രാഷ്ട്രീയ മാറ്റമാണ് സംസ്ഥാനത്തുണ്ടാകാന്‍ പോകുന്നതെന്നും നിലവില്‍ ഭരണത്തിലിരിക്കുന്ന ഡി.എം.കെ രാഷ്ട്രീയപരമായും ബി.ജെ.പി പ്രത്യയശാസ്ത്രപരമായും ടി.വി.കെയുടെ ശത്രുക്കളാണെന്നും വിജയ് ആവര്‍ത്തിച്ചു.

സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് വിജയ് ഉയര്‍ത്തിയത്. മോദി.. നിങ്ങള്‍ രാജ്യത്തെ ജനങ്ങള്‍ക്ക് നന്മ ചെയ്യുന്നതിന് വേണ്ടിയാണോ മൂന്നാമതും അധികാരത്തിലേറിയത്? അതോ ഇസ്‌ലാമുകളെ ദ്രോഹിക്കുന്നതിന് വേണ്ടിയാണോയെന്നും വിജയ് ചോദിച്ചു. ടിവി.കെ താമരയിലയില്‍ വെള്ളം പിടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്ത് പ്രച്ഛന്ന വേഷം കെട്ടിയാലും ബി.ജെ.പിക്ക് തമിഴ്നാട്ടില്‍ ഒന്നും ചെയ്യാനാകില്ലെന്നും വിജയ് പറഞ്ഞു. ഇപ്പോൾ അദാനിക്ക് വേണ്ടിയുള്ള ഭരണമാണ് നടക്കുന്നതെന്നും ശ്രീലങ്കൻ പൊലീസ് മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുന്നതിൽ മോദി എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും ചോദ്യമുണ്ട്. നീറ്റിനെതിരെയും വിജയ് വിമർശനമുയർത്തി.

എന്തിന് വേണ്ടിയാണ് ഫാസിസ്റ്റുകളോടൊപ്പം സഖ്യം ചേരുന്നതെന്നും അതിന്റെ ആവശ്യം ടി.വി.കെയ്ക്ക് ഇല്ലെന്നും വിജയ് പറഞ്ഞു. ടി.വി.കെ പ്രവര്‍ത്തകരെ സിംഹക്കുട്ടികള്‍ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് വിജയ്‌യുടെ പരാമര്‍ശം.

അതേസമയം തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ അങ്കിള്‍ എന്ന് വിശേഷിപ്പിച്ചും വിജയ് വിമര്‍ശനമുയര്‍ത്തി. തമിഴ്നാട്ടില്‍ പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതത്വമുണ്ടോ, സ്ത്രീകള്‍ക്ക് സുരക്ഷിതരാണോ തുടങ്ങിയ ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് വിജയ് സംസാരിച്ചത്. അതിക്രമത്തിന് ഇരയാകുന്ന പെണ്‍കുട്ടികളുടെ കരച്ചില്‍ അടക്കമുള്ള ഈ നാടിന്റെ ശബ്ദം സ്റ്റാലിന്റെ ചെവിയില്‍ പതിക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

2026ല്‍ ടി.വി.കെ അധികാരം പിടിക്കും. മത്സരം ടി.വി.കെയും ഡി.എം.കെയും തമ്മിലായിരിക്കും. ഇത് ഭരണത്തിലിരിക്കുന്നവര്‍ക്കുള്ള ഒരു മുന്നറിയിപ്പാണെന്നും വിജയ് പറഞ്ഞു.

തന്റെ വീട്ടിലെ റേഷന്‍ കാര്‍ഡില്‍ നിങ്ങളുടെ പേര് ഉണ്ടായിരിക്കില്ല, നിങ്ങളുടെ റേഷന്‍ കാര്‍ഡില്‍ തന്റെ പേരും ഉണ്ടാകില്ല. എന്നാല്‍ നമ്മള്‍ എല്ലാവരും സഹോദരങ്ങളാണെന്നും വിജയ് പറഞ്ഞു. ഈ നാട്ടിലെ ഓരോ വീടുകളും സന്ദര്‍ശിച്ചതിനെ തുടര്‍ന്നാണ് ഒരു കക്ഷിയാകാന്‍ തീരുമാനിച്ചതെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.

വാഗ്ദാനം നല്‍കുന്നതിലല്ല കാര്യം, അത് ചെയ്യുന്നതിലാണ്. ജനങ്ങള്‍ക്ക് വേണ്ടി നല്ലത് ചെയ്യുന്നതിനായി താനുണ്ടാകുമെന്നും വിജയ് പറഞ്ഞു. എല്ലാ സിനിമാക്കാരും മണ്ടന്മാരല്ലെന്നും തമിഴ്നാടിനെ തൊട്ടാല്‍ എന്തുണ്ടാകുമെന്ന് തങ്ങള്‍ കാണിച്ചുതരുമെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.

Content Highlight: TVK madurai conference, vijay criticized dmk and modi

We use cookies to give you the best possible experience. Learn more