| Wednesday, 19th March 2025, 9:59 pm

ഇസ്താംബുള്‍ മേയര്‍ അറസ്റ്റില്‍; തുര്‍ക്കി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് ഒതുക്കാനുള്ള ശ്രമമെന്ന് വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

അങ്കാറ: ഇസ്താംബുള്‍ മേയര്‍ എക്രെം ഇമാമോഗ്ലുവിനെ അറസ്റ്റ് ചെയ്ത് തുര്‍ക്കി പൊലീസ്. ഔദ്യോഗിക വസതിയില്‍ നിന്നാണ് മേയറെ കസ്റ്റഡിയിലെടുത്തത്. 2028ല്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിരിക്കെയാണ് ഇമാമോഗ്ലുവിനെതിരായ നടപടി.

കസ്റ്റഡിയിലെടുത്തിന് പിന്നാലെ കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് തീവ്രവാദം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ ഇമാമോഗ്ലുവിനെതിരെ ചുമത്തി. കഴിഞ്ഞ ദിവസം കൊള്ളയടിക്കാരായ ഒരു ക്രിമിനല്‍ ശൃംഖലയ്ക്ക് ഇമാമോഗ്ലുവ് നേതൃത്വം നല്‍കിയതായി പ്രോസിക്യൂട്ടര്‍മാര്‍ ആരോപിച്ചിരുന്നു.

ഇതിനുപിന്നാലെയാണ് ഇമാമോഗ്ലുവിനെ തുര്‍ക്കി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഇമാമോഗ്ലുവിന്റെ യൂണിവേഴ്‌സിറ്റി ഡിപ്ലോമ നിയമവിരുദ്ധമായി റദ്ദാക്കപ്പെപ്പെടുകയും ചെയ്തിരുന്നു.

തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗന്റെ കടുത്ത എതിരാളിയായാണ് ഇമാമോഗ്ലുവിനെ വിലയിരുത്തുന്നത്. തുര്‍ക്കി പ്രതിപക്ഷമായ റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിലേക്കുള്ള നോമിനി കൂടിയാണ് ഇമാമോഗ്ലുവ്.

51.14% വോട്ട് നേടിയാണ് ഇമാമോഗ്ലുവ് ഇസ്താംബുള്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. 2019ല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അപമാനിച്ചെന്ന് ആരോപിച്ച് ഇമാമോഗ്ലുവിനെ രണ്ട് വര്‍ഷത്തെ തടവിന് വിധിച്ചിരുന്നു. ഈ കേസിലെ വിധിക്കായി കാത്തിരിക്കവേയാണ് ഇമാമോഗ്ലുവിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തപ്പെടുന്നത്.

2019ല്‍ മോഷണം അടക്കമുള്ള ആരോപണങ്ങള്‍ ഉയര്‍ത്തി ഇമാമോഗ്ലുവിനെ മേയര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷം നേടി അദ്ദേഹം തെരഞ്ഞെടുക്കപ്പെടുകയും ഉണ്ടായി.

ഇപ്പോള്‍ ഏഴ് വര്‍ഷത്തിലധികം തടവും രാഷ്ട്രീയ വിലക്കും ലഭിക്കാവുന്ന ഏറ്റവും ഗുരുതരമായ കുറ്റങ്ങളാണ് മേയര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം 2028ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നേരത്തെ നടക്കാനുള്ള സാധ്യത കണക്കിലെടുത്തതാണ് ഇമാമോഗ്ലുവിനെതിരായ നടപടിയെടുത്തതെന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ പറയുന്നു.

നിലവില്‍ ഇമാമോഗ്ലുവുമായി ബന്ധമുള്ള നൂറിലധികം പേര്‍ അറസ്റ്റ് നേരിടുന്നുണ്ടെന്നാണ് വിവരം. ഇവരില്‍ രാഷ്ട്രീയ നേതാക്കള്‍, ജില്ലാ മേയര്‍മാര്‍, വിമത പത്രപ്രവര്‍ത്തകനായ ഇസ്മായില്‍ സയ്മാസ് തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു.

ഇതിനുപുറമെ ഇമാമോഗ്ലുവിന്റെ അറസ്റ്റിനെതിരായ പ്രതിഷേധങ്ങള്‍ക്ക് അടുത്ത നാല് ദിവസം തുര്‍ക്കി ഭരണകൂടം വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. എക്‌സ്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ്, ടിക് ടോക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്സസ് സര്‍ക്കാര്‍ പരിമിതപ്പെടുത്തിയതായി ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി നിരീക്ഷിക്കുന്ന അഭിഭാഷക ഗ്രൂപ്പായ നെറ്റ്‌ബ്ലോക്ക്‌സ് റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Turkish police detain Erdogan rival and Istanbul mayor Imamoglu

We use cookies to give you the best possible experience. Learn more