ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ ഡാം അനുവദിക്കില്ലെന്ന നിലപാടുമായി വിജയ് നയിക്കുന്ന ടി.വി.കെ സർക്കാർ. തമിഴ്നാട് നിയമസഭയിൽ നടന്ന ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിലാണ് പുതിയ ഡാം എന്ന കേരളത്തിന്റെ ആവശ്യത്തെ ശക്തമായി എതിർക്കുമെന്ന നിർണയക പ്രഖ്യാപനമുണ്ടായത്.
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനുള്ള കേരളത്തിന്റെ നീക്കങ്ങളെ തടയുമെന്നും തമിഴ്നാട് സർക്കാർ വ്യക്തമാക്കി. കൂടാതെ, മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർത്തുമെന്നും സർക്കാർ നയപ്രഖ്യാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
തമിഴ്നാടിന്റെ നിലപാടിനോട് പ്രതികരിച്ച കേരള ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്, കേരളം പഴയ നിലപാടിൽ തന്നെ ഉറച്ചുനിൽക്കുന്നുവെന്ന് വ്യക്തമാക്കി. ‘കേരളത്തിന് സുരക്ഷ, തമിഴ്നാടിന് വെള്ളം’ എന്നതാണ് സംസ്ഥാനത്തിന്റെ നയമെന്നും അദ്ദേഹം പറഞ്ഞു
മുല്ലപ്പെരിയാർ വിഷയം നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും മന്ത്രി മോൻസ് ജോസഫ് കൂട്ടിച്ചേർത്തു.
അതേസമയം, നയപ്രഖ്യാപനത്തിൽ ടി.വി.കെ സർക്കാരിനെ ഗർവണർ പുകഴ്ത്തിയിരുന്നു. ടി.വി.കെ ജാതിക്കും മതത്തിനും പണത്തിനും അതീതമായ പാർട്ടിയാണെന്ന് ഗവർണർ വിശേഷിപ്പിച്ചു. പെരിയാർ, അണ്ണാദുരൈ, അംബേദ്കർ എന്നിവരുടെ പേരുകൾ പ്രസംഗത്തിൽ പരാമർശിക്കപ്പെട്ടിരുന്നു.
കേന്ദ്രത്തിന്റെ ദേശീയ വിദ്യാഭ്യാസ നയത്തെ എതിർക്കുമെന്നും, തമിഴ്നാടിന്റെ ദ്വിഭാഷാ നയം തുടരുമെന്നും സർക്കാർ അറിയിച്ചു.
മുൻപ് അധികാരത്തിലിരുന്ന ഡിഎംകെ സർക്കാരിന്റെ കാലത്ത് ലഹരിയൊഴുക്ക് തടയാൻ സാധിച്ചില്ലെന്നും ഇത് കുറ്റകൃത്യങ്ങൾ വർദ്ധിക്കാൻ കാരണമായെന്നും ഗവർണർ വിമർശിച്ചു.
തമിഴ് തായ് വാഴ്ത്ത് പാടിയാണ് സഭാനടപടികൾ ആരംഭിച്ചത്. ദേശീയഗാനം ആലപിച്ചുവെങ്കിലും വിവാദങ്ങളെത്തുടർന്ന് വന്ദേമാതരം ഒഴിവാക്കിയിരുന്നു.
Content Highlight: TVK government says no new dam will be allowed in Mullaperiyar, will oppose Kerala’s demand