ചെന്നൈ: തമിഴക വെട്രി കഴകം (ടി.വി.കെ) സ്ഥാനാർത്ഥി വി.എസ് ബാബുവിനോദ് പരാജയപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിൻ. കൊളത്തൂർ നിയമസഭാ
മണ്ഡലത്തിൽ വോട്ടെണ്ണൽ തുടങ്ങിയതുമുതൽ സ്റ്റാലിനെതിരെ ചെറിയ ഭൂരിപക്ഷം ഉണ്ടായിരുന്ന വി.എസ് ബാബു വോട്ടെണ്ണൽ അവസാനിപ്പിച്ചതോടെ വിജയമുറപ്പിച്ചു.
സിനിമാതാരം വിജയ് രൂപീകരിച്ച തമിഴക വെട്രി കഴകം ആദ്യമായി അഭിമുഖീകരിക്കുന്ന തെരഞ്ഞെടുപ്പിൽത്തന്നെ അപ്രതീക്ഷിത വിജയം കരസ്ഥമാക്കിയ ഞെട്ടലിനൊടുവിലാണ് മുഖ്യമന്ത്രി എം. കെ സ്റ്റാലിന്റെ പരാജയം.
ആകെയുള്ള 22 റൗണ്ടുകളും പൂർത്തിയായതോടെ ടി.വി.കെ സ്ഥാനാർത്ഥിയായ ബാബു 9000 ത്തിലധികം വോട്ടുകൾക്കാണ് സ്റ്റാലിനെ പരാജയപ്പെടുത്തിയത്. വി.എസ് ബാബു 82000 ത്തിലധികം വോട്ടുകൾ നേടിയപ്പോൾ, 2011 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന സ്റ്റാലിന് ഏകദേശം 73,000 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. 14000 വോട്ടുകളുമായി എ.ഐ.എ.ഡി.എം.കെ സ്ഥാനാർത്ഥി ആർ. സന്താനകൃഷ്ണൻ മൂന്നാം സ്ഥാനത്തെത്തി.
2021 ൽ എ.ഐ.ഡി.എം.കെ യുടെ ആദി രാജാറാമിനോട് 70000 വോട്ടുകൾക്കായിരുന്നു സ്റ്റാലിൻ ജയിച്ചിരുന്നത്. അതേ മണ്ഡലത്തിൽ തന്നെയാണ് സ്റ്റാലിന്റെ ദയനീയ പരാജയം.
തമിഴ്‌നാട് രാഷ്ട്രീയത്തിലെ പ്രധാന രാഷ്ട്രീയ പാർട്ടികളായ ഡി.എം.കെയിലും എ.ഐ.എ.ഡി.എം.കെയിലും വി.എസ് ബാബു മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്. 2006 മുതൽ 2011 വരെ പുരസവാക്കം മണ്ഡലത്തിലെ എം.എൽ.എയായിരുന്നു അദ്ദേഹം, കൂടാതെ 2011 വരെ ഡി.എം.കെ യുടെ ഉത്തര ചെന്നൈ ജില്ലാ സെക്രട്ടറിയുമായിരുന്നു. ഈ വർഷമായിരുന്നു ബാബു ടി.വി.കെയിൽ ചേർന്നത്. നിലവിൽ പാർട്ടിയുടെ ജോയിന്റ് ജനറൽ സെക്രട്ടറിയാണ്.
അതേസമയം എ.ഐ.ഡി.എം.കെ – ഡി.എം.കെ എന്നിങ്ങനെ രണ്ടു ധ്രുവങ്ങളിൽ നിന്നിരുന്ന തമിഴ്നാട് രാഷ്ട്രീയത്തിൽ ഈ തെരഞ്ഞെടുപ്പോടെ മൂന്നാം കക്ഷിയായി വിജയ്‌യുടെ ടി.വി.കെ രംഗ പ്രവേശനം നടത്തുകയാണ്. സിനിമ വിട്ട് രാഷ്ട്രീയത്തിലേക്ക് ചേക്കേറിയ പല തമിഴ് താരങ്ങൾക്കും നേടാനാകാതെ അട്ടിമറി വിജയമാണ് ടി.വി.കെ സ്വന്തമാക്കിയിരിക്കുന്നത്. 109 സീറ്റുകളുമായി ഏറ്റവുമധികം സീറ്റുള്ള ഒറ്റ കക്ഷിയാണ് ടി.വി.കെ.
Content Highlight: TVK not even sparing the Chief Minister; MK Stalin tastes defeat