| Friday, 12th September 2025, 9:53 pm

റിലീസ് ചെയ്ത് ഒന്നര വര്‍ഷത്തിന് ശേഷം പ്രൊമോ സോങ്ങുമായി മമ്മൂട്ടി? വല്ലാതെ നേരത്തെയാണല്ലോയെന്ന് സോഷ്യല്‍ മീഡിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള മമ്മൂട്ടിക്കമ്പനിയുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെച്ച പുതിയ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. മലയാളത്തിലെ മികച്ച റാപ്പര്‍മാരിലൊരാളായ ഇംബച്ചിയും കൂട്ടരുമാണ് വീഡിയോയിലുള്ളത്. സ്‌റ്റൈലിഷ് കോസ്റ്റിയൂമില്‍ വീഡിയോയുടെ അവസാനം മമ്മൂട്ടിയും പ്രത്യക്ഷപ്പെടുന്നുണ്ട്.

‘ദി വെയ്റ്റ് വോണ്ട് ബി ലോങ്’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ അവസാനിക്കുന്നത്. എന്താണ് ഈ ചെറിയ ഗ്ലിംപ്‌സ് കൊണ്ട് മമ്മൂട്ടിക്കമ്പനി ഉദ്ദേശിക്കുന്നതെന്ന് പലര്‍ക്കും വ്യക്തമായില്ല. ബിലാല്‍ അപ്‌ഡേറ്റാണെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും അതിനെ മറ്റ് ചിലര്‍ എതിര്‍ക്കുകയും ചെയ്യുന്നു. ടര്‍ബോയുടെ പ്രൊമോ സോങ്ങിന്റെ ഗ്ലിംപ്‌സാകാനാണ് സാധ്യത കൂടുതലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

2024 ജൂണില്‍ റിലീസ് ചെയ്ത ചിത്രത്തിന്റെ പ്രൊമോ സോങ് ഒന്നര വര്‍ഷത്തിന് ശേഷം പുറത്തിറക്കുന്ന അപൂര്‍വ മാര്‍ക്കറ്റിങ്ങാണ് ഇതെന്ന് പലരും പരിഹസിക്കുന്നുണ്ട്. ‘വല്ലാതെ നേരത്തെയാണല്ലോ’, ‘ബിലാലിന് കൂട്ടായി ഇറക്കിയാല്‍ പോരായിരുന്നോ’ എന്നെല്ലാം പോസ്റ്റിന് താഴെ പലരും കമന്റ് പങ്കുവെക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം മലയാളത്തിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു ടര്‍ബോയുടേത്.

മമ്മൂട്ടിക്കമ്പനി നിര്‍മിച്ച ഏറ്റവും ചെലവേറിയ ചിത്രം കൂടിയായിരുന്നു ടര്‍ബോ. മധുരരാജക്ക് ശേഷം മമ്മൂട്ടിയും വൈശാഖും ഒന്നിച്ച ചിത്രത്തിന് തിരക്കഥയൊരുക്കിയത് മിഥുന്‍ മാനുവല്‍ തോമസായിരുന്നു. ആക്ഷന്‍ ത്രില്ലറായി ഒരുങ്ങിയ ചിത്രം ആരാധകര്‍ക്ക് വലിയ ട്രീറ്റായിരുന്നു. ബോക്‌സ് ഓഫീസില്‍ 70 കോടിയോളമായിരുന്നു ടര്‍ബോ സ്വന്തമാക്കിയത്.

കന്നഡയിലെ മികച്ച നടന്മാരിലൊരാളായ രാജ് ബി. ഷെട്ടിയാണ് ചിത്രത്തില്‍ വില്ലനായി വേഷമിട്ടത്. അഞ്ജന ജയപ്രകാശ്, ശബരീഷ് വര്‍മ, ബിന്ദു പണിക്കര്‍, കബീര്‍ ദുഹാന്‍ സിങ് തുടങ്ങി വന്‍ താരനിരയായിരുന്നു ചിത്രത്തില്‍ അണിനിരന്നത്. കഴിഞ്ഞ വര്‍ഷം തിയേറ്ററുകളിലെത്തിയ ടര്‍ബോയുടെ പ്രൊമോ സോങ് അധികം വൈകാതെ പുറത്തുവിടുമെന്നാണ് കരുതുന്നത്.

കഴിഞ്ഞ നാല് മാസമായി സിനിമയില്‍ നിന്നും പൊതുരംഗത്ത് നിന്നും ഇടവേളയെടുത്ത് മമ്മൂട്ടി വിട്ടുനില്‍ക്കുകയായിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമാണ് അദ്ദേഹം മാറിനിന്നത്. അസുഖമെല്ലാം മാറി പൂര്‍ണ ആരോഗ്യവാനായി മമ്മൂട്ടി തിരിച്ചെത്തിയിരിക്കുകയാണ്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പാട്രിയറ്റില്‍ ഈ മാസം ഒടുവില്‍ അദ്ദേഹം ജോയിന്‍ ചെയ്‌തേക്കും.

Content Highlight: Turbo Movie promo song going to release after one year of movie release

We use cookies to give you the best possible experience. Learn more