| Monday, 9th February 2026, 9:38 am

ആമയും നാളികേരവും വെറും മറ മാത്രം; ലക്ഷ്യം 'റെയര്‍ എര്‍ത്ത് കോറിഡോറും' 127 ദശലക്ഷം ടണ്‍ ധാതുസമ്പത്തും

അമിത് പ്രസാദ് കെ.

2026ലെ കേന്ദ്ര ബജറ്റ് പുറത്തുവരുമ്പോള്‍ അത് കേവലമൊരു ധനകാര്യ രേഖ എന്നതിലുപരി ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തിന് മേല്‍ പതിക്കുന്ന കനത്ത പ്രഹരമായും, കേരളം ഉള്‍പ്പെടെയുള്ള കേന്ദ്രം ഭരിക്കുന്ന കക്ഷിക്ക് സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളെ സമ്പൂര്‍ണമായി അവഗണിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയ ആയുധമായി മാറുകയാണ്.

തങ്ങള്‍ക്ക് ഭരണമില്ലാത്ത സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളെ സാമ്പത്തികമായി ശ്വാസം മുട്ടിച്ചും, അവര്‍ക്കുമേല്‍ സാമ്പത്തിക ഉപരോധത്തിന് സമാനമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ചുമാണ് കേന്ദ്ര സര്‍ക്കാരിന്റെ കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നത് എന്ന് സൂക്ഷ്മമായി നിരീക്ഷിക്കുമ്പോള്‍ നമുക്ക് ബോധ്യപ്പെടും.

ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നു

തോക്കുകളും പട്ടാളത്തെയും ഉപയോഗിച്ച് ജനങ്ങളെ അടിച്ചമര്‍ത്തിയിരുന്ന ക്ലാസിക്കല്‍ ഫാസിസത്തില്‍ നിന്നും വ്യത്യസ്തമായി, സാമ്പത്തിക ഉപരോധങ്ങളിലൂടെയും സാംസ്‌കാരിക അധിനിവേശങ്ങളിലൂടെയും സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്ന ‘നവ-ഫാസിസ്റ്റ്’ രീതിശാസ്ത്രമാണ് കേന്ദ്രം ഇന്ന് നടപ്പിലാക്കുന്നത്.

പിസ്റ്റളുകള്‍ക്കോ മെഷീന്‍ ഗണ്ണുകള്‍ക്കോ പകരം സാമ്പത്തികമായും സാംസ്‌കാരികമായും സാമൂഹ്യഘടനയില്‍ വിള്ളല്‍ സൃഷ്ടിച്ചും, സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കവര്‍ന്നെടുത്ത് സമഗ്രാധിപത്യ സ്വഭാവം കാണിച്ചുകൊണ്ടും മുന്നോട്ടുപോകുന്ന ഈ ഭരണകൂടം, രാജ്യത്തെ ജനങ്ങളില്‍, പ്രത്യേകിച്ച് ദളിതര്‍, സ്ത്രീകള്‍, ന്യൂനപക്ഷങ്ങള്‍ എന്നിവരില്‍ വലിയ ആശങ്കയും ഭീഷണിയുമാണ് സൃഷ്ടിച്ചിരിക്കുന്നത്.

കോര്‍പ്പറേറ്റുകള്‍ക്ക് രാജ്യത്തിന്റെ സമ്പത്തും പൈതൃകവും വിറ്റു കലക്കാനുള്ള വലിയ കാര്യപരിപാടികള്‍ തന്നെ കഴിഞ്ഞ കാലങ്ങളിലെ ബജറ്റുകളില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചു വന്നിട്ടുള്ള നിലപാടുകള്‍ പരിശോധിക്കുമ്പോള്‍ നമുക്ക് മനസ്സിലാകും.

പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇങ്ങനെ കോര്‍പ്പറേറ്റുകള്‍ക്ക് രാജ്യത്തിന്റെ സകല പൊതുമേഖലാ സ്ഥാപനങ്ങളും വിറ്റു തുലച്ചും അതിന്റെ പരിസമാപ്തിയിലേക്ക് എത്തിക്കൊണ്ടിരിക്കുമ്പോള്‍, കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് ഇനി സൃഷ്ടിക്കാന്‍ വേണ്ടി പോകുന്നത് അത്യന്തം വിനാശകരമായ ഒരു കോര്‍പ്പറേറ്റ് കൊള്ളയാണ്.

ബെല്‍ജിയം സാമ്പത്തിക ശാസ്ത്രജ്ഞനായ ഗുന്തര്‍ പോളിയുടെ ‘ബ്ലൂ എക്കോണമി’ (Blue Economy) എന്ന സിദ്ധാന്തത്തെ കൂട്ടുപിടിച്ച്, പ്രകൃതിക്കനുസൃതമായ വികസനം എന്ന വ്യാജേന സമുദ്ര സമ്പദ്വ്യവസ്ഥയെ കോര്‍പ്പറേറ്റുകള്‍ക്ക് തുറന്നുകൊടുക്കാനുള്ള നീക്കമാണ് ഇതിനു പിന്നില്‍. കരയിലെ വിഭവങ്ങള്‍ ചൂഷണം ചെയ്തു തീര്‍ത്ത കോര്‍പ്പറേറ്റുകള്‍ ഇപ്പോള്‍ കടലിനെ ലക്ഷ്യമിടുന്നു.

ബ്ലൂ എക്കോണമി. ഒരു ചിത്രീകരണം

കടലിന്റെ അടിത്തട്ടിലുള്ള അമൂല്യമായ ധാതുക്കള്‍, അപൂര്‍വ ലോഹങ്ങള്‍ (Rare Earth Minerals), എണ്ണ, പ്രകൃതിവാതകം എന്നിവ ഖനനം ചെയ്‌തെടുക്കാനുള്ള വന്‍ പദ്ധതികളാണ് ‘ബ്ലൂ ഇക്കണോമി’യുടെ മറവില്‍ ആസൂത്രണം ചെയ്യുന്നത്.

ഈ വലിയ കൊള്ളയുടെ ഏറ്റവും ഭയാനകമായ ഉദാഹരണമാണ് കേരളത്തില്‍ ബജറ്റിന് വേണ്ടി നീക്കി വെച്ചിട്ടുള്ള ‘കടലാമ സംരക്ഷണവും’ ‘നാളികേര വികസനവും’ പോലുള്ള പദ്ധതികള്‍.

ഒറ്റനോട്ടത്തില്‍ നിഷ്‌കളങ്കമായ പരിസ്ഥിതി സ്‌നേഹമെന്ന് തോന്നാവുന്ന ഈ പ്രഖ്യാപനങ്ങള്‍, യഥാര്‍ത്ഥത്തില്‍ വരാനിരിക്കുന്ന വലിയൊരു പാരിസ്ഥിതിക കൊള്ളയുടെയും കോര്‍പ്പറേറ്റ് അജണ്ടയുടെയും ഭാഗമാണ്.

കടലാമകള്‍ മുട്ടയിടാന്‍ എത്തുന്ന തീരപ്രദേശങ്ങള്‍ പലപ്പോഴും അമൂല്യമായ ധാതു നിക്ഷേപങ്ങള്‍ (Mineral Sands) ഉള്ള മേഖലകളാണ് എന്നത് യാദൃശ്ചികമല്ല. കടലാമകളെ സംരക്ഷിക്കാനെന്ന വ്യാജേന ഈ പ്രദേശങ്ങളില്‍ നടത്തുന്ന പഠനങ്ങളും സര്‍വേകളും യഥാര്‍ത്ഥത്തില്‍ കടലിനടിയിലെയും തീരത്തെയും ധാതുവിഭവങ്ങളുടെ അളവ് തിട്ടപ്പെടുത്താനുള്ള കോര്‍പ്പറേറ്റ് തന്ത്രമാണ്.

ഈ നീക്കത്തെ ‘റെയര്‍ എര്‍ത്ത് കോറിഡോര്‍’ (Rare Earth Corridor) പദ്ധതിയുടെ മുന്നൊരുക്കമായി വേണം കാണാന്‍. 2026 ബജറ്റിലെ നയങ്ങള്‍ സൂചിപ്പിക്കുന്നത്, തന്ത്രപ്രധാനമായ ധാതുസമ്പത്ത് അതിവേഗം ഖനനം ചെയ്ത് കടത്തിക്കൊണ്ടുപോകാനുള്ള ഒരു പ്രത്യേക പാത (Corridor) സൃഷ്ടിക്കാനുള്ള നീക്കമാണ്.

കൊല്ലം, ആലപ്പുഴ തീരങ്ങളിലെ കരിമണല്‍ സമ്പത്ത് ഇതിനകം തന്നെ കണ്ണുവെക്കപ്പെട്ടു കഴിഞ്ഞു. ഇത് വെറുമൊരു ആരോപണമല്ല, മറിച്ച് ശാസ്ത്രീയ പഠനങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പാണ്.

കേരള സര്‍വകലാശാലയുടെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അക്വാട്ടിക് ബയോളജി ആന്‍ഡ് ഫിഷറീസ് ഉള്‍പ്പെടെയുള്ള ഗവേഷണ കേന്ദ്രങ്ങളിലെ അനലിസ്റ്റുകള്‍ നടത്തിയ പഠനങ്ങള്‍ ഈ ആശങ്കയെ ശരിവെക്കുന്ന ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവിടുന്നത്.

ഈ പഠനങ്ങള്‍ പ്രകാരം, കേരളത്തിന്റെ തെക്കന്‍ തീരപ്രദേശങ്ങളില്‍ മാത്രം ഏകദേശം 127 ദശലക്ഷം ടണ്ണിലധികം വരുന്ന ഇല്‍മനൈറ്റ്, മോണോസൈറ്റ്, റൂട്ടൈല്‍ തുടങ്ങിയ അമൂല്യമായ ഹെവി മിനറല്‍ നിക്ഷേപമുണ്ട്.

ബ്ലാക്ക് സാന്‍ഡ് ബീച്ച്. Photo: Discover South India

ഈ 127 ദശലക്ഷം ടണ്‍ ധാതുസമ്പത്ത് ‘റെയര്‍ എര്‍ത്ത് കോറിഡോര്‍’ വഴി കോര്‍പ്പറേറ്റുകള്‍ക്ക് ലഭ്യമാക്കുക എന്നതാണ് ബജറ്റിലെ ഒളിപ്പിച്ചുവെച്ച ലക്ഷ്യം. ബജറ്റിലെ പുതിയ പദ്ധതികള്‍ വഴി ഈ മേഖലയിലേക്ക് കടന്നുകയറുന്ന കോര്‍പ്പറേറ്റുകള്‍ ലക്ഷ്യമിടുന്നത് ഈ സമ്പത്താണ്.

കടല്‍ത്തട്ടിലെ ഖനനത്തിലൂടെ (Deep Sea Mining) സമുദ്ര ആവാസവ്യവസ്ഥയുടെ 45 മുതല്‍ 60 ശതമാനം വരെ നാശത്തിന് ഇത് കാരണമാകുമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. സമുദ്രത്തിന്റെ അടിത്തട്ട് ഇളക്കിമറിക്കുന്നത് വഴി മത്സ്യസമ്പത്തിന്റെ പ്രജനനത്തെ ഇത് ഗുരുതരമായി ബാധിക്കും.

ഇതിന്റെ ഫലമായി പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗ്ഗത്തില്‍ 70 ശതമാനത്തോളം ഇടിവ് സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.

പ്രകൃതിയിലെ ചെറിയ മാറ്റങ്ങള്‍ പോലും വിദൂര ഭാവിയില്‍ വലിയ ദുരന്തങ്ങള്‍ക്ക് കാരണമാകുമെന്ന ‘ബട്ടര്‍ഫ്‌ളൈ ഇഫക്റ്റ്’ (Butterfly Effect) സിദ്ധാന്തം ഇവിടെ ഏറെ പ്രസക്തമാണ്. കേരളത്തിന്റെ തീരക്കടലില്‍ (Continental Shelf) നടക്കുന്ന ഇത്തരം അശാസ്ത്രീയമായ ഇടപെടലുകള്‍ കേവലം മത്സ്യസമ്പത്തിനെ പാടെ നശിപ്പിക്കുക മാത്രമല്ല, മറിച്ച് നമ്മുടെ കാലാവസ്ഥയെയും മണ്‍സൂണ്‍ ക്രമത്തെയും വരെ തകിടം മറിക്കാന്‍ പോന്നതാണ്.

കടല്‍ത്തട്ടിലെ ഘടന മാറ്റുന്നത് കേരളത്തില്‍ ഇപ്പോള്‍ തന്നെ രൂക്ഷമായ തീരശോഷണം (Coastal Erosion) വര്‍ദ്ധിപ്പിക്കുകയും, കാലാവസ്ഥാ വ്യതിയാനത്തെ ത്വരിതപ്പെടുത്തുകയും ചെയ്യും. ഇത് കേരളത്തിന്റെ മണ്‍സൂണ്‍ ക്രമത്തെ തെറ്റിക്കുകയും, പ്രളയത്തിനും വരള്‍ച്ചയ്ക്കും ഒരേസമയം കാരണമാവുകയും ചെയ്യും.

ഇതിനോടൊപ്പം അതീവ ഗൗരവത്തോടെ ചേര്‍ത്തു വായിക്കേണ്ടതാണ് നാളികേര വികസനത്തിന്റെ പേരില്‍ നടക്കുന്ന നീക്കങ്ങളും. ഇത് കേവലം കാര്‍ഷിക പാക്കേജല്ല, മറിച്ച് തീരദേശ ഭൂമിയുടെ നിയന്ത്രണം കര്‍ഷകരില്‍ നിന്ന് തട്ടിയെടുത്ത് വന്‍കിട കമ്പനികള്‍ക്ക് നല്‍കാനുള്ള നീക്കമായി ഇതിനെ സംശയിക്കേണ്ടിയിരിക്കുന്നു.

നാളികേര വികസന ബോര്‍ഡുകളെയും പദ്ധതികളെയും ഉപയോഗപ്പെടുത്തി, ഖനന മേഖലകള്‍ക്ക് സമീപമുള്ള ഭൂമിയില്‍ ‘മോണോ കള്‍ച്ചര്‍’ നടപ്പാക്കാനും, അതുവഴി തന്ത്രപ്രധാനമായ തീരദേശ ഭൂമി കോര്‍പ്പറേറ്റുകളുടെ കൈവശം എത്തിക്കാനുമുള്ള ഗൂഢനീക്കമാണിത്.

കര്‍ഷകരെ ശാക്തീകരിക്കുന്നതിന് പകരം, അവരെ സ്വന്തം മണ്ണില്‍ നിന്ന് പരോക്ഷമായി കുടിയൊഴിപ്പിക്കാനും ഖനനത്തിനാവശ്യമായ ലോജിസ്റ്റിക് സൗകര്യങ്ങള്‍ ഒരുക്കാനും ഈ ‘വികസന’ പദ്ധതികള്‍ ഉപയോഗിക്കപ്പെടും.

ചുരുക്കത്തില്‍, കേന്ദ്രസര്‍ക്കാര്‍ കേരളത്തില്‍ നടപ്പാക്കാന്‍ പോകുന്ന ‘ആമ സംരക്ഷണ’വും മറ്റ് പദ്ധതികളും നമ്മുടെ മണ്ണും ധാതുസമ്പത്തും അളന്നു തിട്ടപ്പെടുത്തി കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറാനുള്ള ‘സര്‍വേ’ മാത്രമാണെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.

കേരളത്തിന്റെ മണ്ണും വിഭവങ്ങളും പഠിച്ചുകൊണ്ട്, ഇവിടെ നിന്ന് എത്രത്തോളം മിനറല്‍ കൊണ്ടുപോകാന്‍ പറ്റും എന്നുള്ള വലിയ തന്ത്രമാണ് ഇതിലൂടെ നടപ്പിലാക്കുന്നത്.

രാജ്യം ഇക്കാലമത്രയും കേട്ടുകേള്‍വിയില്ലാത്ത നിലയിലുള്ള വലിയ പ്രകൃതി ചൂഷണമാണ് ‘റെയര്‍ എര്‍ത്ത് കോറിഡോറിലൂടെ’ നടക്കാന്‍ പോകുന്നത്. ഫെഡറല്‍ തത്വങ്ങളെ കാറ്റില്‍ പറത്തി, സംസ്ഥാനത്തിന്റെ അധികാരങ്ങള്‍ക്ക് മേല്‍ കുതിരകയറുന്ന ഈ ഫാസിസ്റ്റ് പ്രവണതയ്‌ക്കെതിരെയും, വരാനിരിക്കുന്ന ഈ വന്‍ പ്രകൃതി കൊള്ളയ്‌ക്കെതിരെയും ശക്തമായ രാഷ്ട്രീയ പ്രതിരോധം ഉയര്‍ത്തിക്കൊണ്ടുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

ഇത് കേവലം ഒരു ബജറ്റിന്റെ പ്രശ്‌നമല്ല, മറിച്ച് വരുംതലമുറയ്ക്ക് ജീവിക്കാന്‍ ഈ മണ്ണും കടലും ബാക്കിയുണ്ടാകുമോ എന്ന ചോദ്യമാണ്.

Content Highlight: Turtle and coconut are just a cover; the goal is a ‘Rare Earth Corridor’ and 127 million tons of mineral resources

അമിത് പ്രസാദ് കെ.

ചരിത്രവിദ്യാര്‍ത്ഥി, പ്രാസംഗികന്‍

We use cookies to give you the best possible experience. Learn more