| Saturday, 6th September 2025, 6:53 pm

വിജയ് നയിക്കുന്നതില്‍ എന്താണ് തെറ്റ്; ബി.ജെ.പി സഖ്യമുപേക്ഷിച്ചതിന് പിന്നാലെ പുതിയ സഖ്യത്തിന്റെ സൂചന നല്‍കി ദിനകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ സഖ്യം വിട്ടതില്‍ വിശദീകരണവുമായി എ.എം.എം.കെ (അമ്മ മക്കള്‍ മുന്നേറ്റ കഴകം) നേതാവ് ടി.ടി.വി ദിനകരന്‍. സഖ്യത്തിലേക്കുള്ള തങ്ങളുടെ തിരിച്ചുവരവിന്റെ ഭാവി എ.ഐ.എ.ഡി.എം.കെയുടെ തിരുത്തലിനെ ആശ്രയിച്ചിരിക്കുമെന്നും പാര്‍ട്ടിയുടെ ലക്ഷ്യം തന്നെ അപകടത്തിലാകുന്ന സാഹചര്യത്തില്‍ എങ്ങനെ എന്‍.ഡി.എക്കൊപ്പം തുടരാന്‍ സാധിക്കുമെന്നും ദിനകരന്‍ ചോദിച്ചു.

‘എന്‍.ഡി.എയിലെ ഞങ്ങളുടെ തുടര്‍ച്ച ഇ.പി.എസിന്റെ (എടപ്പാടി പളനിസ്വാമി) വിശ്വാസ വഞ്ചനയെ അംഗീകരിക്കുന്നതായി മാത്രമേ കാണൂ. ഞങ്ങളുടെ പാര്‍ട്ടിയുടെ ലക്ഷ്യം തന്നെ അപകടത്തിലാകുന്ന സാഹചര്യത്തില്‍ എങ്ങനെ എന്‍.ഡി.എയ്‌ക്കൊപ്പം തുടരാന്‍ സാധിക്കും. പന്ത് ഇപ്പോള്‍ എ.ഐ.എ.ഡി.എം.കെയുടെ കോര്‍ട്ടിലാണ്,’ ദിനകരന്‍ ശനിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.

2021ല്‍ ഐക്യത്തിനായി അമിത് ഷാ നടത്തിയ പരാജയപ്പെട്ട ശ്രമങ്ങളെ കുറിച്ചും ദിനകരന്‍ സംസാരിച്ചു.

‘എ.എം.എം.കെയുടെ ഉദ്ദേശമെന്തെന്നും, ഞങ്ങള്‍ ആര്‍ക്കെതിരെയാണ് നിലകൊള്ളുന്നതെന്നും അമിത് ഷാ മനസിലാക്കുന്നതുവരെ ഞങ്ങള്‍ കാത്തുനിന്നു. ആ ശ്രമം വിജയിച്ചില്ല. അന്ന് ഞാന്‍ തെരഞ്ഞെടുപ്പില്‍ പോലും മത്സരിച്ചിരുന്നില്ല. ഒരുപക്ഷേ തുടര്‍ച്ചയായ അവഗണനയായിരിക്കാം ഞങ്ങള്‍ സഖ്യമുപേക്ഷിക്കാന്‍ കാരണം.

എന്നിരുന്നാലും ഞങ്ങളുടെ ആദ്യ ഓപ്ഷന്‍ എന്‍.ഡി.എ തന്നെയാണ്. ഞങ്ങളെ തിരികെയെത്തിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവര്‍ വേണ്ടത് ചെയ്യണം,’ ദിനകരന്‍ പറഞ്ഞു.

2026 തെരഞ്ഞെടുപ്പിന് മുമ്പുള്ള തന്ത്രങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

‘2026ന് മുമ്പ് ഞങ്ങള്‍ക്ക് ഒരുപാട് ഓപ്ഷനുകളുണ്ട്. ഞങ്ങള്‍ കാര്യങ്ങളെല്ലാം ഡിസംബറോടെ തീരുമാനിക്കും. ഞങ്ങള്‍ ചേരുന്ന സഖ്യം വിജയിക്കും,’ ദിനകരന്‍ പറഞ്ഞു.

വിജയ് യുടെ തമിഴക വെട്രി കഴകം (ടി.വി.കെ)യുമായി കൈ കോര്‍ക്കാനുള്ള സാധ്യതയെ കുറിച്ചും ദിനകരന്‍ സൂചന നല്‍കി. ‘വിജയ് സഖ്യത്തെ നയിക്കുന്നതില്‍ എന്താണ് തെറ്റ്,’ എന്നായിരുന്നു ദിനകരന്റെ പ്രതികരണം.

ദേശീയ താത്പര്യം മുന്‍നിര്‍ത്തിയാണ് താന്‍ 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പിന്തുണച്ചതെന്നും നരേന്ദ്ര മോദി മൂന്നാം തവണയും പ്രധാനമന്ത്രിയായാല്‍ രാജ്യത്തിന് ഗുണം ചെയ്യുമെന്ന് താനും തന്റെ പാര്‍ട്ടിയും വിശ്വസിച്ചിരുന്നെന്നായിരുന്നു സഖ്യമുപേക്ഷിച്ചതിന് പിന്നാലെ ദിനകരന്‍ പറഞ്ഞിരുന്നത്.

‘ദേശീയ, സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ തമ്മില്‍ വ്യത്യാസമുണ്ട്. 2024ലെ സ്ഥിതിയല്ല, 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍. ഞങ്ങളുടെ കേഡര്‍മാരുടെയും ഭാരവാഹികളുടെയും വികാരം കണക്കിലെടുത്ത് ഡിസംബറില്‍ മാത്രമേ സഖ്യത്തെക്കുറിച്ച് തീരുമാനമെടുക്കുള്ളൂ,’ ദിനകരന്‍ പറഞ്ഞു.

അടുത്തിടെ എ.ഐ.എ.ഡി.എം.കെ നേതാവ് ഒ. പനീര്‍സെല്‍വം എന്‍.ഡി.എ വിട്ടിരുന്നു. വേണ്ടത്ര പരിഗണന ലഭിക്കാത്തതിനാലാണ് പനീര്‍ശെല്‍വം പാര്‍ട്ടി വിട്ടത്. ടി.വികെയോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ വന്നെങ്കിലും അദ്ദേഹം അതെല്ലാം തള്ളിക്കളയുകയായിരുന്നു. പനീര്‍സെല്‍വത്തിന് പിന്നാലെ ദിനകരനും എന്‍.ഡി.എ മുന്നണി വിട്ടത് തമിഴ് രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

Content Highlight: TTV Dinakaran on possibility of an alliance with Vijay’s TVK

We use cookies to give you the best possible experience. Learn more