| Thursday, 11th December 2025, 9:56 pm

ഗസയിലെ അന്താരാഷ്ട്ര സ്ഥിര സേനയിൽ തുർക്കി പങ്കാളിയാവണം: യു.എസ് പ്രതിനിധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്താംബുൾ: യു.എൻ പ്രമേയം അനുസരിച്ച് ഗസയിൽ വിന്യസിക്കുന്ന അന്താരാഷ്ട്ര സ്ഥിര സേനയിൽ തുർക്കി പങ്കാളിയാവണമെന്ന് യു.എസ് പ്രതിനിധി.

തുർക്കിയുടെ പങ്കാളിത്തം യുദ്ധാനന്തര വെടിനിർത്തൽ പദ്ധതിയുടെ ഭാഗമായി വരുന്ന അന്താരാഷ്ട്ര സ്ഥിര സേനയെ ശക്തിപ്പെടുത്തുമെന്ന് യു.എസ് അംബാസിഡറും സിറിയയുടെ പ്രത്യേക പ്രതിനിധിയുമായ ടോം ബരാക് പറഞ്ഞു.

ഗസയിൽ ഏറ്റവും ഫലപ്രദമായ കരസേനാ പ്രവർത്തനത്തിന് തുർക്കിക്ക് കഴിയുമെന്നും ഹമാസുമായി സംഭാഷണം നടത്തുന്നതിനാൽ സേനയുടെ ഭാഗമാകുന്നത് ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തുർക്കി അന്താരാഷ്ട്ര സ്ഥിര സേനയിൽ പങ്കെടുക്കാൻ തയ്യാറാണെന്ന സൂചന നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

സമാധാന പ്രക്രിയയെ പിന്തുണയ്ക്കുന്നതിന് തുർക്കി എന്തിനും തയ്യാറാണെന്ന് വിദേശകാര്യ മന്ത്രി ഹകാൻ ഫിദാൻ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.
തുർക്കിക്ക് നേതൃത്വപരമായ പങ്കുവഹിക്കാൻ കഴിവുണ്ട്. അതുകൊണ്ടുതന്നെ നിരവധി രാജ്യങ്ങൾ തുർക്കി സേനയിൽ വേണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും തുർക്കിയിലെ സൈനികരെ സേനയിലേക്ക് സംഭാവന ചെയ്യാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എല്ലാ കക്ഷികളുടെയും നിലപാടുകളെ ആശ്രയിച്ചാണ് പങ്കാളിത്തം തീരുമാനിക്കുകയുള്ളുവെന്നും ഹകാൻ ഫിദാൻ അറിയിച്ചിരുന്നു.

യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമാധാന പദ്ധതി പ്രകാരം ഒക്ടോബർ പത്തിന് വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നിരുന്നു. തുടർന്ന് ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗൺസിൽ സമാധാന പദ്ധതി അംഗീകരിച്ചുകൊണ്ടുള്ള പ്രമേയം പാസാക്കി.

മേഖലയിലെ പുനർനിർമാണത്തെ പിന്തുണയ്ക്കുന്നതിനായി ഒരു സമാധാന ബോർഡ് രൂപീകരിക്കാനും അന്താരാഷ്ട്ര സ്ഥിര സേനയെ വിന്യസിക്കാനും ഈ പ്രമേയം അംഗീകാരം നൽകിയിരുന്നു.

Content Highlight: Turkey should be part of the international permanent force in Gaza: US representative

We use cookies to give you the best possible experience. Learn more