| Friday, 13th November 2026, 5:50 pm

സമാധാനം ആഗ്രഹിക്കുന്നില്ലെന്ന് ഇസ്രഈൽ വീണ്ടും തെളിയിക്കുന്നു; ആശുപത്രിക്ക് നേരെ ഇസ്രഈൽ ആക്രമണം; അപലപിച്ച് തുർക്കി

ശ്രീലക്ഷ്മി എ.വി.

അങ്കറ: ഗസയിലെ നാസർ ആശുപത്രിക്ക് നേരെയുള്ള ഇസ്രഈൽ ആക്രമണത്തെ അപലപിച്ച് തുർക്കി. ഖാൻ യൂനിസിലെ നാസർ ആശുപത്രിക്ക് നേരെ ഇസ്രഈൽ നടത്തിയ ആക്രമണം ഗുരുതരമായ നിയമലംഘനമാണെന്ന് തുർക്കി വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

‘ഖാൻ യൂനിസിലെ നാസർ ആശുപത്രിക്ക് നേരെ ഇസ്രഈൽ നടത്തിയ ആക്രമണത്തിൽ മെഡിക്കൽ ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഇതിനെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു.’ തുർക്കി വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

ഇസ്രഈൽ നടത്തിയ ആക്രമണം അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണെന്നും വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും ഫലസ്തീനികളെ കൊന്നൊടുക്കുന്ന ഇസ്രഈൽ സമാധാനം ആഗ്രഹിക്കുന്നില്ലെന്ന് വീണ്ടും തെളിയിക്കുകയാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

‘ഫലസ്തീൻ ജനതയെ സംരക്ഷിക്കുന്നതിനും സമാധാനവും സ്ഥിരതയും സ്ഥാപിക്കുന്നതിനും ആവശ്യമായ നടപടികൾ അന്താരാഷ്ട്ര സമൂഹം സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നു.’ തുർക്കി വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

വ്യാഴാഴ്ച പുലർച്ചെ ഉണ്ടായ ഇസ്രഈലിന്റെ ആക്രമണത്തിൽ ആശുപത്രിയിലെ മെഡിക്കൽ സ്റ്റാഫ് ഉൾപ്പടെ ആറുപേർ കൊല്ലപ്പെട്ടെന്നും 20 പേർക്ക് പരിക്കേറ്റെന്നും ഗസ സിവിൽ ഡിഫെൻസ് സർവീസ് വക്താവിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു.

ആശുപത്രിയിലെ സർജിക്കൽ വിഭാഗത്തിലാണ് ഇസ്രഈൽ വ്യോമാക്രമണം നടത്തിയത്. ആക്രമണത്തെ തുടർന്ന് ആശുപത്രിയിൽ വൻ നാശനഷ്ടങ്ങൾ സംഭവിച്ചതായി ഗസ സിവിൽ ഡിഫെൻസ് വക്താവ് മഹ്മൂദ് ബസാൽ അറിയിച്ചിരുന്നു.

ഹമാസ് പോരാളികളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രഈൽ സൈന്യം അവകാശപ്പെടുന്നത്. ഇസ്രഈൽ നാസർ ആശുപത്രിക്ക് നേരെ നടത്തിയ ആക്രമണം പൂർണമായും യുദ്ധ കുറ്റകൃത്യമാണെന്ന് ഹമാസ് ചൂണ്ടിക്കാട്ടി.

ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും അക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് ഉയരുന്നത്.

Content Highlight: Turkey condemns the Israeli attack on Nasser Hospital in Gaza

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more