അങ്കാറ: ഗസയില്‍ വംശഹത്യ നടത്തുന്ന ഇസ്രഈലിനെതിരെ കനത്ത നടപടി സ്വീകരിക്കാനൊരുങ്ങി തുര്‍ക്കി. ഇസ്രഈല്‍ കപ്പലുകള്‍ക്ക് തുര്‍ക്കി തുറമുഖങ്ങളില്‍ വിലക്കേര്‍പ്പെടുത്തുമെന്ന് വിദേശകാര്യ മന്ത്രി ഹകാന്‍ ഫിദാന്‍ അറിയിച്ചു.
ഒപ്പം തുര്‍ക്കി കപ്പലുകള്‍ ഇസ്രഈല്‍ തുറമുഖങ്ങള്‍ ഉപയോഗിക്കുന്നത് നിരോധിക്കാനും നീക്കമുണ്ട്. ഇസ്രഈല്‍ വിമാനങ്ങള്‍ക്ക് തുര്‍ക്കിയുടെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കാനും നിയന്ത്രണങ്ങള്‍ വരും.
‘ഇസ്രഈലുമായുള്ള വ്യാപാരം ഞങ്ങള്‍ പൂര്‍ണമായും നിര്‍ത്തിവെക്കുകയാണ്. ഇസ്രഈല്‍ കപ്പലുകള്‍ക്ക് മുന്നില്‍ ഞങ്ങളുടെ തുറമുഖങ്ങള്‍ അടക്കും. ഞങ്ങളുടെ കപ്പലുകള്‍ ഇസ്രഈല്‍ തുറമുഖങ്ങളിലേക്ക് പോകാന്‍ ഞങ്ങള്‍ അനുവദിക്കില്ല.
ഇസ്രഈലിലേക്ക് ആയുധങ്ങള്‍ കൊണ്ടുപോകുന്ന കണ്ടെയ്‌നര്‍ കപ്പലുകള്‍ ഞങ്ങളുടെ തുറമുഖങ്ങളില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല. അവരുടെ വിമാനങ്ങള്‍ ഞങ്ങളുടെ വ്യോമാതിര്‍ത്തിയിലേക്ക് കടക്കാനും സമ്മതിക്കില്ല,’ വിദേശകാര്യ മന്ത്രി ഹകാന്‍ ഫിദാന്‍ പറഞ്ഞു.
ഗസ – ഇസ്രഈല്‍ യുദ്ധം ആരംഭിച്ചതിന് പിന്നാലെ തുര്‍ക്കിയും ഇസ്രഈലും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഫലസ്തീനില്‍ ഇസ്രഈല്‍ വംശഹത്യയാണ് നടത്തുന്നതെന്ന് തുര്‍ക്കി നേരത്തെ ആരോപിച്ചിരുന്നു. ഗസയിലെ ഇസ്രഈലിന്റെ ആക്രമണത്തെ അവര്‍ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇസ്രഈല്‍ ഈ ആരോപണത്തെ നിഷേധിക്കുകയാണ് ചെയ്തത്. പിന്നാലെ ഇസ്രഈലിനെ പിന്തുണക്കുന്നത് നിര്‍ത്താന്‍ ലോകശക്തികളോട് തുര്‍ക്കി ആവശ്യപ്പെട്ടിരുന്നു. നിലവില്‍ തുര്‍ക്കി ഇസ്രഈലുമായുള്ള എല്ലാ വ്യാപാരങ്ങളും നിര്‍ത്തിവെച്ചിട്ടാണുള്ളത്.
Content Highlight: Turkey bans Israel; bans ships from ports and aircraft from airspace